മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും, ഭാവനയും, സംയുക്തയും. മൂന്ന് കാലഘട്ടത്തിലാണ് ഇവർ മൂന്നു പേരും സിനിമയിൽ എത്തിയത്. തൊണ്ണൂറുകളുടെ അവസാന പകുതിയിൽ ഹിറ്റ് ചിത്രങ്ങളിലെ നായികയായ മഞ്ജു വാര്യർ 1999ലെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ വിവാഹം ചെയ്ത് അഭിനയ ജീവിതം അവസാനിപ്പിച്ചു. ആ വർഷമാണ് സംയുക്ത വർമ്മ സിനിമയിലേക്ക് എത്തിയത്. 2002 ൽ തെങ്കാശിപ്പട്ടണത്തിൻ്റെ അതേ പേരിലുള്ള തമിഴ് റീമേക്ക് ചിത്രത്തിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. 2002-ൽ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലെത്തിയത്. അതിനാൽ തന്നെ മൂവരും ഒന്നിച്ച് അഭിനയിച്ചിട്ടേയില്ല.
തിരശീലയ്ക്ക് പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇവർ മൂന്ന് പേരും. ഇവർ തമ്മിലുള്ള സൗഹൃദവും ജീവിതവും പല രീതിയിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. തൃശൂർകാരാണ് ഇവർ മൂന്ന് പേരും. സംയുക്ത വർമ്മയുടെ സഹോദരിയുടെ ക്ലാസ്സ്മേറ്റാണ് ഭാവന. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ഭാവനയെ അറിയാമെന്നും സംയുക്ത പറഞ്ഞിരുന്നു. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജുവിനെ ഏറെ പിന്തുണച്ചത് ഭാവനയും സംയുക്തയും ഗീതു മോഹൻദാസുമൊക്കെ അടങ്ങുന്ന സുഹൃത്തുക്കളാണ്. കന്നട നിർമാതാവായ നവീനുമായുള്ള ഭാവനയുടെ വിവാഹ നിശ്ചയത്തിനും വിവാഹത്തിനും ഇരുവരും എത്തിയിരുന്നു. ഭാവനയുടെ കരിയറിലെയും ജീവിതത്തിലെയും പ്രധാന കാര്യങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. ഭർത്താവുമായി ബാംഗലൂരിൽ താമസിക്കുന്ന ഭാവന ഇപ്പോൾ നാട്ടിലുണ്ട്.
സംയുക്തയുടെ വീട്ടിലേക്ക് ഓണത്തിന് വിരുന്നിനെത്തിയിരിക്കുകയായിരുന്നു മഞ്ജുവും ഭാവനയും. കഴിഞ്ഞ ദിവസം ദിലീപിൻ്റെ ഓണാഘോഷ വിശേഷങ്ങൾ പുറത്ത് വന്നപ്പോൾ മുതൽ ആരാധകർ മഞ്ജുവിൻ്റെ ഓണാഘോഷ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയായിരുന്നു. ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പമായിരുന്നു മഞ്ജുവിൻ്റെ ഇക്കുറിയുള്ള ഓണം. സുഹൃത്തുക്കളല്ല, സഹോദരിമാരാണ് തങ്ങൾ എന്നാണ് ഭാവന ഈ സൗഹൃദത്തെ വിശേഷിപ്പിക്കുന്നത്. 3 പേരുടെയും ചിത്രങ്ങൾ പങ്ക് വെച്ച് ” ആത്മാർത്ഥ സുഹൃത്തുക്കൾ എന്നാൽ ദൈവം തരാൻ മറന്ന സഹോദരങ്ങളാണ് എന്ന അടിക്കുറിപ്പും ചേർത്തു. ലോക്ക് ഡൗണിന് ശേഷം ആദ്യമായാണ് മൂവരും ഒന്നിക്കുന്നത്. 15 വയസ്സിൽ സിനിമയിലെത്തിയ ഭാവനയ്ക്ക് സിനിമാ രംഗത്ത് നിന്നാണ് ഏറെയും സുഹൃത്തുക്കൾ ഉള്ളത്.