പച്ചക്കറികളും പഴങ്ങളും പോഷക സമൃദ്ധമായതിനാൽ ആരോഗ്യമുള്ള ശരീരത്തിന് അവ നിത്യജീവിതത്തിൽ വളരെ അത്യാവശ്യമാണ്. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ സുരക്ഷിതമാണോ എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. കീടനാശിനികളുടെ ഉപയോഗം വർധിച്ച് വരുന്ന ഈ കാലത്ത് പച്ചക്കറികൾ ധൈര്യമായി വാങ്ങാനാവില്ല. ഗുണത്തേക്കാളുപരി ദോഷം ചെയ്യുന്ന കീടനാശിനികളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാം. പാചകത്തിന് മുൻപ് ഇത് വൃത്തിയാക്കിയാലും യാതൊരു ഉറപ്പുമില്ലാതെയാണ് നമ്മൾ കഴിക്കുന്നത്. പുറത്ത് നിന്നും വാങ്ങുന്ന പച്ചക്കറികൾ വൃത്തിയാക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വൃത്തിയായി കഴുകിയെടുക്കാത്ത പച്ചക്കറികൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സാധാരണ കറികൾ തയ്യാറാക്കുന്നതിന് മുൻപ് നമ്മൾ പച്ച വെള്ളത്തിലോ, ഉപ്പ് വെള്ളത്തിലോ ഒക്കെ കഴുകുന്നതാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പച്ചക്കറിയിലെ കീടനാശിനിയുടെ അംശം കളയില്ല.
പച്ചക്കറികൾ ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് തന്നെ ഇവ വൃത്തിയാക്കേണ്ടതുണ്ട്. വീട്ടിൽ കൊണ്ടുവന്നാൽ ഉടനേ പച്ചക്കറികൾ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി പച്ചക്കറികൾ മുങ്ങി കിടക്കും വിധം വെള്ളം നിറയ്ക്കുക. കാബേജ് പോലെയുള്ള പച്ചക്കറികളുടെ പുറത്തെ പാളി പൊളിച്ച് കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് 1/ 2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ അല്ലെങ്കിൽ 1 ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുത്ത് 15-20 മിനിറ്റ് നേരം വെക്കുക. ബേക്കിംഗ് സോസ മികച്ച ക്ലീനിംഗ് ഏജൻ്റായി പ്രവർത്തിക്കുന്നതിനാൽ ഇത് ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം. ബേക്കിംഗ് സോഡയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇടയ്ക്ക് വെള്ളം ഇളക്കി കൊടുക്കാം. 15 മിനിറ്റ് കഴിഞ്ഞ് പച്ചക്കറികൾ നിന്നും കീടനാശിനികളുടെ അംശം ഇല്ലാതാകുകയും അവ വൃത്തിയായി തിളങ്ങുന്നതും കാണാം.
പച്ചക്കറികൾ ഓരോന്നായി ടാപ്പിൽ നിന്ന് ശക്തിയായി വരുന്ന വെള്ളത്തില്‍ കാണിച്ച് നന്നായി കഴുകുകയാണ് വേണ്ടത്. പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കഴുകുന്നതിനെക്കാൾ പൈപ്പിൽ നിന്നും നേരിട്ട് വരുന്ന വെള്ളത്തിൽ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക. കഴുകിയ പച്ചകറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുൻപ് തുണിയോ ടിഷ്യുവോ ഉപയോഗിച്ച് തൊടച്ച ശേഷം വെക്കുക. ഇനി പഴങ്ങളും പച്ചക്കറികളും വളരെ ശ്രദ്ധാപൂര്‍വം ഇങ്ങനെ കഴുകി വൃത്തിയാക്കി ഉപയോഗിക്കാം .