എപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നവരെ പ്രധാനമായും അലട്ടുന്ന ഒരു പ്രശ്നമാണ് ബാറ്ററി ബാക്കപ്പ് തിരുന്നത്. പലപ്പോഴും അത്യാവശ്യ ഘട്ടത്തിലാകും ചാർജ് തീരുന്നത്. പണ്ട് ഇറങ്ങിയിരുന്ന സ്മാർട്ട് ഫോണുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ ഫോണുകൾക്ക് ബാറ്ററി ബാക്കപ്പ് കൂടുതലാണ്. എന്നിരുന്നാലും തുടരെയുള്ള ഇൻ്റർനെറ്റ് ഉപയോഗവും ഗേം കളികളും കാരണം ഫോണിൻ്റെ ചാർജ് പെട്ടെന്നാണ് തീരുന്നത്. നമ്മൾ തന്നെ ഫോണിൽ അറിയാതെ ചെയ്യുന്ന ചില മണ്ടത്തരങ്ങൾ ചാർജ് തീരുന്നതിന് കാരണമാകുന്നുണ്ട്. നമ്മുടെ അശ്രദ്ധ കാരണം സംഭവിക്കുന്ന ഈ പ്രശ്നം കുറച്ച് ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്നതാണ്.
നമ്മുടെ ഫോണിലെ ഓട്ടോ റൊട്ടേഷൻ ഫീച്ചർ പലപ്പോഴും ഓണായിരിക്കും. എന്തെങ്കിലും ചെയ്യുമ്പോൾ ഫുൾ സ്ക്രീനിൽ കാണാനാണ് ഇത് ചെയ്യുന്നത്. ഇത് ഓഫ് ചെയ്യാൻ പലപ്പോഴും നമ്മൾ മറക്കാറുണ്ട്. ആക്സിലറോ മീറ്റർ സെൻസർ കൊണ്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. അത് ഓണായി ഇരിക്കുന്നത് ബാറ്ററി ചാർജ് പെട്ടെന്ന് തീരാൻ കാരണമാകും. ഈ ഓട്ടോ റൊട്ടേഷൻ ആവശ്യമുള്ളപ്പോൾ മാത്രം ഓൺ ചെയ്യുകയും ആവശ്യം കഴിഞ്ഞ് ഓഫ് ചെയ്യാനും ശ്രദ്ധിക്കുക.
നമ്മുടെ ഫോണിൽ ഒരുപാട് ആപ്ലിക്കേഷനുകളുണ്ട്. ഉപയോഗശേഷം സാധാരണ പലരും ബാക്ക് ഓപ്ഷൻ ക്ലിക്ക് ചെയ്ത് മറ്റ് ആപ്ലിക്കേഷനുകൾ എടുക്കും. മുൻപ് ഉപയോഗിച്ച ആപ്പ് ബാക്ക് ഗ്രൗണ്ടിൽ വർക്ക് ചെയ്യാനിടയാകും. അത് ബാറ്ററി ചാർജ് തീർക്കുകയും ചെയ്യും. അതിനാൽ ആവശ്യം കഴിഞ്ഞ് ആപ്ലിക്കേഷനുകൾ ക്ലോസ് ചെയ്യുക. ഉപയോഗിക്കാത്ത ആപ്പുകൾ ഉണ്ടെങ്കിൽ
സെറ്റിംഗ്സിൽ ആപ്പ് ഇൻഫോയിൽ ഉപയോഗിക്കാത്ത ആപ്പ് എടുത്ത് ആവശ്യമില്ലെങ്കിൽ നിങ്ങൾ അൺ ഇൻസ്റ്റോൾ ചെയ്യുക. വീണ്ടും ഉപയോഗിക്കുമെങ്കിൽ ഫോർസ് സ്റ്റോപ്പ് ചെയ്യുക. അൺ ഇൻസ്റ്റോൾ ചെയ്യാനാകാത്ത ആപ്പുകൾ നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ഡിസേബിൾ ചെയ്ത് വെക്കാനാകും. ആവശ്യമുള്ളപ്പോൾ ഇത് ഇനേബിൾ ചെയ്ത് കൊടുത്താൽ മതി. ശേഷം സ്റ്റോറേജ് ഓപ്ഷനിൽ പോയി ക്ലിയർ ഡേറ്റ ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് ഫോണിൻ്റെ ചാർജ് നില നിർത്താൻ സഹായിക്കും.
നമ്മുടെ ഫോണിൻ്റെ നോട്ടിഫിക്കേഷൻ ബാറിൽ ഹോട്ട് സ്പോട്ട്, വൈഫൈ, ബ്ലൂറ്റൂത്ത്, ജി പി എസ് തുടങ്ങി പല സംവിധാനങ്ങൾ കാണാം. ഇവ പലപ്പാഴും ഉപയോഗശേഷം ഓഫ് ചെയ്യാൻ മറക്കാറുണ്ട്. ഷേയർ ഇറ്റ് പോലെയുള്ള ഫൈൽ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഹോട്ട് സ്പോട്ട്, ജിപിഎസ് ഓട്ടോമാറ്റിക്കായി ഓൺ ആകുന്നു. ഉപയോഗത്തിന് ശേഷം ഇത് ഓഫ് ചെയാൻ ശ്രദ്ധിക്കുക.
നമ്മുടെ ഫോണിലെ ഓട്ടോ ബ്രൈറ്റ്നസ് ഫീച്ചർ ഇനേബിൾ ചെയ്യുന്നത് വഴി ചാർജ് തരും. അതിൻ്റെ സെൻസർ എല്ലാ സമയവും പ്രവർത്തിക്കുകയും ചാർജ് പെട്ടെന്ന് തീർക്കുകയും ചെയ്യും. അതിനാൽ മാനുവലി ബ്രൈറ്റ്നെസ് മാറ്റി കൊടുക്കുക. ചാർജ് തീരുന്നതിന് മറ്റൊരു കാരണമാകുന്നത് നമ്മൾ ഉപയോഗിക്കുന്ന കീബോർഡാണ്. സെറ്റിംഗ്സിൽ കീബോർഡ് എടുത്ത ശേഷം പ്രിഫറെൻസിൽ പോയി ആവശ്യമില്ലാത്ത ഓപ്ഷനുകൾ ഓഫ് ചെയ്ത് കൊടുക്കുക.
സെറ്റിംഗ്സിൽ സിങ്ക് എന്ന് സെർച്ച് ചെയ്യുമ്പോൾ സിങ്ക് സെറ്റിംഗ്സ് വരും. നമ്മുടെ ഫോണിലെ സിങ്ക് ആയിട്ടുള്ള അക്കൗണ്ടുകൾ കാണാനാകും. സ്ക്രോൾ ചെയ്ത് താഴെ വരുമ്പോൾ ഓട്ടോമാറ്റിക്കലി സിങ്ക് ഡേറ്റ എന്ന ഓപ്ഷൻ കാണാം. അത് ഓഫ് ചെയ്യുക. ഈ സിങ്ക് ഓപ്ഷൻ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടും മറ്റും ആപ്പിക്കേഷനുമായി കണക്ട് ചെയ്യുന്നതിനാണ്. ഇത് ഓഫ് ചെയ്യുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ നില്ക്കും. അതിനാൽ നിങ്ങൾ പുറത്തേക്കോ മറ്റോ പോകുമ്പോൾ ചാർജ് തീരാതെയിരിക്കാനോ അത്യാവശ്യ ഘട്ടത്തിലോ മാത്രം ഈ ഓപ്ഷൻ ഓഫ് ചെയ്ത് വെക്കാം.
ബാറ്ററി സേവർ ഫീച്ചറിനായി ധാരാളം ആപ്ലിക്കേഷനുകൾ ഇന്ന് പ്ലേ സ്റ്റോറിലുണ്ട്. എന്നാൽ ഇവ ഇൻസ്റ്റോൾ ചെയ്യുന്നത് ബാറ്ററി ചാർജ് തീരാനിടയാകും. നിങ്ങളുടെ ഫോണിൽ തന്നെ ബാറ്ററി സേവർ ഫീച്ചറുണ്ട്. മറ്റ് ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യുന്നതിന് പകരം ഫോണിലെ ബാറ്ററി സേവർ ഉപയോഗിക്കുക.
നിങ്ങളുടെ ഫോണിൽ ലൈവ് വോൾപേപ്പർ, എച്ച് ഡി വോൾ പേപ്പർ തുടങ്ങി പല തരം വോൾപേപ്പറുകൾ ഉണ്ടാകും. ഇങ്ങനെ വോൾ പേപ്പറുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് ഒഴിവാക്കി ഫോണിലെ തന്നെ വോൾപേപ്പർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഫോണിൻ്റെ ചാർജ് ഒരു പരിധി വരെ നിലനിർത്താനാകും.