സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് തലമുടിയിലെ താരൻ. അസഹ്യമായ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ, തലയോട്ടിയിലെ തൊലി വരളുന്നത്, തലമുടിയിൽ വെളുത്ത പൊടി എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ. തലയാട്ടിയിലെ തൊലി വരളുന്നത് മൂലം കോശങ്ങൾ ഇളകുന്നതാണ് താരനായി കാണപ്പെടുന്നത്. ചർമ്മത്തിലെ സെബേഷ്യസ് എന്ന ഗ്രന്ഥികളുടെ അധികമായി സെബം ഉദ്പാദിപ്പിക്കുന്നതാണ് താരൻ്റെ പ്രധാന കാരണം. ചില വൈറ്റമിനുകളുടെ കുറവ് കൊണ്ടും താരനുണ്ടാകാം. ഇവയ്ക്ക് കാരണമാകുന്ന മലാസെസിയ എന്ന ഫംഗസിനെ പ്രതിരോധിക്കാനാണ് പല ആന്റി-ഡാൻഡ്രഫ് ഷാംപൂകളിലും ആന്റി-ഫംഗലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പലപ്പോഴും ഇവ ഉപയോഗിച്ചാലും ഫലം കണ്ടെന്ന് വരില്ല.
താരൻ പൂർണമായും അകറ്റാൻ പ്രകൃതിദത്തമായ രീതികൾ സഹായകരമാണ്. കുറച്ചു സമയം ചെലവിട്ടാൽ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാം. ആര്യവേപ്പ് എണ്ണ താരൻ അകറ്റാൻ ഏറ്റവും മികച്ച ഒന്നാണ്. ആര്യ വേപ്പില നന്നായി കഴുകി വെള്ളമില്ലാതെ തന്നെ മിക്സിയിൽ അരച്ചെടുക്കുക. ഒരു വിധം അരഞ്ഞ ശേഷം തലേ ദിവസത്തെ കഞ്ഞി വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. തലേ ദിവസത്തെ കഞ്ഞി വെള്ളമാണ് ഇതിനാവശ്യമായി ഉള്ളത്. കഞ്ഞി വെള്ളം ചേർത്ത ശേഷം ഒന്നു കൂടെ നന്നായി അരച്ച് എടുക്കാം. അരഞ്ഞ് കിട്ടുന്ന അളവിൽ വേണം കഞ്ഞി വെള്ളമെടുക്കാൻ. തലയോട്ടിയിൽ നിന്നും ഒഴുകാതെയിരിക്കാൻ ഇത് നന്നായി കുറുകിയ പരുവത്തിനെടുക്കാൻ ശ്രദ്ധിക്കുക. ഇതോടൊപ്പം തൈര് ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇത് ഒരു ബൗളിലേക്ക് മാറ്റി കുളിക്കുന്നതിന് മുൻപ് ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ ഇരിക്കുക.
ആര്യവേപ്പില തലയിൽ തേച്ച് പിടിപ്പിക്കുമ്പോൾ ചെറിയ എരിച്ചിൽ അനുഭവപ്പെടുമെങ്കിലും പേടിക്കണ്ടതില്ല. ഇത് 7 ദിവസം തുടരെ ചെയ്താൽ താരൻ പൂർണ്ണമായും പോകും. ഇത് തലയിൽ പിടിപ്പിച്ച ശേഷം തലേ ദിവസത്തെ കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുകി കളയുക. തലമുടി വളരാനും വൃത്തിയാക്കാനും കഞ്ഞി വെള്ളം ഫലപ്രദമാണ്.