അടുക്കളയിൽ എപ്പോഴും ആവശ്യമുള്ള ഒരു സസ്യമാണ് മല്ലി. മല്ലി ഇലകൾ വിഭവങ്ങളിൽ ചേർക്കുന്നത് മാത്രമല്ല, ധാരാളം ഔഷധ ഗുണവും മല്ലിയിൽ അടങ്ങിയിട്ടുണ്ട്. നല്ല തിളക്കമുള്ള പച്ച ഇലകളും പരന്നതും നേർത്തതുമായ തണ്ടുമാണ് മല്ലിയുടേത്. മല്ലി വിത്തുകളിലും ഔഷധം അടങ്ങിയതിനാൽ ഫ്ലേവറിംഗ് കണ്ടന്റ് ആയി ഉപയോഗിക്കുന്നു.
മല്ലിയുടെ ഉണങ്ങിയ വിത്തുകളിൽ അടങ്ങിയിട്ടുള്ള എണ്ണകൾ ഔഷധ വ്യവസായത്തിൽ ദുർഗന്ധം മറയ്ക്കുന്നതിനും കയ്പ്പ് മാറുന്നതിനും ഉപയോഗിക്കുന്നു. മല്ലിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. , ഇത് ചട്ണി, സൂപ്പ്, സോസുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തമിഴ്നാട്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് ഇന്ത്യയിൽ മല്ലി ഉത്പാദിപ്പിക്കുന്ന പ്രധാന സ്ഥലങ്ങൾ
ഏത് കാലാവസ്ഥയിലും മല്ലി വീടിനുള്ളിൽ വളർത്താം. എന്നിരുന്നാലും, വേനൽക്കാലത്ത് മല്ലി വളരുന്നത് പ്രയാസമാണ്. ഒരു മല്ലി 40 മുതൽ 45 ദിവസത്തിനുള്ളിൽ തികച്ചും വളർന്നു ഇരിക്കും .
വീട്ടിൽ മല്ലി തോട്ടം :
രണ്ടു രീതികളിലാണ് മല്ലി വാങ്ങാൻ ലഭിക്കുന്നത്. ഒന്ന് മല്ലി വിത്തും രണ്ട് മല്ലി ബോൾസും. ഇവ രണ്ടും ഉപയോഗിച്ച് കൃഷി ചെയ്യാം. ഈ മല്ലിവിത്തോ മല്ലി ബോൾസോ 5-6 മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ടു വെക്കുക .
ചെറിയ കപ്പുകളിലോ, ഗ്രോബാഗിലോ , ചെടിച്ചട്ടികളിലോ നടാം. കുമ്മായവും മണ്ണും ചേർത്തിളക്കിയ മിശ്രിതത്തിലേക്ക് ഉണക്കച്ചാണക പൊടി വേപ്പിൻ പിണ്ണാക്ക്, എന്നിവ ചേർത്ത് ചട്ടിയുടെ മുക്കാൽ ഭാഗംവരെ നിറക്കുക. മണ്ണ് നനച്ച് കൊടുക്കുകയും വെള്ളത്തിട്ട് വെച്ച മല്ലി ബോൾസ് കൈ കൊണ്ട് നന്നായി ഞെരടി , അവയുടെ പുറമെ ഉള്ള തോടുകൾ ഇളകും വിധമാക്കി രണ്ടായി പിളർന്ന് ചട്ടിയിലേക് വിതറുക. ഇത് മല്ലി പെട്ടെന്ന് മുളക്കാൻ സഹായിക്കും. ഇടക്ക് വെള്ളം തളിച്ച് കൊടുക്കാം.
10-15ദിവസം കൊണ്ട് മല്ലി ചെടിയിൽ മുളപ്പ് വരുകയും 20 ദിവസത്തിനുള്ളിൽ ഇലകൾ വന്നു തുടങ്ങുകയും ചെയ്യും . വെള്ളം ഒഴിച്ച് കൊടുക്കുന്നത് മണ്ണിളകാൻ സാധ്യതയുള്ളതിനാൽ തളിച്ച് കൊടുക്കാൻ ശ്രദ്ധിക്കണം.
ഇങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതിനാൽ വീട്ടിലെ ആവശ്യങ്ങൾക്ക് സ്വന്തം തോട്ടത്തിൽ നിന്നും എടുക്കാം.