നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഐസ് ക്രീം വാങ്ങാറുണ്ട്. ഉപയോഗശേഷം ഇവയുടെ കണ്ടെയ്നർ ബോക്സ് നമ്മൾ അടുക്കളയിലേക്കും ഫ്രിഡ്ജിൽ സാധനങ്ങൾ ഇട്ട് വെക്കാനും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ ഐസ് ക്രീം ബോക്സ് കൂടുതൽ ഉപകാരപ്രദമാക്കാൻ ഒരു സൂത്രം നിർമ്മിക്കാം. നമ്മുടെ വീടുകളിൽ സ്പൂണുകളും, ഫോർക്കും, നൈഫുമൊക്കെ ഉപയോഗിക്കാറുണ്ട്. ഇവ പലപ്പോഴും നമ്മൾ ഒന്നിച്ച് ഏതെങ്കിലും പാത്രത്തിലിട്ട് വെക്കുകയാണ് ചെയ്യുന്നത്. ആവശ്യം വരുമ്പോൾ അത് മുഴുവൻ പരതി നോക്കേണ്ടി വരും. അതിനാൽ ഇവ അടുക്കി വെക്കുന്നതിന് എല്ലാ അടുക്കളയിലും ഒരു കട്ലറി ഓർഗനൈസർ അത്യാവശ്യമാണ്. വിപണിയിൽ ഇത്തരം ഓർഗനൈസറുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. പലരും ആവശ്യമായതിനാൽ ഇവ വാങ്ങാറുമുണ്ട്. എന്നാൽ ഐസ് ക്രീം ബോക്സുകൾ വളരെ എളുപ്പത്തിൽ കട്ലറി ഓർഗനൈസറായി റീയൂസ് ചെയ്യാവുന്നതാണ്.
ഓർഗനൈസർ തയ്യാറാക്കുന്നതിന് വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് ആവശ്യമുള്ളത്. ഇവയിൽ എല്ലാം തന്നെ ഒരു പക്ഷെ നമ്മുടെ വീട്ടിൽ ഉണ്ടാകും. നമ്മൾ വാങ്ങുന്ന കർട്ടനുകളിൽ കൊളുത്തിയിടാൻ ധാരാളം റിങ്ങുകൾ കാണാറുണ്ട്. അത് പോലെ നാല് റിങ്ങുകളെടുത്ത് ഐസ് ക്രീം ബോക്സിൻ്റ അടപ്പിലായി വെച്ച് മാർക്കറോ പേനയോ ഉപയോഗിച്ച് റിങ്ങിനുള്ളിൽ വരച്ച് കൊടുക്കാം. ശേഷം ഈ 4 വൃത്തങ്ങളും ചൂടാക്കിയ കത്തി ഉപയോഗിച്ച് മുറിച്ച് മാറ്റാം. റിങ്ങുകൾ ഇല്ലാതെയും ഓർഗനൈസർ തയ്യാറാക്കാവുന്നതാണ്. റിങ്ങ് ഇല്ലെങ്കിൽ ഒരേ അളവിൽ 4 വൃത്തങ്ങൾ വരച്ച് മുറിച്ച് മാറ്റാം. അതിന് ശേഷം അടപ്പിലെ ദ്വാരത്തിന് മുകളിലായി 4 റിങ്ങുകളും വെച്ച് ഒട്ടിച്ച് കൊടുക്കുക. ബോക്സ് അടച്ച ശേഷം അതിൻ്റെ വശങ്ങൾ ഡെക്കറേറ്റീവ് ടേപ്പ് ഉപയോഗിച്ച് മറച്ച് കൊടുക്കാം. അടപ്പിൽ കാണുന്ന ഭാഗങ്ങൾ മാത്രം ആവശ്യമെങ്കിൽ പെയിൻ്റ് ചെയ്ത് കൊടുക്കാം. ശേഷം ചെറിയ 4 പ്ലാസ്റ്റിക്ക് കുപ്പികളെടുത്ത് ബോക്സിൻ്റെ ഉയരത്തിൽ തന്നെ മുറിച്ച് എടുക്കാം. ഈ കുപ്പികൾ ഓരോന്നും റിങ്ങുകളുടെ പിറക് വശത്തായി ഒട്ടിച്ച് കൊടുക്കുക. പ്ലാസ്റ്റിക്ക് കുപ്പികൾ വെക്കാതെ ഇത് തയ്യാറാക്കുന്നത് കട്ലറികൾ ഊർന്ന് വീഴാനിടയുണ്ട്. ബോക്സ് അടച്ച് അരികുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് കൊടുക്കാം. നിങ്ങളുടെ അടുക്കളയിലെ സ്പൂൺ, ഫോർക്ക്, നൈഫ് എന്നിവ ഓരോ റിങ്ങുകളിലുമായി ഇട്ട് വെക്കാവുന്ന ഒരു ഓർഗനൈസർ റെഡി. ഇത് ഡൈനിംഗ് ടേബിളിലോ കൗണ്ടർ ടോപ്പിലോ ഭംഗിയായി വെക്കാവുന്നതാണ്. ഇത്തരം വില കൂടിയ ഓർഗനൈസർ പണം മുടക്കി വാങ്ങാതെ വീട്ടിൽ സ്വന്തമായി തന്നെ നിർമ്മിക്കാം.