കറിവേപ്പിലയുടെ ഈ അത്ഭുത ഗുണങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കൂ

കറിവേപ്പില ചേർക്കാത്ത കറികൾ നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. കറികൾ ഉണ്ടാക്കുമ്പോൾ കടുക് താളിക്കുന്നതോടൊപ്പം കുറച്ച് കറിവേപ്പില ചേർക്കുകയും അല്ലെങ്കിൽ കറി പാകം ചെയ്ത ശേഷം കറിവേപ്പില ചേർക്കുകയോ ചെയ്യാറുണ്ട്. കറിവേപ്പില ചേർക്കുമ്പോൾ ആസ്വാദ്യകരമായ മണവും രുചിയും കറിക്ക് ലഭിക്കും. അതോടൊപ്പം ഏറെ ആരോഗ്യ ഗുണമുള്ളതാണ് കറിവേപ്പില. എന്നാൽ കറിവേപ്പില കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത് ഇത് ശരിയായ രീതിയിൽ കഴിച്ചാൽ മാത്രമാണ് അവയുടെ ഗുണം ശരീരത്തിലെത്തുന്നത്.

ഏഷ്യയിലാണ് കറിവേപ്പ് ഏറ്റവും കൂടുതൽ വളർന്നു വരുന്നത്. ചെടി മണ്ണിൽ നട്ട് വളർന്ന് കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഇത് വലിയ മരമായി മാറും. കറിവേപ്പിലയിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ എ, വൈറ്റമിൻ ബി 12, വൈറ്റമിൻ ബി, വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ 15 തരം ആൻ്റി ഓക്സിഡൻ്റ്സിൻ്റെ കലവറ തന്നെയാണ് കറിവേപ്പില. ഏഷ്യൻ ഒറിജിനുള്ളതിനാലാകണം കറിവേപ്പിലയെ കുറിച്ച് വലിയ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. എലികളിൽ നടത്തിയ പരീക്ഷണത്തിൽ നിരന്തരം കറിവേപ്പില കഴിക്കുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. നമ്മുടെ ജിവിത ശൈലിയും ഭക്ഷണ രീതിയും ശരീരത്തിൽ ഫ്രീ റാഡിക്കലുകളെ ഉദ്പാദിപ്പിക്കും. ഈ ഫ്രീ റാഡിക്കലുകളാണ് നമ്മുടെ ശരീരത്തിൽ രോഗങ്ങൾക്ക് കാരണമാകുന്നതും പ്രതിരോധശേഷി കുറയ്ക്കുന്നതും എന്തിനേറെ പറയുന്നു കാൻസറിന് വരെ കാരണമാകുന്നത്. എന്നാൽ കറിവേപ്പിലെ ആൻ്റി ഓക്സിഡൻ്റ്സ് ഇവയെ ഫലപ്രദമായി നിയന്ത്രിക്കും. മാത്രവുമല്ല, കറിവേപ്പിലയിൽ അടങ്ങിയ കാർബസോൾ എന്ന ആൻ്റി ഓക്സിഡൻ്റ് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ കുറക്കാൻ സഹായിക്കും. പ്രത്യേകിച്ചും എൽ ഡി എൽ, അപകടകാരിയായ ട്രൈ ഗ്ലിസറൈഡിനെയും ഇത് നിയന്ത്രിക്കും. ഒപ്പം നമ്മുടെ ശരീര ഭാരം കുറയ്ക്കാനും ഫലപ്രദമാണ്.

നമ്മുടെ ശരീരത്തിൻ്റെ പ്രധാന അവയവങ്ങളായ ഹൃദയം, കിഡ്നി, നേർവസ് സിസ്റ്റം, കരൾ തുടങ്ങിയവയിൽ വരാനിടയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും കോശങ്ങളെ റീജെനറേറ്റ് ചെയ്യാനും കറിവേപ്പിലയിലെ ആൻ്റി ഓക്സിഡൻ്റ്സിന് കഴിയും. മാത്രമല്ല, ശരീരത്തിലെ പ്രമേഹരോഗ സാധ്യത കുറയ്ക്കാനും നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കറിവേപ്പില മോരും വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. എന്നാൽ മനുഷ്യരിൽ കറി വേപ്പിലയുടെ പുതം ഇനിയും നടക്കേണ്ടതുണ്ട്.

ആയുർവേദത്തിൽ കറിവേപ്പില പല വിധ രോഗങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. കറിവേപ്പില ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് ദഹനേന്ദ്രിയ വ്യൂഹത്തിലാണ്. ഭക്ഷണത്തിൻ്റെ ശരിയായ ദഹനത്തിനും, വിശപ്പുണ്ടാകാനും, അസിഡിറ്റി ടെൻഡൻസി നിയന്ത്രിക്കാനും കറിവേപ്പില ഫലപ്രദമാണ്. മാത്രവുമല്ല, ഇത് ഐ ബി എസ് ടെൻഡ്സിക്കും നല്ലതാണെന്ന് പറയപ്പെടുന്നു. പതിവായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് ദഹനേന്ദ്രിയത്തിൽ താളപിഴവുകളുണ്ടാകാറുണ്ട്. ഇക്കൂട്ടർ കറിവേപ്പില പതിവായി കഴിക്കുന്നത് നല്ലതാണ്. രാവിലെ എഴുന്നേറ്റ് 3 – 4 കറിവേപ്പില അരച്ച് കഴിക്കുന്നത് ദഹനേന്ദ്രിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കുട്ടികൾക്കും കറിവേപ്പില കൊടുക്കുന്നത് വിശപ്പുണ്ടാകാൻ സഹായിക്കും. കറിവേപ്പിലയ്ക്ക് ആൻ്റി ഇൻഫ്ലമേറ്റി പ്രോപ്പർട്ടിയുള്ളതിനാൽ ചതവുകളിലും മുറിവുകളിലും വെക്കുന്നത് ഇൻഫ്ലമേഷൻ മാറാൻ സഹായിക്കും. മാത്രവുമല്ല, കറിവേപ്പില കണ്ണ്, മുടി, ചർമ്മം ഇവയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. മുടിയുടെ സംക്ഷണത്തിന് എണ്ണയിൽ കറിവേപ്പില ചേർക്കുന്നവരുണ്ട്. കറിവേപ്പില അരച്ച് കുളിക്കുന്നതിന് 15 മിനിറ്റ് മുൻപ് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയുന്നത് മുടിയിലെ പ്രശ്നങ്ങൾ അകറ്റി ഇടതൂർന്ന മുടി വളർച്ചയ്ക്ക് സഹായിക്കും. മുടിയുടെ കറുത്ത നിറം വീണ്ടെടുക്കാനും വർധിപ്പിക്കാനും നല്ലതാണിത്.

സാധാരണ നാം കറികളിൽ കറിവേപ്പില ഇടാറുണ്ടെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ ഇവ മാറ്റി വെക്കുകയാണ് പതിവ്. കറിവേപ്പില സാലഡുകളിലിട്ട് നേരിട്ട് കഴിച്ചാലും ഇവ ദഹിക്കില്ല. കറി വേപ്പിലക്ക് നിറം നല്കുന്നതും കട്ടി നല്കുന്നതുമായ സെല്ലുലോസ് വേവിക്കാതെ ശരീരത്തിലെത്തുമ്പോൾ ദഹിക്കില്ല. അതിനാൽ ഗുണങ്ങൾ ശരീരത്തിൽ പിടിക്കില്ല. കറിവേപ്പില എണ്ണയിലോ നെയ്യിലോ വഴറ്റുമ്പോൾ സെല്ലുലോസിൻ്റെ കട്ടി കുറയുകയും കറിയിൽ അതിൻ്റെ രുചി വരുകയും ചെയ്യും. എന്നാൽ ഗുണങ്ങൾ ശരീരത്തിൽ കിട്ടുന്നതിന് കറിവേപ്പില നന്നായി അരച്ച് കറിയിൽ ചേർത്ത് വേവിക്കുക. മോര് കാച്ചുമ്പോൾ കറിവേപ്പില അരച്ചോ പൊടിച്ചോ ചേർക്കുക. കറിവേപ്പില വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. ദഹനപ്രശ്നങ്ങൾ മാറാൻ കറിവേപ്പില അരച്ച് കഴിക്കാം. കറിവേപ്പില നന്നായി അരച്ച് അരി മാവിൽ ചേർത്ത് വേവിച്ച് ശർക്കര ചേർത്ത് പലഹാരം ഉണ്ടാക്കി കുട്ടികൾക്ക് നൽകിയാൽ അവർക്ക് വിശപ്പുണ്ടാകാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *