ഉരുള കിഴങ്ങ് വേവിക്കാം ഒരു തുള്ളി പോലും വെള്ളം വേണ്ട

ഉരുളൻ കിഴങ്ങ്  നോർത്ത് ഇന്ത്യയിൽ നിന്നും മലയാളികളുടെ അടുക്കളയിൽ കയറി കൂടിയ ഒന്നാണ്. മണ്ണിനടിയിൽ വളരുന്ന ഈ കിഴങ്ങ് വർഗ്ഗത്തിന് പല പേരുകളുമുണ്ട്. ബറ്ററ്റ എന്ന സ്പാനിഷ് പദത്തിൽ നിന്നും പൊട്ടറ്റോ എന്ന പേരും വന്നു. കിഴങ്ങ് വർഗത്തിൽ പെടുന്ന ഉരുളക്കിഴങ്ങ് പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. വൈറ്റമിൻ സി, ബി, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നീ ഗുണങ്ങളാൽ സമൃദ്ധമായ കിഴങ്ങ് പല രോഗങ്ങളിൽ നിന്നും സംരക്ഷണം നല്കും. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് ഉരുള കിഴങ്ങ് പല രീതിയിലും നമ്മൾ ഉപയോഗിക്കുന്നുണ്ട്. സാമ്പാറിലും, അവിയലിലും മറ്റ് പല കറികളിലും ഉപയോഗിച്ച്‌ വരുന്നവ ഇപ്പോൾ നമ്മുടെ ഇടയിൽ പ്രചാരത്തിലാകുന്നത് ഫ്രഞ്ച് ഫ്രൈസ്, ചിപ്സ് തുടങ്ങിയവയിലൂടെയാണ്. എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഉരുള കിഴങ്ങ് മറ്റ് പല ആവശ്യങ്ങൾക്കും ഉപകരിക്കുമെന്നതും പ്രധാനം. കറിക്ക് ഉപ്പ് കൂടിയാലും, കൺതടം കറുക്കുന്നതിനും തുടങ്ങി മറ്റ് പല കാര്യങ്ങൾക്കും ഇവയെ ആശ്രയിക്കാം.

അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണെങ്കിലും റെസ്റ്റോറൻ്റുകളിൽ പോകുമ്പോഴും നമ്മൾ ഇവ വാങ്ങാറുണ്ട്. അവർ ഉരുളകിഴങ്ങ് ഉടയാതെ കൃത്യമായ പാകത്തിന് വിളമ്പുമ്പോൾ രുചി കൂടും. എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും നമ്മൾ വേവിക്കുമ്പോൾ കിഴങ്ങ് ഉടഞ്ഞ് പോകാറുണ്ട്. നമ്മൾ വെള്ളം ഉപയോഗിച്ച് വേവിച്ച് എടുക്കുമ്പോൾ ഒന്നുകിൽ പാകത്തിന് വേവില്ല, അല്ലെങ്കിൽ കിഴങ്ങ് ഉടഞ്ഞ് പോകും. എന്നാൽ പാകത്തിന് ഉരുളകിഴങ്ങ് വേവാനും, ഉടയാതെ എടുക്കാനും ഒരു സൂത്രമുണ്ട്. തുള്ളി പോലും വെള്ളം ചേർക്കാതെ വേവിച്ച് എടുക്കാം.

അതിനായി, ആവശ്യത്തിന് ഉരുളക്കിഴങ്ങ് നന്നായി കഴുകി കുക്കറിൽ ഇടുക. സാധാരണ ഇത് വേവാൻ നമ്മൾ വെള്ളം ചേർക്കാറുണ്ട്. എന്നാൽ അതിന് പകരം ഒരു ടവ്വൽ ഉപയോഗിക്കാം. വൃത്തിയായ ടവ്വൽ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ശേഷം കുക്കറിലെ ഉരുള കിഴങ്ങിന് മുകളിലായി വെച്ച് നന്നായി മൂടി കൊടുക്കുക. ശേഷം കുക്കർ അടച്ച് വേയ്റ്റിട്ട് വേവിച്ചെടുക്കാം. ആദ്യം 40 സെക്കൻ്റ് കുക്കർ ഹൈ ഫ്ലേമിൽ വെച്ച് ചൂടാക്കേണ്ടതുണ്ട്. നന്നായി ചൂടായ ശേഷം 15 മിനിറ്റ് ലോ ഫ്ലേമിൽ വെച്ച് വേവിച്ച് എടുക്കാം. 15 മിനിറ്റിന് ശേഷം വേയ്റ്റ് പൊക്കി, ഗ്യാസ് കളഞ്ഞ ശേഷം മാത്രം ഉരുളകിഴങ്ങ് എടുക്കുക. ടവ്വൽ ചൂടായതിനാൽ സ്പൂണോ ഫോർക്കോ ഉപയോഗിച്ച് മാറ്റാൻ ശ്രദ്ധിക്കുക. ഉരുളകിഴങ്ങ് ഒട്ടും ഉടയാതെ പാകത്തിന് വേവോടെ തന്നെ എടുക്കാൻ കഴിയും. റെസ്റ്റോറൻറിൽ കിട്ടുന്നത് പോലെ ഭംഗിയിലും രുചിയിലും ഉരുള കിഴങ്ങ് വീട്ടിലും കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *