ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ്റെ കോടികൾ വിലയുള്ള ബെൻസ് കാറിൽ കൂട് കൂട്ടി ഒരു അമ്മക്കിളി. പൊന്നോമനകളെ കാത്ത് മുട്ട വിരിയിക്കാനിരുന്ന അമ്മക്കിളിക്ക് സൗകര്യമൊരുക്കി ഹംദാൻ. ഇവയുടെ മുട്ടകൾ വിരിഞ്ഞതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കിളികൾക്കായി തൻ്റെ വാഹനം ഓടിക്കാതെ വെച്ചിരുന്ന ഹംദാനെ ലോകം മുഴുവൻ പ്രശംസിക്കുകയാണ്.
View this post on Instagram
ഇക്കഴിഞ്ഞ ദിവസം ദുബായി കീരിടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ബെന്‍സ് കാറിന്റെ ബോണറ്റിലായാണ് ഈ കിളി മുട്ടയിട്ടത്. പിറ്റേന്ന് യാത്ര ചെയ്യാൻ വന്ന ഹംദാൻ ഈ കാഴ്ച്ച കാണുകയും കാറിനടുത്തേക്ക് ആരും പോകാതെയിരിക്കാൻ പ്രത്യേക കയറു കെട്ടി സൂക്ഷിക്കുകയും ചെയ്തു. വാഹനമെടുക്കാതെ അമ്മക്കിളിക്ക് ഒരു ശല്യവും ഉണ്ടാക്കാതെ സൗകര്യങ്ങളൊരുക്കി. കുറച്ച് നാളുകൾ തൻ്റെ പ്രിയപ്പെട്ട കാർ ഉപയോഗിക്കാതെ അവയ്ക്ക് വേണ്ട കരുതൽ നല്കി. ആ തണലിൽ രണ്ട് കുഞ്ഞി കിളികളും പിറന്നു.
കിളിക്കൂട്ടിലെ മുട്ടകൾ വിരിഞ്ഞതിൻ്റെ 80 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ തൻ്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഹംദാൻ പങ്കുവെച്ചത്. ചില സമയങ്ങളിൽ ചെറിയ കാര്യം പോലും വിലമതിക്കാനാവാത്തതാണ് എന്ന അടിക്കുറുപ്പാണ് അദ്ദേഹം നല്കിയത്. ഭൂമി മനുഷ്യർക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കും കൂടിയുള്ളതാണ് എന്ന ആശയമാണ് അദ്ദേഹം മാതൃകപരമായ ഈ പ്രവൃത്തിയിലൂടെ കാണിച്ച് തന്നത്. ഇതുവരെ 1,919,278 പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ആയിരക്കണക്കിനു പേരാണ് ഹംദാനെ പ്രശംസിച്ച് വീഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേർ ഇത് ഷെയറും ചെയ്തു.