കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപരമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് മുട്ട. അതിനാൽ തന്നെ എല്ലാവരും ഭക്ഷണശീലത്തിൽ മുട്ട സ്ഥിരമാക്കിയിട്ടുണ്ട്. നമ്മൾ മുട്ട പല രീതിയിലും പാകം ചെയ്തു കഴിക്കാറുണ്ടെങ്കിലും അധികവും പുഴുങ്ങി കഴിക്കാറാണ് പതിവ്. ഏറ്റവും എളുപ്പത്തിൽ മുട്ട തയ്യാറാക്കാനുള്ള മാർഗ്ഗമാണിത്. സാധാരണ നമ്മൾ മുട്ട പുഴുങ്ങി കഴിഞ്ഞാൽ ആ വെള്ളം കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന് എത്രമാത്രം ഗുണങ്ങളുണ്ടെന്ന് നാം അറിയുന്നില്ല. മുട്ടയെ പുഴുങ്ങിയെടുത്ത വെറും ഒരു വെള്ളം മാത്രമായി ഇതിനെ കാണരുത്. മുട്ട എത്രത്തോളം പോഷക സമ്പന്നമാണെന്ന് സുക്ക് എല്ലാവർക്കും അറിയാം. അത് പോലെ, ഈ വെള്ളത്തിൽ മുട്ടയുടെ തോടിൻ്റെ ഗുണങ്ങൾ എല്ലാം ഇറങ്ങിയിട്ടുണ്ടാകും. അതിനാൽ വെള്ളത്തിനും ഗുണങ്ങൾ ഏറെയാണ്.
നിങ്ങള്‍ക്ക് ഒരു തോട്ടമുണ്ടെങ്കില് മണ്ണിനെ സമ്പുഷ്ടമാക്കാന്‍ കാര്‍ഷികാവശ്യത്തിനുള്ള പല വളങ്ങളും ഉപയോഗിക്കുന്നുണ്ടാവും. എന്നാൽ നമ്മുടെ പൂച്ചെടികൾക്ക് ഒരു വളമായി മുട്ട പുഴുങ്ങിയ വെള്ളം ഉപകരിക്കും. മണ്ണിൻ്റെ അമ്ലത കുറക്കാൻ സഹായിക്കുന്ന ഒന്നാണ് കാൽസ്യം കാർബണേറ്റ്. മുട്ടയുടെ തോടില്‍ 97 ശതമാനവും കാത്സ്യം കാര്ബൊണേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളുമുണ്ട്. അതിനാൽ തന്നെ ഈ ഗുണങ്ങളെല്ലാം പുഴുങ്ങിയ വെള്ളത്തിനുമുണ്ടാകും. ഇത് പൂച്ചെടികൾക്ക് വളമാക്കുന്നത് വളരെ ഫലപ്രദമാണ്. നിങ്ങളുടെ വീട്ടിലെ മുട്ടയുടെ ഉപയോഗം അനുസരിച്ച് ആഴ്ച്ചയിലൊരിക്കലോ 3-4 ദിവസം കൂടുമ്പോഴോ ഇത് സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് വെക്കാം. ഈ വെള്ളം പൂച്ചെടികളുടെ ചുവട്ടിലും ഇലകളിലുമായി ഒഴിച്ച് കൊടുക്കാം. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാല്സിയതിന്റെ ലഭ്യത ഉറപ്പു വരുത്താനും ഇത് സഹായിക്കും. ഇത് വളമാക്കുന്നത് പൂച്ചെടികൾ നന്നായി തഴച്ച് വളരാനും, നിറയെ പൂക്കളുണ്ടാകാനും സഹായിക്കും. 2-3 ആഴ്ച്ചകൾക്കുള്ളിൽ തന്നെ റിസൾട്ട് കാണാം.