നമ്മളിൽ പലരും അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് പൊടി അരിക്കുന്ന അരിപ്പ. ഇവയുടെ കാലാവധി വളരെ കുറവായതിനാലും അധികം വിലയേറിയതല്ലാത്തതിനാലും നശിയുമ്പോൾ തന്നെ പുതിയത് വാങ്ങി ഉപയോഗിക്കാൻ തുടങ്ങും. പഴയ അരിപ്പ കളയുകയും ചെയ്യും. എന്നാൽ ഈ അരിപ്പ വളരെ ഉപകാരപ്രദമായി റീയൂസ് ചെയ്തെടുക്കാവുന്ന ഒന്നാണ്. നിമിഷ നേരം കൊണ്ട് തന്നെ ആർക്കായാലും ഇത് ചെയ്യാവുന്നതാണ്. പഴയതും തുരുമ്പ് പിടിച്ചതുമായ അരിപ്പ എല്ലാ വീട്ടിലും ഉപകാരപ്പെടുന്ന രണ്ട് രീതിയിൽ ഉപകാരപ്രദമാക്കാം.
പഴയ ഈ അരിപ്പ എങ്ങനെ വീണ്ടും ഉപയോഗിക്കാനാകുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. നമ്മൾ എല്ലാവരും തന്നെ വീട് മനോഹരമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിൻ്റെ പ്രാധാന്യം കൂടി വരുന്നതോടെ വോൾ ഡെക്കോറുകളുടെ വില്പനയും കൂടുന്നുണ്ട്. ഇന്നത്തെ കാലത്ത് വിപണിയിൽ ഇത്തരം സാധനങ്ങൾ വാങ്ങാൻ നല്ല ഒരു തുക വേണ്ടി വരും. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഫ്ലവർ വേസുകളും, ഫ്രേമുകളുമൊക്കെ ആണെങ്കിലും വിപണിയിലെത്തുമ്പോൾ നിസ്സാര വിലയല്ല. ഇങ്ങനെ പണം മുടക്കി വാങ്ങാതെ വീട്ടിൽ സ്വന്തമായി വോൾ ഡെക്കോറുകൾ നിർമ്മിക്കാം. ഉയോഗശൂന്യമായ ഈ അരിപ്പ ഉപയോഗിച്ച് ഒരു വോൾ കേസും ഡ്രൈയിംഗ് റാക്കും നിർമ്മിക്കാം.
പഴയ പൊടി അരിക്കുന്ന അരിപ്പയുടെ നടുവിലെ റിങ്ങ് മാറ്റിയ ശേഷം ചാക്ക് നൂല് അരിപ്പയുടെ വശങ്ങളിലായി ചുറ്റി കൊടുക്കാം. ആദ്യത്തെ ഭാഗവും അവസാനത്തെ ഭാഗവും മാത്രം ഉറച്ചിരിക്കുന്നതിന് ഗ്ലൂ ഗണ്ണുപയോഗിച്ച് ഒട്ടിച്ച് കൊടുക്കാം. ചരടുകൾ നന്നായി അടുക്കി ചുറ്റുക. ശേഷം അരിപ്പയുടെ വശങ്ങളുടെ അതേ വിഡ്ത് അളവിൽ രണ്ട് കാർഡ് ബോർസ് പീസ് വെട്ടി എടുക്കാം. അരിപ്പയുടെ വൃത്തത്തിൻ്റെ അളവ് കണക്കാക്കി കാർഡ് ബോർഡ് അതിൽ വെക്കാവുന്ന രീതിയിൽ മുറിക്കുക. കാർഡ് ബോർഡിൻ്റെ ചെറിയ വശങ്ങൾ രണ്ടും അരിപ്പയിൽ ഇരിക്കുന്ന രീതിയിൽ ചരിച്ച് വെട്ടി കൊടുക്കാം. അതിന് ശേഷം കാർഡ് ബോർഡിലും ചരട് ചുറ്റി കൊടുക്കുക. ഇത് കൂടുതൽ മനോഹരമാക്കാൻ ഒരു ലേസ് അരിപ്പയുടെയും കാർഡ് ബോർഡിൻ്റെയും അരികുകളിൽ വെച്ച് ഒട്ടിച്ച് കൊടുക്കുക. കാർഡ് ‘ബോർഡ് അരിപ്പയുടെ ഉള്ളിലായി ഗ്ലൂ ഗണ്ണു പയോഗിച്ച് കാർഡ് ബോർഡുകൾ ഉറപ്പിച്ച് വെക്കാം. ഇത് ചുവരിൽ കൊളുത്തിയ ശേഷം ഭംഗിയുള്ള ചെറിയ വസ്തുക്കൾ വെച്ച് സിസ്പ്ലേ വോൾ കേസാക്കാം.
ഈ അരിപ്പയുടെ റിങ്ങ് ഉപയോഗിച്ച് എളുപ്പത്തിൽ ഡ്രൈയിംഗ് റാക്ക് നിർമ്മിക്കാം. അതിനായി നല്ല കട്ടിയുള്ള ചരട് ഒരോ റിങ്ങുകളുടെയും കമ്പികളിലായി കെട്ടി ഇടാം. ഒരേ അകലത്തിൽ റിങ്ങുകൾ തട്ടുകളായി കിടക്കുന്ന വിധത്തിൽ 3-4 റിങ്ങുകൾ കെട്ടാം. ഓരോ റിങ്ങിലും കുറച്ച് ക്ലിപ്പുകൾ കെട്ടിയിടാം. ശേഷം മുകളിലത്തെ റിങ്ങിൽ നിന്നും ചരട് ഇഷ്ടമുള്ളിടത്ത് കൊളുത്താം. ചെറിയ തുണികൾ ഇതിൽ ക്ലിപ്പ് ചെയ്ത് ഉണക്കിയെടുക്കാം. എളുപ്പത്തിൽ ഉപയോഗശൂന്യമായ അരിപ്പ റിങ്ങ് കൊണ്ട് ഒരു ഡ്രൈയിംഗ് റാക്കും റെഡി. ഇത് പോലെ പഴയ വസ്തുക്കൾ കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പല സാധനങ്ങളും നമുക്ക് വീട്ടില്‍ തന്നെ സ്വയം ഉണ്ടാക്കി എടുക്കാവുന്നതാണ്.