500 രൂപയുടെ ഓട്ടോക്കൂലിക്ക് പകരം നല്കിയത് 2 പവൻ്റെ മാല. ഒപ്പം ഒരു മൊബൈൽ ഫോണും. അമ്പരന്ന് ഓട്ടോ ഡ്രൈവർ. ഓട്ടം കഴിഞ്ഞ ശേഷം ഓട്ടോക്കൂലി നല്കാൻ പണമില്ലെന്ന് പറഞ്ഞ് യാത്രക്കാരൻ നല്കിയത് മൊബൈൽ ഫോണും സ്വർണ്ണമാലയും. മുക്കുപണ്ടമെന്ന് കരുതി സ്വർണക്കടയിൽ പോയി പരിശോധിച്ചപ്പോൾ 2 പവൻ്റെ തനി സ്വർണ്ണ മാല. അമ്പരന്ന ഓട്ടോ ഡ്രൈവർ യാത്രക്കാരൻ വന്നാൽ തിരിച്ചേൽപിക്കാനായി അതും കൊണ്ട് നടക്കുകയാണ് ഇപ്പോൾ. തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻ്റിന് മുന്നിലെ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർ രേവതിനാണ് വേറിട്ട ഈ അനുഭവമുണ്ടായത്. 500 രൂപയ്ക്ക് പകരം 2 പവൻ നല്കിയത് വിശ്വാസം വരാത്തതിനാൽ യാത്രക്കാരൻ തൻ്റെ ഫോണും ഏൽപ്പിച്ചു. തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് രാത്രി 10:30 നാണ് പെരുന്തൽമണ്ണ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആൾ ഓട്ടോ വിളിച്ചത്. ഗുരുവായൂരമ്പലത്തിൻ്റെ കിഴക്കേ നടയിലെത്തി ഇറങ്ങിയപ്പോൾ പണമില്ലെന്ന് പറഞ്ഞു.
ആഴ്ചകൾക്ക് മുൻപ് തിരുവനന്തപുരത്തേക്ക് ഏകദേശം 275 കിലോമീറ്റർ ഓട്ടം പോയി രേവിത് പറ്റിക്കപ്പെട്ടിരുന്നു. ആ വാർത്ത വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മ മരിച്ചെന്ന് പറഞ്ഞാണ് അന്ന് ഒരു യുവാവ് തൃശ്ശൂരിൽ നിന്നും ഓട്ടം വിളിച്ച് തിരുവനന്തപുരത്തെത്തിയ ശേഷം രേവിതിനെ പറ്റിച്ച് കടന്നുകളഞ്ഞത്. ഇക്കാര്യം വെളിപ്പെടുത്തിയ ശേഷം പണം തരാതെ പോകരുത് എന്ന് രേവിത് യാത്രക്കാരനോട് അഭ്യർത്ഥിച്ചു. ഇതിനിടെ അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാർ ഇടപ്പെട്ടു പോലീസിനെ വിളിച്ചു. പോലീസിനെ വിളിക്കുമെന്നായപ്പോൾ യാത്രക്കാരൻ സഞ്ചിയിൽ നിന്നും സ്വർണ്ണ നിറമുള്ള മാലയെടുത്ത് രേവിതിന് കൊടുത്തു. പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനാൽ വാങ്ങിയില്ല. നേരിയ മനോ വൈകല്യം ഉള്ളവരെ പോലെയാണ് അദ്ദേഹം പെരുമാറിയതെന്ന് ടെമ്പിൾ പോലീസ് പറയുന്നു. പന്തികേട് തോന്നിയതിനാൽ യാത്രക്കാരന്റെ മൊബൈലിൽ നിന്ന് ബന്ധുവിന്റെ നമ്പർ എടുത്തു ടെമ്പിൾ പോലീസ് വിളിച്ചപ്പോൾ ഇയാൾ വീടു വിട്ടു പോയിട്ട് മാസങ്ങളായെന്നും കറങ്ങി നടക്കുന്നതാണ് പതിവെന്നും മുക്കുപണ്ടം ആവാനാണ് സാധ്യത എന്നുമാണ് മറുപടി ലഭിച്ചത്.
രേവതിൻ്റെ അവസ്ഥ കണ്ട് അമ്പല കമ്മിറ്റിക്കാർ ഡീസൽ കാഷ് 200 രൂപ കൊടുത്തു. ഇതുമായി മടങ്ങുമ്പോൾ യാത്രക്കാരൻ വീണ്ടും രേവതിൻ്റെ ഓട്ടോയിൽ കയറി. തൃശൂരിൽ നിന്ന് പൈസ വാങ്ങി തരാമെന്നായിരുന്നു ഉറപ്പ് നല്കിയത്. തൃശൂർ വടക്കെ സ്റ്റാൻ്റിലിറങ്ങി കൂലിക്ക് പകരം അതേ മാല തന്നെ വീണ്ടും നല്കി. മുക്കുപണ്ടം കിട്ടിയിട്ടെന്താ കാര്യമെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മൊബൈൽ ഫോണും നല്കി. കൂലി തരുമ്പോൾ തിരിച്ച് നല്കിയാൽ മതി എന്നായിരുന്നു മറുപടി. എന്നാൽ 2 ദിവസമായിട്ടും പണം തരാൻ അയാൾ എത്താതായപ്പോൾ സുഹൃത്തിൻ്റെ സ്വർണ്ണ കടയിൽ പോയി മാല ഉരച്ച് നോക്കിയപ്പോഴാണ് തന്നെ കബളിപ്പിച്ചതല്ലെന്നും അത് തനി സ്വർണ്ണമാണെന്നും രേവിത് തിരിച്ചറിഞ്ഞത്.