പ്രതിസന്ധികളിൽ തളരാതെ പോരാടി നേടിയ ജീവിതം പഞ്ചരത്നങ്ങളുടെ വിവാഹത്തെക്കുറിച്ച് അമ്മയ്ക്ക് പറയാനുള്ളത്

തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്‍റെയും രമാദേവിയുടെയും പഞ്ചരത്നങ്ങൾ മലയാളികൾക്ക് അന്യരല്ല. ഈ കുട്ടികളുടെ ജനനം തൊട്ടുള്ള ഓരോ വിശേഷങ്ങളും മലയാളികൾക്ക് ഏറെ സുപരിചിതവുമാണ്.ഒക്ടോബർ 25 ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു പഞ്ചരത്നങ്ങളിൽ 3 പേരുടെയും വിവാഹം. നാല് പെൺമക്കളുടെയും വിവാഹം ഒരുമിച്ചു നടത്തണമെന്നായിരുന്നു രമാദേവിയുടെ ആഗ്രഹം. എന്നാൽ ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശിയും കുവൈത്തിൽ അനസ്തീഷ്യ ടെക്‌നീഷ്യനുമായ ആകാശിന് നാട്ടിലെത്താൻ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവയ്‌ക്കേണ്ടിവന്നു.ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്.ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയെ വിവാഹം കഴിച്ചത് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് ആണ്‌. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌തേഷ്യാ ടെക്നീഷ്യയായ ഉത്തമയുടെ ഭർത്താവ് മസ്കത്തിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് ആണ്‌. മൂന്നു പേരുടേയും വിവാഹം മലയാളകരയും മാധ്യമങ്ങളും ഒരു പോലെ ആണ് ആഘോഷിച്ചത്.നാല് പെൺമക്കൾക്ക് കൂട്ടായുള്ള സഹോദരൻ ഉത്രജനാണ് അച്ഛന്‍റെ സ്ഥാനത്ത് നിന്നും വിവാഹം നടത്തിയത്.തന്‍റെ മൂന്ന് പെൺകുട്ടികളുടെയും വിവാഹശേഷം രമാദേവിക്ക് പറയാനുള്ളത് കേൾക്കാം.

പ്രതിസന്ധിഘട്ടങ്ങളിൽ തളർന്നുപോയി എന്നു തോന്നിയപ്പോഴെല്ലാം ഭഗവാൻ തന്നെ കൈപിടിച്ചു നടത്തിയെന്നാണ് പഞ്ചരത്നങ്ങളുടെ അമ്മ രമാദേവി പറയുന്നത്. ഒരു സുഖത്തിന് ഒരു ദുഃഖം എന്ന രീതിയിലാണ് ജീവിതം.എപ്പോഴും ദുഖം മാത്രമായിരിക്കില്ല ജീവിതത്തിൽ, എന്‍റെ ജീവിതം ഈശ്വരന് സമർപ്പിച്ചിരിക്കുകയാണ്. മക്കളെ വളർത്താൻ ഒരു പാട് പ്രയാസപ്പെട്ടു. അവർക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നു. ഹൃദ്രോഗബാധിതയാണ് ഞാൻ. പെയ്സ് മേക്കറിന്‍റെ സഹായത്തോടെയാണ് ജീവിക്കുന്നത്.നല്ലവരായ മലയാളികളുടെ എല്ലാ സഹായവും ജീവിതത്തിൽ ഉണ്ടായിരുന്നു.പിന്നെ ജോലി അത് വലിയൊരു അനുഗ്രഹമായിരുന്നു. കുട്ടികളുടെ അച്ഛൻ മരിച്ചപ്പോൾ ഉമ്മൻചാണ്ടി സാറാണ് അന്ന് എന്‍റെ അവസ്ഥ കണ്ട് സഹകരണ ബാങ്കിൽ ജോലി തന്നത്. ജീവിക്കാൻ സഹായിച്ചതും അതാണ്. കുട്ടികളുടെ വിവാഹ ശേഷം അദ്ദേഹം എല്ലാവരെയും കാണാൻ വീട്ടിൽ വന്നിരുന്നു. സർക്കാരിന്റെ സഹായത്തോടെയാണ് കുട്ടികളെ പഠിപ്പിച്ചതും വളർത്തിയതും എല്ലാം.സർക്കാരിന്റെ പിൻബലം വലുതായിരുന്നു. മലയാള മനോരമ ദിനപത്രം നൽകിയ സഹായവും വലുതാണ്. ആത്മീയ വഴിയിലാണ് എന്‍റെ ജീവിതം. എല്ലാം ഭഗവാന് സമർപ്പിച്ച് ഇരിക്കുന്നു.ജീവിതത്തിലെ ഒന്നും എന്നെ ഭ്രമിപ്പിക്കില്ല. കുട്ടികളുടെ അച്ഛൻ മരിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിൽ ആത്മീയപാത തിരഞ്ഞെടുത്തിരുന്നു. എല്ലാ ദുഃഖങ്ങളും ഈശ്വരനിൽ അർപ്പിക്കുന്നു. ഉത്രജൻ ആണ് എന്നെ ഇത്രയും കാലം തളരാതെ മുന്നോട്ടു കൊണ്ടുപോയത്. മക്കൾക്ക് ഒൻപത് വയസ്സുള്ളപ്പോഴാണ് അവരുടെ അച്ഛൻ മരിക്കുന്നത്.അതിനുശേഷം ഉത്രജൻ സ്വയം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയായിരുന്നു.സഹോദരിമാർക്ക് വേണ്ടി എല്ലാ കാര്യങ്ങൾക്കും അവൻ മുന്നിട്ട് ഇറങ്ങും.

ചിലപ്പോഴൊക്കെ അവന്റെ പഠനം തന്നെ ഇതിന്‍റെ പേരിൽ മുടങ്ങാറുണ്ട്. 18 വയസ്സായപ്പോൾ തന്നെ എന്നെ സഹായിക്കാനായി അവൻ വിദേശത്തേക്ക് പോകാൻ ഒരുങ്ങിയതാണ്. ചെറുപ്രായം അല്ലേ എന്നു പറഞ്ഞ് അന്ന് ഞാൻ സമ്മതിച്ചില്ല.പിന്നീട് പോകാനൊരുങ്ങിയ പ്പോഴേക്കും കൊറോണയും വന്നു.ഉത്രജയുടെ വരൻ നാട്ടിൽ എത്തിയാൽ ഉടനെ വിവാഹം ഉണ്ടാകും.രമ ദേവി പറഞ്ഞു.പ്രേംകുമാർ-രമാദേവി ദമ്പതിമാർക്ക്‌ 1995 നവംബർ 18 ന് നിമിഷങ്ങളുടെ ഇടവേളയിലാണ് അഞ്ചു കൺമണികൾ പിറന്നത്.വൃശ്ചികമാസത്തിലെ ഉത്രം നാളിലാണ് അഞ്ചു പേരും ജനിച്ചത്.ഉത്രം നാളിൽ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ എന്നിങ്ങനെയാണ് മക്കൾക്ക് പേരിട്ടത്.പഞ്ചരത്നകളുടെ ഒമ്പതാം വയസ്സിലായിരുന്നു അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് രമാദേവി പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായാണ് മക്കൾക്കു തണലായി ജീവിച്ചത്.ജില്ലാ സഹകരണ ബാങ്കിൽ രമാദേവിക്ക് സർക്കാർ ജോലി നൽകിയതോടെയാണ് കുടുംബം കരകയറിയത്.മക്കൾ അഞ്ചുപേരും പഠിച്ച് ജോലി നേടുകയും ചെയ്തു. അഞ്ച്‌ മക്കളെയും  ചേർത്തുപിടിച്ച് തളരാതെ പിടിച്ചു നിന്ന രമാദേവി എല്ലാവർക്കും ഒരു മാതൃക തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *