ഒരു രൂപ ചിലവില്ലാതെ ബട്ടർ പേപ്പർ വീട്ടിലുണ്ടാക്കാം

ലോകമെമ്പാടുമുള്ള കോടികണക്കിന് ജനങ്ങളെ അപ്രതീക്ഷിതമായി ദിവസങ്ങളോളം വീട്ടിലിരുത്തി ലോക്ക് ഡൗൺ കാലങ്ങൾ വന്നപ്പോൾ പലർക്കും പുതിയ അവസരങ്ങളെത്തി. ചിലർ ലുഡോ കളിച്ചും മറ്റും സമയം ചിലവഴിച്ചപ്പോൾ മറ്റ്‌ ചിലർ ആ സമയം പുതിയ ഹോബികൾ ചെയ്ത് പണമുണ്ടാക്കി. അതിൽ പെടുന്നവയാണ് കേക്ക് നിർമ്മാണവും, ബോട്ടിൽ ആർട്ടും. ഇൻ്റർനെറ്റിലെ താരങ്ങളായിരുന്നു ഇവ രണ്ടും. എന്നാൽ കൂടുതൽ ആഘോഷമായത് കേക്ക് നിർമ്മാണമാണ്‌. ഈ കാലത്ത് കേക്ക് ബേക്ക് ചെയ്യാത്ത വീടുകൾ ചുരുക്കമാണ്‌. ഭക്ഷണ പ്രിയരെല്ലാവരും കേക്ക് ബേക്ക് ചെയ്യുകയും പലരും അതിൽ വരുമാനം കണ്ടെത്തി ബിസിനസുകൾ തുടങ്ങി. കേക്ക് നിർമാണത്തിനുള്ള ബീറ്ററുകളും ബട്ടർ പേപ്പറുകളും വിപണിയിൽ വൻ ലാഭമുണ്ടാക്കി.

കേക്ക് ബേക്കിംഗിനായി ഉപയോഗിക്കുന്ന ബട്ടർ പേപ്പർ ഒരു റോളിന് വിപണിയിൽ 200 – 300 രൂപ വില വരും. എന്നാൽ ഇങ്ങനെ വില കൊടുത്ത് ബട്ടർ പേപ്പർ അല്ലെങ്കിൽ പാർച്ച്മെൻ്റ് പേപ്പർ വാങ്ങേണ്ടതില്ല. വീട്ടിൽ ഉപയോഗിക്കുന്ന സാധാരണ എ ഫോർ ഷീറ്റിൽ സ്വയം ബട്ടർ പേപ്പർ തയ്യാറാക്കാവുന്നതാണ്. ബട്ടർ പേപ്പർ ഉണ്ടാക്കുന്നതിന് രണ്ട് എ ഫോർ പേപ്പറെടുത്ത് കട്ടിംഗ് ബോർഡിലോ ട്രേയിലോ വെച്ച ശേഷം 2 ടീ സ്പൂൺ വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ പേപ്പറിൽ തേച്ച് കൊടുക്കാം. ബ്രഷോ കൈയ്യോ ഉപയോഗിച്ച് തേച്ച് പിടിപ്പിക്കാം. പേപ്പർ നന്നായി എണ്ണയിൽ പുരണ്ട് നിഴലടിക്കുന്ന പരുവത്തിലാക്കണം. വെള്ള പാടുകൾ കണ്ടാൽ ആ ഭാഗത്ത് വീണ്ടും എണ്ണ തേച്ച് കൊടുക്കാം. പൂർണ്ണമായും എണ്ണ പുരണ്ട ശേഷം ഒരു വെള്ള ടിഷ്യു പേപ്പറോ തുണിയോ ഉപയോഗിച്ച് എണ്ണ തുടച്ചെടുക്കാം. മറ്റൊരു പ്രതലത്തിലേക്ക് മാറ്റിയ ശേഷം വേണം എണ്ണ തൂത്തെടുക്കാൻ. മറ്റ് നിറങ്ങളിലുള്ള പേപ്പറും തുണിയും ഇതിനായി ഉപയോഗിക്കരുത്. എണ്ണ തുടച്ച ശേഷം ഈ പേപ്പർ മോൾഡിംഗ് പാത്രത്തിൻ്റെ ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം. ഈ ബട്ടർ പേപ്പറുകൾ തയ്യാറാക്കി സൂക്ഷിക്കാനാകും. എണ്ണ തൂത്ത ശേഷം ന്യൂസ് പേപ്പറിൻ്റെ ഓരോ പേജിനിടയിലും വെച്ച് ബട്ടർ പേപ്പറുകൾ സൂക്ഷിക്കാം. ഇനി കേക്ക് ബേക്ക് ചെയ്യാൻ പുറത്ത് നിന്നും ബട്ടർ പേപ്പർ വാങ്ങുന്ന കാശ് ലാഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *