സ്ത്രീകളുടെ സൗന്ദര്യസംരക്ഷണത്തിന് പലപ്പോഴും പ്രശ്നമാകുന്നതാണ് അനാവശ്യ രോമവളര്‍ച്ച. ഈ പ്രശ്നം പരിഹരിക്കുന്നതിന് നമ്മളിൽ പലരും പല മാര്‍ഗ്ഗങ്ങളും കണ്ടെത്താറുണ്ട്. പാർലറിൽ പോയി വാക്സിംഗ് ചെയ്തും വീട്ടിൽ തന്നെ ക്രീമും എപ്പിലേറ്ററുമൊക്കെ വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇവയൊക്കെ നിങ്ങളുടെ ചര്‍മ്മത്തിൽ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അനാവശ്യ രോമം കളയാൻ ഇത്തരം മാർഗ്ഗങ്ങളിൽ പരിഹാരം കണ്ടെത്തുമ്പോൾ നിങ്ങളുടെ ചർമ്മത്തിന് ദോഷകരമാകാം. മാത്രവുമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കാം. സ്ത്രീകളിൽ ഭൂരിഭാഗം പേരും നേരിടുന്ന ഈ പ്രശ്നം പലപ്പോഴും ആത്മവിശ്വാസം കെടുത്തും.
അനാവശ്യ രോമവളര്‍ച്ചയുടെ പ്രധാന കാരണം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിക്കുന്നതാണ്. എന്നാൽ ഇത് പരിഹരിക്കാൻ വാക്സും മറ്റും ചെയ്യുമ്പോൾ അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. സഹിക്കാനാകാത്ത വേദന അനുഭവിച്ചാണ് പലരും ഇത് ചെയ്യുന്നത്. വേദനയില്ലാത്ത ക്രീമുകൾ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ വേദനയും അലർജിയും ഒന്നുമില്ലാതെ പ്രകൃതിദത്തമായ രീതിയിൽ ഈ പ്രശ്നം പരിഹരിക്കാനാകും. സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് മഞ്ഞൾ. ഈ മഞ്ഞൾ ഉപയോഗിച്ച് ശരീരത്തിലെ അനാവശ്യ രോമങ്ങൾ കളയാനാകും. പലരും മഞ്ഞൾ അരച്ച് പേസ്റ്റാക്കി മുഖത്ത് തേക്കുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരു എരിച്ചിൽ അനുഭവപ്പെടാം. പകരം മറ്റൊരു രീതിയുണ്ട്. ഒരു കല്ലിൽ കുറച്ച് ഉപ്പിട്ട് അതിലേക്ക് അല്പം വെള്ളം ചേർത്ത് കൊടുക്കുക. ശേഷം പച്ച മഞ്ഞൾ അതിൽ നന്നായി ഉരച്ച് കൊടുത്ത് പേസ്റ്റ് ആക്കുക. ഇത് സ്പൂണിലേക്ക് മാറ്റി മുഖത്തും കൈകളിലും തേച്ച് കൊടുക്കാം. ഉറങ്ങുന്നതിന് മുമ്പായി ഇത് പുരട്ടി രാവിലെ കഴുകി കളയാം. അനാവശ്യ രോമങ്ങൾ പൂർണ്ണമായും പോകും.