ടാൽക്കം പൗഡറിൻ്റെ ഇതുവരെ കേട്ടിട്ടില്ലാത്ത 20 ഉപയോഗങ്ങൾ

നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് ടാൽക്കം പൗഡർ. നമ്മളിൽ പലരും അത് ഉപയോഗിക്കുന്നവരുമാണ്. ഈ പൗഡർ കൊണ്ട് നിങ്ങൾ അറിയാതെ പോയ, എന്നാൽ അറിഞ്ഞിരിക്കേണ്ട 20 ഉപയോഗങ്ങളുണ്ട്.
നമ്മൾ ചില മോതിരങ്ങളിട്ട് അത് ഊരി വെക്കാതെയിരിന്ന് പിന്നീട് അഴിക്കേണ്ടി വന്നാൽ മോതിരം ഊരുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, വിരലിന് ചുറ്റും കുറച്ച് പൗഡറിട്ട ശേഷം ശ്രമിച്ചാൽ പെട്ടെന്ന് ഊരാനാകും. ഇത് പോലെ, വളകൾ ഊരാനും പൗഡർ ഉപയോഗിക്കാം. നമ്മുടെ വീട്ടിൽ ആണികളോ സേഫ്റ്റികളോ കുറച്ചധികം കാലം ഇരുന്നാൽ തുരുമ്പ് പിടിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ ഇവ ഇട്ട് വെക്കുന്ന പാത്രത്തിൽ കുറച്ച് പൗഡർ വിതറി സൂക്ഷിക്കാം. ഗോൾഡ് കവറിംഗ് ചെയുന്ന വള, മാല തുടങ്ങിയ ആഭരണങ്ങൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഒരു പ്രശ്നമാണ് കളർ മങ്ങുന്നതും ക്ലാവ് പിടിക്കുന്നതും. ഇത് പരിഹരിക്കാൻ ഉപയോഗിച്ച ശേഷം കഴുകി വൃത്തിയായി തുടച്ചതിന് ശേഷം ഇവ ഇട്ട് വെക്കുന്ന പാത്രത്തിൽ കുറച്ച് പൗഡർ വിതറി ആഭരണത്തിലും പുരട്ടിയ ശേഷം എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാം. അവ പുതിയത് പോലെ തന്നെ ഇരിക്കും. പാദസ്വരങ്ങൾ ഉപയോഗിക്കുന്നവർക്ക് പലപ്പോഴും പാദസ്വരങ്ങളിൽ വസ്ത്രങ്ങളിലെ നൂല് കയറി പിടിക്കുന്നത് പതിവാണ്. എന്നാൽ, കുറച്ച് പൗഡറിട്ടാൽ ഇത് വളരെ എളപ്പത്തിൽ എടുക്കാനാവും. മാലകളിൽ മുടി കുരുങ്ങിയാലും ഇത് പോലെ ചെയ്യാം.

പുരികം ത്രെഡ് ചെയുമ്പോൾ പലരും നല്ലത് പോലെ വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ, കുറച്ച് പൗഡർ പുരികത്തിൽ പുരട്ടിയ ശേഷം എടുത്താൽ വേദന കുറയും. നമ്മുടെ കപ്പ്ബോർഡിൽ എപ്പോഴും ഉപയോഗിക്കാത്ത സാരിയോ, മറ്റ് വസ്ത്രങ്ങളോ ഒരുപാട് നാൾ വെച്ചതിന് ശേഷം എടുക്കുപ്പോൾ പഴകിയ പോലെ മണം വരാറുണ്ട്. കുറച്ച് പൗഡർ കോട്ടൺ തുണിയിൽ പൊതിച്ച് വസ്ത്രത്തിനുള്ളിൽ വെക്കുന്നത് ഇത്തരം മണം മാറി സുഗന്ധം പരത്തും. വഴിലെ കണ്ണാടിയുടെ മങ്ങൽ മാറാൻ കുറച്ച് പൗഡർ വിതറി തൊടച്ചാൽ മതി. കണ്ണാടി വെട്ടിത്തിളങ്ങും. മുറിയിൽ ഉറുമ്പ് ശല്യമുണ്ടെങ്കിൽ അവിടെ ഉറുമ്പ് പൊടിയിടുന്നത് കുട്ടികൾ തൊട്ടാൽ ബുദ്ധിമുട്ടാണ്. പകരം കുറച്ച് പൗഡറിടുന്നത് വളരെ ഫലപ്രദമാണ്. ഗ്ലൗസുകൾ കഴുകിയ ശേഷം അവയുടെ ഉൾഭാഗം ഒട്ടിപ്പിടിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് കഴുകിയ ശേഷം നന്നായി ഉണക്കി പുറമെയും ഉള്ളിലും പൗഡറിട്ട് അതിട്ട് വെക്കുന്ന ബോക്സിലും പൗഡറിട്ട് വെച്ചാൽ മതി.

ബീച്ചിൽ പോകുമ്പോൾ നനഞ്ഞ മണ്ണ് നമ്മുടെ ശരീരത്ത് നിന്നും കളയുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, കുറച്ച് പൗഡറിട്ട ശേഷം തട്ടിക്കളഞ്ഞാൽ വേദനയില്ലാതെ എളുപ്പത്തിൽ മണ്ണ് പോകും. സെറാമിക്കിൻ്റെ കപ്പുകളോ ഫ്ലവർ വെയ്സോ താഴെ വീണ് പൊട്ടുമ്പോൾ ഗ്ലൂ ഉപയോഗിച്ച് നമ്മൾ ഒട്ടിക്കാറുണ്ട്. ഒട്ടിക്കേണ്ട ഭാഗങ്ങളിൽ ഗ്ലൂ ചെയ്യുന്നതിന് മുൻപ് പൗഡർ തൂകി കൊടുക്കുന്നത് അവ നന്നായി ഒട്ടാൻ സഹായിക്കും. കാർഡ്സ് സ്ഥിരമായി കളിക്കാതെ സൂക്ഷിച്ച് വെക്കുമ്പോൾ അവയുടെ നിറം മങ്ങുകയും ചീട്ടുകൾ തമ്മിൽ ഒട്ടിപ്പിടിക്കാതെയിരിക്കാൻ പൗഡർ തൂകിയ ശേഷം ബോക്സിൽ വെക്കുക. കാരംസ് പൗഡറിന് പകരമായും ടാൽക്കം പൗഡർ ഉപയോഗിക്കാം. വസ്ത്രങ്ങളിൽ എണ്ണക്കറ പറ്റിയാൽ കുറച്ച് പൗഡർ കറയുള്ള ഭാഗത്ത് തുണിയുടെ ഇരുവശങ്ങളിലും ഇട്ട് കൊടുത്ത് 5-10 മിനിറ്റ് വെക്കുക. ശേഷം പൗഡർ തട്ടിക്കളയുമ്പോൾ കറ പോയതായി കാണാം. കറ പൂർണ്ണമായും പോയില്ലെങ്കിൽ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാൽ തുണിയിലെ പാട് പൂർണ്ണമായും മാറും. സോക്സിൽ നിന്നും ദുർഗന്ധം വരാതെയിരിക്കാൻ ഇടുന്നതിന് മുൻപായി കുറച്ച് പൗഡറിടുന്നത് വളരെ ഫലപ്രദമാണ്. ഇത്പോലെ, കാർപ്പറ്റുകളിൽ നിന്നും ദുർഗന്ധമകറ്റാൻ ഇടക്ക് പൗഡർ തൂകുന്നത് ഉപകാരപ്രദമാണ്. ബെഡ്ഷീറ്റുകളിൽ ഈർപ്പം തട്ടിയുണ്ടാകുന്ന ദുർഗന്ധമകറ്റാനും പൗഡർ തൂകാം. ചെറിയ കുഞ്ഞുങ്ങൾ കുളി കഴിഞ്ഞ് വരുമ്പോൾ വെള്ളം തങ്ങി ജലദോഷവും പനിയും വരാതിരിക്കാൻ രാസ്നാദി പൊടി തലയിലിടുന്ന പതിവുണ്ട്. എന്നാൽ രാസ്നാദി പൊടിക്ക് പകരം ടാൽക്കം പൗഡറും ഇടാവുന്നതാണ്. മുഖത്തിടുക മാത്രമല്ല, ധാരാളം ഉപയോഗങ്ങളും ഇതിനുണ്ട്. ഇനി കാലാവധി കഴിഞ്ഞ കാരണത്താൽ പൗഡർ കളയാതെ ഇതു പോലെ പല രീതികളിൽ നമുക്ക് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *