വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ചും ബാത്ത് റൂമുകൾ.
ബാത്ത് റൂം മനോഹരമാക്കാൻ ഏറ്റവും പുതിയ രീതികളും, ഡിസൈനുകളും തേടുന്നവരാണ് നമ്മളിൽ പലരും. വീട് നിർമ്മിക്കുമ്പോൾ ബാത്ത് റൂമുകൾക്കും വാൾ ടൈലുകൾക്കും പ്രധാന്യം കൊടുക്കാറുണ്ട്. മനോഹരമായ ടൈലുകൾ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് പുതുമയും വൃത്തിയും നിലനിർത്തുക എന്നത്. ദിവസേനയുള്ള ഉപയോഗം മൂലം ബാത്ത് റൂമുകളിൽ വാട്ടർ സ്റ്റെയിൻ, ഗ്രിം, പൂപ്പൽ, സോപ്പിൻ്റെ അംശങ്ങൾ പോലുള്ള അഴുക്കുകൾ കാണാനിടയാകും. മങ്ങിയതും വൃത്തിഹീനവുമായ ബാത്റൂമുകളിൽ ആരും ആഗ്രഹിക്കില്ല.
വൃത്തിയാക്കുന്നതിനായി കടകളിൽ നിന്നും വാങ്ങുന്ന ക്ലീനിംഗ് ഉൽപ്പന്നങ്ങളിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ അവ മനുഷ്യശരീരത്തിന് ദോഷം ചെയ്യാം. സമയ ലാഭത്തിനായി ഇൻസ്റ്റന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് മറ്റ് പല ദോഷങ്ങളിലേക്കും നയിക്കാം. എന്നാൽ പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ വീടും കുളിമുറിയും വൃത്തിയായി സൂക്ഷിക്കുന്നത് ഓട്ടിസം, ആസ്ത്മ, എന്നിവ പോലുള്ള ദോഷകരമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. സൂപ്പർമാർക്കറ്റിലും കടകളിലും കാണപ്പെടുന്ന ഗാർഹിക ക്ലീനിംഗ് ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ കാണുന്ന ഇൻഗ്രീഡിയൻ്റ്സ് എല്ലാം ഇവയിൽ ഉണ്ടാകണമെന്നില്ല. ഇത്തരത്തിൽ പല ദോഷകരമായ ഘടകങ്ങൾ അടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. പുറത്ത് നിന്നും വാങ്ങുന്ന കെമിക്കൽ വസ്തുക്കൾക്ക് പകരം പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ തന്നെ നിമിഷനേരം കൊണ്ട് ഇത് നിർമ്മിക്കാവുന്നതാണ്.
നമ്മളിൽ പലരുടെയും വീട്ടിൽ കാണപ്പെടുന്ന ഇരുമ്പൻ പുളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ബാത്ത് റൂം ടൈലുകൾ വൃത്തിയാക്കാവുന്നതാണ്. പലരും കറകൾ അകറ്റാൻ ഇവ ഉപയോഗിക്കാറുണ്ട്. ഇവ ടൈലുകളിലുണ്ടാകുന്ന കറകളും, അഴുക്കുകളും അകറ്റാൻ സഹായിക്കും. ഇതുപയോഗിച്ച് ഒരു മിശ്രിതം തയ്യാറാക്കി വൃത്തിയാക്കുന്നത് വളരെ ഫലപ്രദമാണ്. അതിനായി ഒരു കൈ കുമ്പിൾ ഇരുമ്പൻ പുളി മിക്സിയിൽ നന്നായി അരച്ച് എടുക്കുകയും അതിലേക്ക് 1ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയുക. ഈ മിശ്രിതം കറയും അഴുക്കുമുള്ള ടൈലുകളിൽ ഒരു സ്ക്രബ്ബർ ഉപയോഗിച്ച് തേച്ച് വൃത്തിയാക്കുക. ശേഷം വെള്ളമൊഴിച്ച് കഴുകിക്കളയുമ്പോൾ വൃത്തിയും ശോഭയുമുള്ള ടൈലുകൾ കാണാം. വെറും രണ്ടു വീട്ട് സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കിയ ഈ ഫലപ്രദമായ മിശ്രിതം പരീക്ഷിക്കാവുന്നതാണ് . ബാത്ത്റൂം ടൈലുകൾ വൃത്തിയാക്കാൻ മാത്രമല്ല, വീടിന്റെ മറ്റ് പല ഭാഗങ്ങളും വൃത്തിയാക്കാൻ ഇത് ഉപയോഗിക്കാം. ഇത്തരം വീട്ടിലുണ്ടാക്കാവുന്ന ക്ലീനിംഗ് ഉൽപ്പന്നങ്ങൾ മറ്റ് കെമിക്കലുകളെ അപേക്ഷിച്ച് ഏറെ ഗുണകരമാണ്. ക്ലീനിംഗ് ഉൽപന്നങ്ങൾ വാങ്ങുന്ന പണവും ലാഭിക്കാം.