നമ്മുടെ എല്ലാവരുടെയും വീടുകളിൽ പ്ലാസ്റ്റിക്ക് സ്റ്റൂളുകൾ ഉപയോഗിക്കുന്നുണ്ടാകും. ഇവ ഉപയോഗിക്കുമ്പോൾ വെയിറ്റ് കൂടിയ വസ്തുക്കൾ വെച്ചാൽ പൊട്ടുന്നത് സാധാരണമാണ്. ഏറെ നാൾ കഴിഞ്ഞ് നിറം മങ്ങിയാൽ അത് പിന്നീട് ഉപയോഗിക്കാനും മടിയാണ്. പൊട്ടിയ സ്കൂളുകൾ വലിയ ഉപയോഗമില്ലാത്തതിനാൽ കളയാൻ ആരും തന്നെ മടിക്കാറില്ല. എന്നാൽ പൊട്ടിയതോ നിറം മങ്ങിയതോ ആയ സ്റ്റൂളുകൾ കളയാതെ റീയൂസ് ചെയ്യാനാകും. പ്ലാസ്റ്റിക്ക് കളയുന്നത് വഴി പ്രകൃതിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ചെറുതല്ല. അതിനാൽ പല സാധനങ്ങളും ഇത്തരത്തിൽ റീയൂസ് ചെയ്യുന്നത് വീടിനും നാടിനും ഉപകാരമാണ്.
പൊട്ടിയ ഈ സ്റ്റൂൾ എങ്ങനെ വീണ്ടും ഉപയോഗിക്കാനാകുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. നമ്മൾ എല്ലാവരും തന്നെ വീട് വൃത്തിയായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിൻ്റെ പ്രാധാന്യം കൂടി വരുന്നതോടെ ഉപയോഗിക്കുന്ന വീട്ട് സാധനങ്ങളുടെ വില്പനയും കൂടുന്നുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങളിടാൻ ഉപയോഗിക്കുന്നതാണ് ലോൻട്രി ബാസ്കറ്റ്. തുണികൾ വീടിൻ്റെ പല സ്ഥലങ്ങളിലായി കിടക്കുന്നത് ഒഴിവാക്കാൻ ഈ ബാസ്ക്കറ്റ് വളരെ ഉപകാരപ്രദമാണ്. എന്നാൽ വിപണിയിൽ നല്ല ക്വോളിറ്റിയുള്ള ലോൻട്രി ബാസ്ക്കറ്റ് വാങ്ങാൻ വലിയ തുക കൊടുക്കേണ്ടി വരും. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണെങ്കിലും വിപണിയിലെത്തുമ്പോൾ ഇതിന് നിസ്സാര വിലയല്ല. ഇങ്ങനെ പണം മുടക്കി വാങ്ങാതെ ഉപയോഗശൂന്യമായ ഒരു പഴയ സ്റ്റൂൾ ഉപയോഗിച്ച് വീട്ടിൽ സ്വന്തമായി ഉഗ്രൻ ലോൻട്രി ബാസ്കറ്റ് നിർമ്മിക്കാനാകും.
ലോൻട്രി ബാസ്കറ്റ് നിർമ്മിക്കാനായി പൊട്ടിയ സ്റ്റൂൾ തിരിച്ചിട്ട് അതിൻ്റെ നാല് വശങ്ങളിലും കട്ടിയുള്ള കാർഡ് ബോർഡ് പീസുകൾ ഒട്ടിക്കുക. സ്റ്റൂളിൻ്റെ കാലുകളുടെ വശങ്ങൾ ലെവലാകാനാണ് ഇത് ഒട്ടിക്കുന്നത്. വശങ്ങൾ മൂടിയ തരത്തിലെ സ്റ്റൂളല്ലെങ്കിൽ അധികം കാർഡ് ബോർഡ് പീസുകൾ ഒട്ടിക്കാൻ ശ്രദ്ധിക്കുക. ശേഷം സ്റ്റൂളിൻ്റെ മുകൾ ഭാഗത്തിൻ്റെ ആകൃതിയിൽ കാർഡ് ബോർഡ് മുറിച്ച് ഒട്ടിക്കുക. അതിന് ശേഷം ഒരു തുണിയോ പ്ലാസ്റ്റിക് കവറോ ഉപയോഗിച്ച് വശങ്ങൾ പൊതിയാം. ഗ്ലൂ ഗണ്ണുപയോഗിച്ച് നന്നായി ഒട്ടിച്ച് കൊടുക്കാം. സ്റ്റൂളിൻ്റെ അകവും പുറവും ഇത് പോലെ മറച്ച് മനോഹരമാക്കാം. ചുവടും ഒരു തുണി ഒട്ടിച്ച് കൊടുക്കാം. ഇത് കൂടുതൽ മനോഹരമാക്കാൻ ലേസ് വെച്ച് അലങ്കരിക്കാവുന്നതാണ്. നിമിഷ നേരത്തിൽ ഒരു ലോൻട്രി ബാസ്കറ്റ് റെഡി. നിങ്ങളുടെ റൂമിലോ വാഷിംഗ് മെഷീന് സമീപമോ ഇത് വെച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ ഈ ബാസ്ക്കറ്റിലാക്കാം.