സാങ്കേതികവിദ്യ ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്.വിദേശരാജ്യങ്ങളിലെ ഡ്രൈവറില്ലാ കാറുകളെ കുറിച്ചുള്ള വാർത്തകൾ ഇന്ന് സർവ്വസാധാരണമാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്തേക്ക് അത്തരമൊരു സംവിധാനം ഇതുവരെ എത്തിയിട്ടില്ല അതുകൊണ്ടുതന്നെ പെട്ടെന്ന് റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന ഒരു വാഹനം കണ്ടാൽ ആരും അമ്പരന്നുപോകും. ഭാവിയിൽ ഓട്ടോണോമസ് കാറുകൾ വിപണിയിൽ എത്തുന്നതോടെ ഇതിന് മാറ്റം വന്നേക്കാം എന്നാൽ നിലവിൽ ഒരു പഴയ കാറിൽ ഇത് അല്പം കൗതുകമുണർത്തുന്ന കാഴ്ച്ച തന്നെയാണ്.
ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ തമിഴ്നാട്ടിലെ ഒരു റോഡിലൂടെ ഓടുന്ന പഴയ കാർ ആണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വാഹനം റോഡിലൂടെ ഓടുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ഡ്രൈവറില്ലാതെ നിരത്തിലൂടെ ഓടുന്ന കാറിനെ പിന്തുടർന്ന് മറ്റൊരു കാർ ഡ്രൈവർ എടുത്ത വീഡിയോ ആണ് അത്ഭുത കാർ എന്ന പേരിൽ പ്രചരിക്കുന്നത്. വീഡിയോയിലെ കാറിൽ ഡ്രൈവർ സീറ്റിന് അരികെയുള്ള സീറ്റിൽ ഒരു മധ്യവയസ്കനും ഇരിക്കുന്നുണ്ട്. ഡ്രൈവർ സീറ്റ് ഒഴിഞ്ഞു കിടക്കുമ്പോഴും കാർ തിരക്കുള്ള റോഡിലൂടെ വളരെ സ്മൂത്തായി ആണ് ഓടുന്നത് ഇതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. എന്നാൽ ഡ്രൈവറില്ലാതെ ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് വീഡിയോ പരിശോധിച്ച് കണ്ടെത്തി നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഒരു അദൃശ്യ വ്യക്തി ഇരുന്നു വാഹനം ഓടിക്കുന്നുവെന്ന് കരുതുന്നതിനുമുമ്പ്, ഈ വീഡിയോ സൂക്ഷ്മമായി കാണണം. കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന വ്യക്തിയെ സൂക്ഷിച്ചു നോക്കിയാൽ കാര്യം പിടികിട്ടും. വളരെ ശാന്തമായി കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന വൃദ്ധൻ തന്റെ വലതു കൈ നീട്ടി കാറിന്റെ സ്റ്റിയറിംഗ് ആരുമറിയാതെ നിയന്ത്രിക്കുന്നുണ്ട്, അങ്ങനെയാണ് മറ്റൊരാൾ വാഹനം ഓടിക്കുന്നതായി തോന്നുന്നത്. അതുമാത്രമല്ല ആ കാർ ഡ്രൈവിംഗ് പഠിപ്പിക്കുന്ന സ്കൂളുകൾക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ച ഒന്നാണ്. അതുകൊണ്ടുതന്നെ സാധാരണ കാറുകളിലെ ആക്സിലറേറ്റർ, ക്ലച്ച്, ബ്രേക്ക് എന്നിവ കോ ഡ്രൈവർ സീറ്റിലും ഉണ്ടാകും. അത് ഉപയോഗിച്ചാണ് അയാൾ വാഹനമോടിക്കുന്നത്.ഇത് വാഹനമോടിക്കാൻ ഒരു വ്യക്തിയെ പഠിപ്പിക്കുമ്പോൾ കോ-ഡ്രൈവർ സീറ്റിലിരുന്ന് പരിശീലകന് ഉപയോഗിക്കാവുന്ന വിധം സജ്ജമാക്കുന്നതാണ്.ഡ്രൈവിംഗ് സ്കൂളുകൾ ഉപയോഗിക്കുന്ന കാറുകളിൽ ഇത് തികച്ചും സാധാരണമായ കാര്യമാണ്.
ഈ വീഡിയോ വളരെ കൗതുകമുണർത്തുന്നതാണ് എങ്കിലും പൊതു റോഡുകളിലെ ഇത്തരം സ്റ്റണ്ടുകൾ അങ്ങേയറ്റം അപകടകരമാണ്. ഇതുപോലെ വാഹനമോടിക്കുന്നത് നിയമവിരുദ്ധവുമാണ്.