നമ്മളിൽ പലരും ചെടിച്ചട്ടികൾ വാങ്ങുന്നതിന് ചിലവഴിക്കുന്നത് ഒരുപാട് പണമാണ്. എന്നാൽ നമ്മുടെ പൂന്തോട്ടത്തിന് അഴകേകുന്ന ചെടിച്ചട്ടികൾ ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ നിർമ്മിക്കാം. മണ്ണും സിമൻറും അച്ചിനായി ഒരു പ്ലാസ്റ്റിക്ക് ചെടിച്ചട്ടിയും മാത്രമാണ് ആവശ്യമായി വേണ്ടത്. ഒരു പത്രത്തിൽ അരിച്ചെടുത്ത 5 ചിരട്ട മണ്ണ് എടുത്ത് ഇതിലേക്ക് 3 ചിരട്ട സിമൻറ് ചേർത്ത് കൊടുക്കുക. മണ്ണും സിമൻറും നന്നായി ഇളക്കി അവ രണ്ടും മിക്സ് ആയ ശേഷം കുറച്ച് വെള്ളം തവണകളായി ചേർത്ത് ഇളക്കുക. വെള്ളം അധികമാകാതെ ശ്രദ്ധിക്കുക. വെള്ളം ആവശ്യമെന്ന് തോന്നിയാൽ വെള്ളം തളിച്ച് മാത്രം ഇളക്കുക. ചെടിച്ചട്ടി നിർമ്മിക്കാവുന്ന പരുവമാകുന്നത് വരെ ഇത് തുടരുക. ശേഷം പ്ലാസ്റ്റിക്ക് ചെടിച്ചട്ടി എടുത്ത് ഉൾഭാഗം തുണി ഉപയോഗിച്ച് എണ്ണ പുരട്ടി എടുക്കുക. മറ്റൊരു പാത്രത്തിൽ ഗ്രൗട്ട് നിർമ്മിക്കാനായി സിമൻ്റ് എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി കോട്ടിംഗിനുള്ള പരുവമാക്കണം. എണ്ണ പുരട്ടിയ ചട്ടിയിലേക്ക് ഈ മിശ്രിതം ഒഴിച്ച് ചട്ടി ചുറ്റിച്ച് എല്ലാ വശങ്ങളിലും സിമൻറ് നല്ല രീതിയിൽ പുരണ്ടു എന്ന് ഉറപ്പ് വരുത്തുക. ഇതിന് മുകളിലേക്ക് എല്ലാ വശങ്ങളിൽ സിമൻ്റ് തളിച്ചു കൊടുക്കുക. മണ്ണ് ആ ചട്ടിയിലേക്ക് ഒരേ അളവിൽ ഇട്ട് കൊടുക്കാം.
താഴെ മണ്ണിട്ടതിന് ശേഷം നന്നായി അമർത്തി ലെവൽ ചെയ്തു കൊടുക്കാം. താഴ്ഭാഗം ലെവൽ ചെയ്ത ശേഷം ചട്ടിയുടെ എല്ലാ വശങ്ങളിലും ഇത് പോലെ മണ്ണിട്ട് ലെവൽ ചെയ്ത് എടുക്കേണ്ടതുണ്ട്. ചട്ടിയുടെ അഗ്രഭാഗം ലെവൽ ചെയ്യുമ്പോൾ ഒരേ അളവിൽ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് മറ്റൊരു പ്ലാസ്റ്റിക്ക് ചട്ടി എടുത്ത് താഴ്ഭാഗം ഇതിലേക്ക് ഇറക്കി വെക്കാം. ചട്ടി ചെറുതായി കറക്കി കൊടുത്തുകൊണ്ട് ഇറക്കി വെക്കുക. ശേഷം അഗ്രഭാഗങ്ങൾ വീണ്ടും മണ്ണിട്ട് തേപ്പ് കരണ്ടി ഉപയോഗിച്ച് ലെവൽ ചെയ്യുക. ലെവൽ ചെയ്ത ശേഷം അരികുകളിൽ മുൻപ് തയ്യാറാക്കി വെച്ച ഗ്രൗട്ട് തേക്കാം. ശേഷം മുകളിൽ വെച്ച ചട്ടി പതുക്കെ കറക്കി ഊരിയെടുക്കുക. ആവശ്യമെങ്കിൽ ഫിനിഷിംഗിന് വീണ്ടും ലെവൽ ചെയ്യാം. ചട്ടിയുടെ താഴെ ഒരു കമ്പ് ഉപയോഗിച്ച് ദ്വാരമിട്ട ശേഷം 24 മണിക്കൂർ നേരം ഉണങ്ങാൻ വെക്കുക. 24 മണിക്കൂർ കഴിഞ്ഞ് ചട്ടി കമഴ്ത്തി വെച്ച് അതിന് മുകളിലേക്ക് ചൂടുവെള്ളം ഒഴിച്ച് കൊടുത്ത് ചട്ടിയുടെ എല്ലാ വശങ്ങളിലും തട്ടി കൊടുക്കുക. ചട്ടി ഊരിയെടുത്ത ശേഷം 2 ദിവസം വെള്ളത്തിൽ മുക്കി വെക്കുക. പിന്നീട് വെള്ള സിമൻ്റ് പൂശി നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറത്തിലെ പെയിൻ്റടിച്ച് ഉപയോഗിക്കാം.