തുരുമ്പ് പിടിച്ച പാത്രം എളുപ്പത്തിൽ മയക്കിയെടുക്കാം

ഇരുമ്പിൻ്റെ പാത്രങ്ങൾ ഏറെ നാൾ ഉപയോഗിക്കാതിരുന്നാൽ തുരുമ്പ് പിടിക്കുന്നത് സാധാരണമാണ്. ഇവ എപ്പോഴും എണ്ണ പുരട്ടി സൂക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം തുരുമ്പ് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. തുരുമ്പ് പിടിച്ച പാത്രത്തിലെ തുരുമ്പ് കളയാനും മയക്കിയെടുക്കാനും വീട്ടിൽ തന്നെ ചെയ്യാവുന്ന വിദ്യയുണ്ട്.

അതിനായി തുരുമ്പ് പിടിച്ച പാത്രം ഒരു ബക്കറ്റിലേക്ക് ഇറക്കിവെച്ച് പാത്രം മുങ്ങുന്ന പാകത്തിന് കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുക. കഞ്ഞി വെള്ളം ഇല്ലെങ്കിൽ അരി കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. 2 ദിവസം അത് അങ്ങനെ തന്നെ വയ്ക്കുക. 2 ദിവസത്തിന് ശേഷം പാത്രം പുറത്തെടുക്കുമ്പോൾ തുരുമ്പ് കുറച്ച് പോയതായി കാണാം. ഇത് വൃത്തിയാക്കുന്നതിന് കഞ്ഞി വെള്ളം കളഞ്ഞ ശേഷം ഇതിലേക്ക് ഉപ്പും ചെറുനാരങ്ങ നീരുമിട്ട് പിടിയും പുറം ഭാഗവും ഉൾവശവും നന്നായി തേച്ച് കൊടുക്കുക. ശേഷം ഇത് കഴുകിയെടുക്കുമ്പോൾ തുരുമ്പ് പൂർണ്ണമായും മാറുമെങ്കിലും ഇനി ഇത് മയക്കിയെടുക്കേണ്ടതുണ്ട്.

ഇരുമ്പിൻ്റെ കറ മാറുന്നതിനായി ഒരു ബൗളിൽ കുറച്ച് വാളൻ പുളിയെടുത്ത് വെള്ളത്തിൽ ചേർത്ത് നന്നായി കലക്കിയെടുക്കുക. ഈ പുളിവെള്ളം ഇരുമ്പ് പാത്രത്തിലിട്ട് കുറച്ച് വെള്ളം കൂടി ചേർത്ത് തിളപ്പിച്ചെടുക്കുക. തിളച്ച് വരുന്നത് വരെ പാത്രത്തിൻ്റെ എല്ലാ ഭാഗത്തും പുളി വെള്ളമാക്കി കൊടുക്കുക. തിളച്ച് വറ്റുന്നത് വരെ ഇത് തുടരുക. കുറച്ച് ഡിഷ് വാഷ് ലിക്യുഡ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. തിളച്ച് കുറുകിയ ശേഷം പുളി മാത്രം ബാക്കി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. ശേഷം പാത്രത്തിൻ്റെ എല്ലാ ഭാഗത്തേക്കും പുളി തേച്ച് കൊടുത്ത് തണുക്കാൻ വെക്കുക. തണുത്ത ശേഷം പുളി മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഈ പുളി ഉപയോഗിച്ച് തന്നെ പാത്രം തേച്ച് കഴുകുക. ഉൾഭാഗവും, പിടിയും, പുറംഭാഗവും സ്ക്രബ്ബർ ഉപയോഗിച്ച് തേച്ച് ഉരച്ച ശേഷം കഴുകിയെടുക്കുക. കഴുകി തുടച്ച പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കിയ ശേഷം നല്ലെണ്ണ പുരട്ടി കൊടുക്കുക. എല്ലാ വശങ്ങളും എണ്ണ തേച്ച് വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം. 2-3 തവണ എണ്ണ പുരട്ടി വെയിലത്ത് ഉണക്കിയെടുക്കുന്നത് കൂടുതൽ ഫലപ്രദമാകും. ഇരുമ്പ് പാത്രം പുതിയത് പോലെയാകും.

Leave a Reply

Your email address will not be published. Required fields are marked *