മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പ്രിയ താരങ്ങളായ മാമൂക്കോയയുടെയും മോളി ചേച്ചിയുടെയും മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മലയാളികളെ രസിപ്പിച്ച മോളി കണ്ണമാലിയെ സ്നേഹത്തോടെ മോളി ചേച്ചി എന്ന് വിളിക്കാനാണ് മലയാളികൾക്ക് ഇഷ്ടം.മോളി ചേച്ചിയുടെ ഫോട്ടോകൾക്ക് തൊട്ട് പിന്നാലെ ആണ് അടുത്ത ഞെട്ടിക്കുന്ന ലുക്കുമായി മാമുക്കോയ എത്തിയത്.
റെയിൻബോ മീഡിയ നടത്തിയ ഫോട്ടോഷൂട്ടിൽ കോട്ടും സൂട്ടും ഷെയ്ഡ്സുമൊക്കെ വെച്ച് സ്റ്റൈലിഷ് ലുക്കാണ് മാമൂക്കോയയുടേത്. അടുത്ത കാലത്ത് ട്രോളന്മാർ മാമ്മൂകോയയുടെ ഡയലോഗുകളും തഗ്ഗ്ലൈഫ് സീനുകളും മീമുകൾ ഇറക്കിയിരുന്നു. ഇപ്പോൾ ഫോട്ടോഷൂട്ടും വൈറലായതോടെ മാമൂക്കോയ സ്റ്റാറാണ്. ഫാഷൻ ഫോട്ടോഗ്രാഫർ ശരത് ആലിൻതറയാണ് ചിത്രങ്ങൾ എടുത്തത്. മേക്കപ്പ് ആർട്ടിസ്റ്റ് വിദ്യ സ്റ്റൈലിംഗും.
മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഒട്ടേറെ അവാർഡുകൾക്കും അർഹനായി. നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. 2008-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും 2004-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന പുരസ്ക്കാരവും അദ്ദേഹം നേടി.
ഡയലോഗ് ഡെലിവറിയും ശൈലി കൊണ്ടും മലയാളി മനസുകളുടെ ശ്രദ്ധ പിടിച്ചപറ്റിയ കൊച്ചിക്കാരിയായ മോളി ചേച്ചിയും ഒട്ടും പിന്നിൽ അല്ല. ‘കറുപ്പിന്റെ കരുത്ത്’ എന്ന ആശയത്തിൽ മനോരമയുടെ ‘ആരോഗ്യം’ മാസികയാണ് ഫോട്ടോഷൂട്ട് നടത്തിയത്. മോഡേൺ ലുക്കിൽ ബൂട്ട്സും പാൻറ്സും ടെർട്ടിൽ നെക്ക് ടോപ്പും ഹെയർസ്റ്റൈലുമായ് മോളി കണ്ണമാലി ആരോഗ്യമാസികയുടെ ജൂലൈ പതിപ്പിൽ കവർ പേജിൽ എത്തി.
അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ്ന് നേരെ ഉണ്ടായ അതിക്രമവും തുടർന്നുണ്ടായ #blacklivesmatter ക്യാമ്പയിന്റ്റെ പശ്ചാത്തലത്തിലാണ് കറുപ്പിന്റെ കരുത്ത് എന്ന ആശയം വന്നത്. മുൻപ് സിനിമയിൽ മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞിട്ടുണ്ടെങ്കിലും ഇതുപോലെ ആദ്യമെന്ന് മോളി ചേച്ചി. ചവിട്ട് നാടകത്തിലൂടെ സിനിമയിലെത്തിയ മോളി ചേച്ചി ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയമായി.