എത് കാലാവസ്ഥയിലും പുതിന തഴച്ച് വളരാൻ ഇത് മാത്രം മതി

ധാരാളം ഓഷധ ഗുണമുള്ള ഒരു ഇലച്ചെടിയാണ് പുതിന. നമ്മളിൽ പലരുടെയും വീട്ടിൽ പുതിന വളർത്താറുമുണ്ട്.  ഏത് കാലാവസ്ഥയിലും പുതിന തഴച്ച് വളരാൻ ഇവ ചെയ്താൽ മതി. പുതിന കൃഷി തുടങ്ങുമ്പോൾ പ്രധാനമായും അറിയേണ്ട കാര്യങ്ങളുണ്ട്. സാധാരണ മൂന്ന് രീതിയിൽ പുതിന കൃഷി ചെയ്യാം. പുതിന കൃഷി ചെയ്യാൻ തൈകൾ വാങ്ങുമ്പോൾ മൂത്ത തണ്ടുകൾ നോക്കി വാങ്ങണം.

രീതി 1: നടുന്നതിന് മുൻപ് തണ്ടിലുള്ള ചെറിയ ഇലകൾ നില നിർത്തി വലിയ ഇലകൾ മാത്രം കളയുക. തണ്ടിൻ്റെ മുകളിൽ 2-3 ഇലകൾ അവശേഷിപ്പിക്കുക. ശേഷം മണ്ണിൽ കുറുകെ ഒരു ചാല് പോലെ കുഴിച്ച് തണ്ടിൻ്റെ മുകൾ ഭാഗം മണ്ണിന് മുകളിൽ നിർത്തി ബാക്കി ഭാഗം മണ്ണിട്ട് മൂടുക. എന്നാൽ തണ്ടിലെ മുളപ്പുകൾ മണ്ണിന് മുകളിലായിരിക്കണം എന്നതും പ്രധാനം. ഇങ്ങനെ ചെയ്താൽ തണ്ടുകളിൽ പെട്ടെന്ന് മുളപ്പ് വരും. 

രീതി 2: പുതിന വേരിറക്കിയ ശേഷവും നട്ട് വളർത്താവുന്നതുമാണ്. മൂത്ത തണ്ടുകൾ മുൻപ് ചെയ്ത പോലെ വലിയ ഇലകൾ മാറ്റി എടുക്കുക. ശേഷം ഒരു ഗ്ലാസ്സിൽ 1/4 അളവിൽ മാത്രം വെള്ളം നിറച്ച് തണ്ടുകൾ അതിലേക്ക് വെക്കുക. തണ്ടുകൾ കൂടുതൽ വെള്ളത്തിൽ മുങ്ങി നിക്കാൻ അനുവദിക്കരുത്. തണ്ടിൻ്റെ താഴ്ഭാഗം മാത്രം വെള്ളത്തിൽ നിന്നാൽ മതി. ഒരാഴ്ച്ചയ്ക്ക് ശേഷം എല്ലാ തണ്ടുകൾക്കും വേര് വന്നിട്ടുണ്ടാകും. വൃത്തിയുള്ള വെള്ളവും ഗ്ലാസ്സുമാണ് ഉപയോഗിക്കേണ്ടത്. വേരു വന്ന തണ്ടുകൾ നടുന്നത് പെട്ടെന്ന് പുതിന തഴച്ച് വളരാൻ സഹായിക്കും. 

രീതി 3: പുതിന കർഷകൻ അവാർഡ് ലഭിച്ച ഹംസ ചെയ്യുന്ന രീതി ഏറെ ഫലപ്രദമാണ്.  മണ്ണൊരുക്കൽ പ്രക്രിയയും, അതിൽ ഒഴിക്കുന്ന ജൈവസ്ലറിയും ഈ രീതിയിൽ പ്രധാനം. ശരിയായ പി.എച്ച് ലെവലുള്ള മണ്ണാണെങ്കിൽ കുമ്മായവും ഡോളോമേറ്റും ചേർക്കേണ്ട. 1 ലിറ്റർ അളവിലുള്ള കപ്പിന് 10 കപ്പ് മണ്ണ് ഒരു പത്രത്തിലേക്ക് നിറയ്ക്കുക. 10 കപ്പ് മണ്ണിന് 3 കപ്പ് ചകിരിച്ചോറ്, 2 കപ്പ് കോഴിവളമോ, ചാണകമോ, ആട്ടിൻകാട്ടമോ പൊടിച്ചത്, ഇവ ചേർത്തിളക്കി ഈ മണ്ണ് ഗ്രോബാഗിലേക്ക് നിറയ്ക്കുക. ശേഷം പുതിന ഇതിൽ നടാം. എന്നാൽ 2 ആഴ്ച്ചത്തേക്ക് ഇവയിൽ മഴയോ വെയിലോ ഏൽക്കാത്ത രീതിയിൽ വെക്കുക. ഒരു നേരം മാത്രം കുറച്ച് വെള്ളം തളിച്ച് കൊടുക്കാം. അധികം വെള്ളം ഒഴിക്കാൻ പാടില്ല. രണ്ടാഴ്ച്ചക്ക് ശേഷം നേരിയ വെയിൽ മാത്രം ഏൽക്കുന്ന സ്ഥലത്തേക്ക് മാറ്റാമെങ്കിലും മഴ എൽക്കാതെ  സൂക്ഷിക്കുക. ശേഷം ജൈവസ്ലറി ഒഴിച്ച് കൊടുക്കാം. 

ജൈവസ്ലറി തയ്യാറാക്കുന്ന രീതി: പുളിച്ച കഞ്ഞിവെള്ളത്തിൽ കടലപിണ്ണാക്ക് ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ചാണകവും, പയറ് തൊലിയും ഇലകളുമിടാം. എന്നാൽ തയ്യാറാക്കി വച്ചിരിക്കുന്ന സ്ലറിയുടെ മുകളിലെ തെളിഞ്ഞ വെള്ളം 1 കപ്പിന്  4 കപ്പ് വെള്ളം ചേർത്താണ് പുതിനയിൽ ഒഴിക്കേണ്ടത്. ഈ സ്ലറി മല്ലിയിലും ചീരയ്ക്കും ഒഴിക്കാവുന്നതാണ്. ഒരു മാസത്തിനുള്ളിൽ തന്നെ പുതിന തഴച്ച് വളരും. പുതിന എടുക്കുമ്പോൾ ഇലകൾ നുള്ളാതെ മുറിച്ച് എടുക്കാൻ ശ്രദ്ധിക്കുക. 4 തവണ എടുത്ത ചെടി പുതിയ തൈകളായി നടാൻ ശ്രദ്ധിക്കുക. മഴയേൽക്കാതെ പുതിന സൂക്ഷിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുതിന ധാരളമായി വീട്ടിൽ കൃഷി ചെയ്യാം

പുതിന എല്ലാ വീട്ടിലും ആവശ്യമായ ഒന്നാണ്. പുതിനയിലകളിൽ പ്രോട്ടീൻ, ദാതുലവണങ്ങൾ, ഫോസ്ഫറസ്, കാത്സ്യം, വൈറ്റമിൻ, തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനശക്തിക്കും പുതിന വളരെ നല്ലതാണ്. ഒരു പിടി എടുത്ത് വെള്ളത്തിൽ ഇട്ട് വെക്കുന്നത് കൊതുകിൻ്റെ ശല്യം അകറ്റാം. വായ്നാറ്റത്തിനും ഗാസ് ട്രബിളിനും പുതിന ഫലപ്രദമാണ്. വെളിച്ചെണ്ണയിൽ പുതിനയിട്ട് കാച്ചുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 15 ദിവസം പുതിന നീരിൽ പനിനീര് ചേർത്തു 15 മിനിറ്റ് മുഖത്ത് പുരട്ടി കഴുകി കളയുന്നത്  മുഖക്കുരുവും കറുത്ത പാടുകളും മാറാൻ സഹായിക്കും. ആർത്തവ ദിനങ്ങളിലെ വയറുവേദന മാറാൻ ആർത്തവം വരുന്നതിന് 5 ദിവസങ്ങൾക്ക് മുൻപ് 10 ml പുതിനയും 5 ml തേനും ഒരു നുള്ള് കുരുമുളക് പൊടിയും ചേർത്ത് 5 ദിവസം മൂന്ന് നേരം കഴിക്കാo. 

Leave a Reply

Your email address will not be published. Required fields are marked *