കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് ഇവയിൽ ഏതാണ് ആരോഗ്യത്തിന് ഉത്തമം?

കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് ഇവയിൽ ശരീരത്തിൻ്റെ ആരോഗ്യത്തിന് ഉത്തമം എതാണ് എന്ന് നമ്മളിൽ പലരും ചിന്തിക്കുന്ന കാര്യമാണ്. ഇന്തുപ്പിന് സാധാരണ കല്ലുപ്പിനെയും പൊടിയുപ്പിനെക്കാളും താരതമ്യേന വില കൂടുതലാണ്. 8-10 രൂപയ്ക്ക് ഒരു കിലോ കല്ലുപ്പോ പൊടിയുപ്പോ ലഭിക്കുമ്പോൾ ഇന്തുപ്പ് ചെറിയ പാക്കറ്റിന് വില വരുന്നത് ഏകദേശം 150-200 രൂപയാണ്. ഇന്തുപ്പ് പിങ്ക് നിറത്തിൽ കിട്ടുന്ന ഹിമാലയൻ റോക്ക് സോൾട്ടാണ്‌.

കല്ലുപ്പ് എന്ന് പറയുന്നത് കടൽ വെള്ളത്തിനെ വറ്റിച്ച് ഉണ്ടാക്കുന്ന ഉപ്പാണ്. സാധാരണ നമ്മൾ കറിക്ക് ഉപയോഗിച്ചിരുന്ന ഉപ്പ് കല്ലുപ്പാണ്. പണ്ട് കാലത്ത് ഇത് ഭരണിയിൽ സൂക്ഷിച്ച് ആശ്യാനുസരണം ഉപയോഗിച്ചിരുന്നു. എന്നാൽ 80 കാലഘട്ടം മുതൽ കല്ലുപ്പിനെക്കാൾ അയഡിൻ ചേർത്ത പൊടിയുപ്പുകൾ നമുക്ക് വിപണിയിൽ ലഭിക്കാൻ തുടങ്ങി. ഇപ്പോൾ ഒട്ടുമിക്ക എല്ലാ വീട്ടിലും പൊടിയുപ്പാണ് ഉപയോഗിക്കുന്നത്. കറികളിൽ നിന്നും മാറി ഇന്ന് തെങ്ങുകൾക്കും മറ്റും വളമായാണ് കല്ലുപ്പ് ഉപയോഗിക്കുന്നത്. പലപ്പോഴും കടൽ തീരമുള്ള ഗ്രാമങ്ങളിൽ യാത്ര ചെയ്യുമ്പോൾ കടൽ വെള്ളം അടുത്തുള്ള പാടശേഖരങ്ങളിൽ ശേഖരിച്ച് വെള്ളം വറ്റിച്ച് ഉപ്പ് കൂന കൂട്ടിയിരിക്കുന്നത് കാണാൻ സാധിക്കും. ഇങ്ങനെയാണ് കല്ലുപ്പ് എടുക്കുന്നത്.

പൊടിയുപ്പിൽ ഉപ്പ് രസം നല്കുന്ന സോഡിയം ക്ലോറൈഡിൻ്റെ അളവ് 98% എങ്കിൽ കല്ലുപ്പിൽ ഇതിൻ്റെ അളവ് 90% ആണ്. ബാക്കി 10% കല്ലുപ്പിൽ 15 തരം മിനറലുകൾ ചേർന്നതാണ്. ഒരു ലിറ്റർ കടൽ വെള്ളം വറ്റിക്കുമ്പോൾ ഏകദേശം 35 ഗ്രാം ഉപ്പിനെ വേർതിരിച്ചെടുക്കാനാകും. ഇതിൽ 13-14 തരം മിനറലുകളടങ്ങിയതിൽ ഒന്നാണ് സോഡിയം ക്ലോറൈഡ്. സോഡിയം, ക്ലോറൈഡ്, സൾഫേറ്റ്, മാംഗനീസ് തുടങ്ങി ഒരു കോമ്പിനേഷനാണിത്. കല്ലുപ്പിന് അതിനാൽ തന്നെ ഒരു രുചി വ്യത്യാസവുമുണ്ട്. ക്ലേ, ചിലയിനം ഫംഗസ്, ആൽഗേ, കടൽ വെള്ളത്തിൽ വളരുന്ന ബാക്ടീരിയകൾ എന്നിവ കല്ലുപ്പിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത് തന്നെയാണ്. എന്നിരുന്നാലും നമ്മുടെ ശരീരത്തിൽ ആവശ്യമായ അയഡിൻ്റെ അളവ് ഇതിൽ കുറവാണ്.

അയഡിൻ ചേർത്ത് പ്രത്യേകം ഉണ്ടാക്കിയെടുക്കുന്ന ഉപ്പാണ് പൊടിയുപ്പ്. പൊടിയുപ്പ് ഫാക്ടറികളിൽ പ്രോസസ് ചെയ്തെടുക്കുന്നതാണ്. അസംസ്കൃതമായ ഉപ്പ് ഇവർ കടലിൽ നിന്നും, മണ്ണിനടിയിലെ ഘനിയിൽ നിന്നും, ഉപ്പ് പാറകളിൽ നിന്നുമൊക്കെയാണ് എടുക്കുന്നത്. ഇവ ശേഖരിച്ച് വെള്ളത്തിൽ അലിയിപ്പിച്ച് ഫിൽറ്റർ ചെയ്ത് വാക്വം ഇവാപ്പറേഷനിലൂടെ പൊടിയുപ്പാക്കി എടുക്കും. മറ്റ് ഉപ്പുകളിൽ കാണുന്ന ബാക്കി മിനറലുകളെ മാറ്റിയാണ് സോഡിയം ക്ലോറൈഡ് എന്ന പൊടിയുപ്പ് കിട്ടുന്നത്. ഇത് കട്ടപിടിക്കാതെയിരിക്കാൻ ആൻ്റി കേക്കിംഗ് ഏജൻറുകളായ സോഡിയം അലുമിനോ സിലിക്കേറ്റ്, സിലിക്കൺ ഡയോക്സൈഡ്, മഗ്‌നേഷ്യ കാർബണേറ്റ് ഇവയിലേതെങ്കിലും ചേർക്കുന്നു. ഒപ്പം ശരീരത്തിനാവശ്യമായ അയഡൈഡ് സോൾട്ട് ചേർക്കും. കടൽ തീരത്ത് നിന്നും ദൂരെയായി ഉയർന്ന പ്രദേശത്ത് താമസിക്കുന്നവരിൽ അയഡിൻ്റെ അളവ് കുറവാകുകയും തൈറോയിഡ് ഗ്രന്ഥിക്ക് വീക്കം വരാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് അയഡൈസ്ഡ് ഉപ്പ് വിപണിയിൽ ഇറക്കിയത്.

കഴിഞ്ഞ 5-6 വർഷങ്ങളായാണ് പിങ്ക് സോൾട്ട് പ്രചാരത്തിലായത്. സാധാരണ കടലിൽ നിന്നോ മണ്ണിനടിയിലെ ഘനിയിൽ നിന്നോ വേർതിരിക്കുന്നതിന് പകരം ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളിലെ ഉപ്പ് പാറകളിൽ നിന്നും വെട്ടിയെടുത്ത് പ്രോസസ് ചെയ്യുന്നതാണ് ഇന്തുപ്പ്. പ്രത്യേകിച്ച് ഹിമാലയത്തിലും രാജസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള ഉപ്പ് ഘനികളിൽ നിന്നുമാണ് ഇത് എടുക്കുന്നത്. ഇവയ്ക്ക് പിങ്ക് നിറം നല്കുന്നത് അവയിൽ അടങ്ങിയ മിനറലുകളാണ്. ഇതിൽ 96 % സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഒപ്പം ഇരുമ്പിൻ്റെ ചില കോമ്പൗണ്ടുകൾ, ക്രോമിയം, കോപ്പർ, സിങ്ക്, മാംഗനീസ് തുടങ്ങിയവയാണ് പിങ്ക് നിറം നല്കുന്നത്. ഇവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന വിശ്വാസത്തിലാണ് മറ്റ് ഉപ്പിനെക്കാൾ 20 മടങ്ങ് വില വരുന്നത്. സുഖചികിത്സകളായ സ്പാ പോലുള്ളവയിൽ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ശാസ്ത്രീയമായി ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ തെളിക്കപെട്ടിട്ടില്ല എന്നതാണ് വാസ്തവം. ഇതിൻ്റെ മാർക്കറ്റിംഗ് തന്ത്രമാണ് പിങ്ക് സോൾട്ടിന് ഇത്ര വലിയ വില നല്കിയത്. സാധാരണ ഉപ്പിൽ നിന്നും കിട്ടുന്ന മിനറലുകൾ മാത്രം ഇവയിലും അടങ്ങിയിട്ടുള്ളൂ. കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇന്തുപ്പിന് ഗുണങ്ങൾ കുറവാണ്.

നമ്മുടെ ശരീരത്തിൽ ഇവയിൽ ഏറ്റവും ഗുണകരം കല്ലുപ്പ് തന്നെയാണ്. കേരളം കടൽ തീരത്ത് സ്ഥിതി ചെയ്യുന്നതിനാലും മത്സ്യങ്ങൾ കഴിക്കുന്നതിനാലും നമ്മുടെ ശരീരത്തിൽ അയഡിൻ ലഭിക്കാനുള്ള സാധ്യതകളുണ്ട്. കല്ലുപ്പിൽ തന്നെ അയഡിൻ അടങ്ങിയതും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. സോഡിയം ക്ലോറൈഡ് അധികമായി ശരീരത്തിലെത്തുന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ താളം തെറ്റിക്കുന്നതിനും, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനും കാരണമാകും. അതിനാൽ പല മിനറലുകൾ അടങ്ങിയ കല്ലുപ്പാണ് കൂടുതൽ ഗുണകരം. എന്നാൽ പൊടിയുപ്പ് ഉപയോഗിച്ച് ശീലിച്ചവർക്ക് കല്ലുപ്പിൻ്റെയും ഇന്തുപ്പിൻ്റെയും രുചി ഇഷ്ടപ്പെടണം എന്നില്ല. കടലിൽ ഇപ്പോൾ പ്ലാസ്റ്റിക്കിൻ്റെ സാന്നിദ്ധ്യം കൂടുതലായതിനാൽ പ്രോസസ് ചെയ്തെടുക്കുന്ന കല്ലുപ്പിൽ ചെറിയ പ്ലാസ്റ്റിക്ക് കണങ്ങൾ കാണാനിടയുണ്ട്. പൊടിയുപ്പിൽ ഇത്തരം മാലിന്യങ്ങൾക്ക് സാധ്യത കുറവാണ്. കല്ലുപ്പിൽ കടലിലെ ചില ബാക്ടീരിയകളും ആൽഗേകളും അടങ്ങിയതിനാൽ ഇതുപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയാൽ അധികനേരം സൂക്ഷിക്കാനാവില്ല. പൊടിയുപ്പ് ഉപയോഗിച്ചാൽ ഇത്തരം ബാക്ടീരിയ ഇല്ലാത്തതിനാൽ സൂക്ഷിക്കാനാകും. നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദമോ, അമിത വണ്ണമോ, കിഡ്നി പ്രശ്നമോ, ഹൃദയത്തിൻ്റെ പേശികൾക്ക് കുഴപ്പമുണ്ടെങ്കിൽ ഉപ്പിൻ്റെ അളവ് കുറയ്ക്കുക. ആരോഗ്യമുള്ള വ്യക്തിക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന ഉപ്പിൻ്റെ അളവ് വെറും 5 ഗ്രാം മാത്രമാണ്. എന്നാൽ നമ്മൾ ഇതിൻ്റെ ഇരട്ടി അളവിൽ ഉപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ മേൽ പറഞ്ഞ ആരോഗ്യ പ്രശ്നമുള്ളവർക്ക് 2 ഗ്രാം മാത്രമാണ് കഴിക്കാവുന്നത്. അതിനാൽ ഉപ്പ് തിരഞ്ഞെടുക്കുമ്പോൾ ഇവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *