പ്രണയം നഷ്ടപ്പെടുന്നത് വലിയ വേദന തന്നെയാണ്. സ്വന്തം ജീവനുപരി സ്നേഹിച്ചയാള്‍ ഒരു ദിവസം ഉപേക്ഷിച്ച് പോകുമ്പോൾ ഡിപ്രഷന്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പിന്നീട് ജീവിച്ചിരിക്കുന്നതിൽ അര്‍ത്ഥമില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നുമൊക്കെ ചിന്തിച്ച് പോകും. പ്രണയം നല്‍കിയ നിരാശയില്‍ ജീവനൊടുക്കിയവരുടെ വാർത്തകൾ നമ്മൾ കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്.
മനസ്സറിഞ്ഞ് സ്നേഹിച്ചിട്ട് വഞ്ചിച്ച് തേച്ചിട്ട് പോകുമ്പോഴുണ്ടാകുന്ന വേദന സഹിക്കാനാവാതെ, മറ്റൊരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാതെ വരുന്ന അവസ്ഥ. ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ വഞ്ചിക്കുന്നത് വലിയ തെറ്റ് തന്നെയാണ്. യഥാർത്ഥ സ്നേഹമെങ്കിൽ എത്ര പിരിഞ്ഞാലും അവർ ഒന്നിക്കാൻ ശ്രമിക്കും. പലരും ഇന്നത്തെ കാലത്ത് സ്നേഹിക്കുന്നത് ഒരു പരീക്ഷണം പോലെയാണ്. വെറുതെ പരീക്ഷിച്ച് നോക്കാം എവിടെ വരെയാകും എന്നിങ്ങനെ യാതൊരു ഉറപ്പുമില്ലാതെ സ്നേഹിക്കുന്നവരുണ്ട്. അത്തരം റിലേഷൻഷിപ്പിലാണ് വഞ്ചന ഉണ്ടാകുന്നത്. എന്നാൽ അവർ ഒരു ദിവസം നിങ്ങളെ ഉപേക്ഷിച്ച് പോകുമ്പോൾ നിങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഇത്തരമൊരാളെ സ്നേഹിച്ച് ജീവിതത്തിൽ കൂടെ കൂട്ടി പിന്നീട് വിവാഹ ശേഷമാണ് അവർ വിട്ട് പോയിരുന്നതെങ്കിൽ ഇതിലും പ്രയാസകരമായ അവസ്ഥ ഉണ്ടാകുമായിരുന്നു എന്ന്. വിവാഹ ശേഷം ഇങ്ങനെ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ വിഷമിക്കുന്നത് നിങ്ങൾ മാത്രമല്ല, കുടുംബങ്ങൾ കൂടിയാണ്.
പലരും ഇന്ന് ചെയ്ത് കാണുന്ന ഒരു കാര്യമാണ് ഒരു ബ്രേക്കപ്പിന് ശേഷം അതുമായി ബന്ധപ്പെട്ട പോസ്റ്റ് ഇടുന്നത് അല്ലെങ്കിൽ തേച്ചിട്ട് പോയ ആളുടെ അടുത്ത് തിരിച്ച് വരാൻ അപേക്ഷിക്കുന്നത്. ഇവയൊന്നും ഒരിക്കലും ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങൾ നിങ്ങളുടെ ജീവിതത്തിലും, കരിയറിലും, സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ശ്രദ്ധിക്കുക. പിന്നീട് ഒരു കാലത്ത് ഇവർ നിങ്ങളെ നഷ്ടപ്പെടുത്തിയതിനെ ഓർത്ത് വേദനിക്കും. അതോർത്ത് കരയുകയും, ജീവനൊടുക്കുകയും ചെയ്യുന്നതിന് മുൻപ് നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കൂ. ജീവിതത്തിൽ എത്രയോ പേരെ നിങ്ങൾ ഒഴിവാക്കിയിട്ടുണ്ടാകും. സുഹൃത്തുക്കൾ, ബന്ധുക്കൾ ഇവരെല്ലാം ഇപ്പോഴും നിങ്ങളോട് ഒപ്പമുണ്ട്. നിങ്ങൾക്ക് എന്നും താങ്ങും തണലുമാകാൻ അഛനും അമ്മയും സഹോദരങ്ങളുമുണ്ട്. നിങ്ങളെ വിട്ട് പോയ ആൾക്ക് വേണ്ടി ജീവിതം കരഞ്ഞ് തീർക്കാതെ ചുറ്റുമുള്ള നിങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി സന്തോഷമായി ജീവിക്കൂ. നമ്മുടെ നഷ്ടങ്ങളും പരാജയങ്ങളുമാകണം മുന്നോട്ട് ജീവിക്കാനുള്ള കരുത്ത്. എല്ലാ വേദനകളും മാറി നിങ്ങൾ ജീവിക്കുമെന്ന് തെളിയിക്കണം. ഈ വേദനയിലൂടെ കടന്നു പോകുമ്പോൾ മനസ്സ് കൊണ്ട് നിങ്ങൾ കൂടുതൽ സ്ട്രോങ്ങ് ആകും. ഈ ഭൂമിയിൽ ജീവിക്കാൻ ഇവയെല്ലാം നേരിട്ട് ജീവിക്കുക തന്നെ വേണം.