കിച്ചൻ ഓർഗനൈസ് ചെയ്യുമ്പോഴാണ് പാചകം ഏറെ എളുപ്പമാകുന്നത്, പ്രത്യേകിച്ച് ഒരു ചെറിയ അടുക്കളയിൽ. പരിമിത സൗകര്യത്തിൽ നന്നായി കിച്ചൻ ഉപയോഗിക്കാൻ, ഓപ്പൺ ഷെൽഫ് ഉപയോഗിക്കാറുണ്ട്. ഷെൽഫുകൾ, കപ്ബോർഡുകൾ ഇവയൊന്നും ഇല്ലാതെ കണ്ടെയ്നറുകളും മറ്റും വെക്കാൻ ഒരു ഉഗ്രൻ സ്റ്റാൻഡ് ഇനി വീട്ടിൽ ആർക്കും എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയും.
സ്റ്റാൻ്റ് നിർമ്മിക്കാൻ ഒരു ചതുര ആകൃതിയിലുള്ള, നാലു വശങ്ങളും അടഞ്ഞിരിക്കുന്ന കാർഡ്‌ബോർഡും, ഫെവിക്കോളും, ഗ്ലു ഗൺ, തെർമോക്കോളും മാത്രം മതി. കാർഡ്ബോർഡിന്റെ മുകളിലെയും താഴത്തെയും ഭാഗങ്ങളിൽ അടയാൻ പ്രയാസമുള്ള ഭാഗങ്ങളിൽ സ്റ്റാപ്ലർ വെച്ച് ബന്ധിപ്പിക്കുക . തെർമോക്കോൾ കാർഡ്ബോർഡിന്റെ പകുതി അളവിൽ 7-8 കഷ്ണങ്ങളായി മുറിച്ച് ഗ്ലൂ ഗണ്ണുപയോഗിച്ച് കാർഡ്ബോർഡിന്റെ മുകളിൽ സ്റ്റെപ്പിന്റെ ആകൃതിയിൽ വെക്കാം. ഇത് ബലമായി നില്ക്കാൻ തെർമോക്കോൾ 3-4 ലെയറായി അടുക്കി ഒരു സെറ്റ് ആക്കിയാണ് വെക്കേണ്ടത്. ഇത് ആദ്യത്തെ ലെയറാക്കിയ ശേഷം അടുത്ത സെറ്റ് തെർമോക്കേൾ ഇതിന് മുകളിലായി മറ്റൊരു സ്റ്റെപ്പ് പോലെ ഒട്ടിക്കാം .
അലങ്കാരത്തിനായി ഭംഗിയുള്ള പഴയ തുണികൾ ഉപയോഗിച്ച്, തെർമോക്കോളും, കാർഡ്ബോർഡും കാണാത്ത വിധത്തിൽ മുഴുവൻ കവർ ചെയ്ത് ഒട്ടിച്ച് എടുക്കാം. അര മണിക്കൂറിന് ശേഷം കണ്ടെയ്നറുകൾ ഈ സ്റ്റാൻ്റിൽ ഒതുക്കി വെക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ അടുക്കളയിലേക്ക് ഒരു മനോഹരമായ സ്റ്റാൻറ് റെഡി.