ശ്രുതിയും ലയവും പോലെ ഇഴ ചേർന്ന് കിടക്കുന്നതാണ് വൈക്കം വിജയലക്ഷ്മിക്ക് സംഗീതം. ഇരുൾമൂടിയ ലോകത്ത് വിജയലക്ഷ്മി എന്ന വിജിക്ക് പ്രകാശവും പ്രത്യാശയും സംഗീതമാണ്. സംഗീതത്തെ മാറ്റിനിർത്തി ഒരു കൂട്ടും കുടുംബവും ഈ പാട്ടുകാരിക്കില്ല.വ്യത്യസ്തമാർന്ന സ്വരമാധുര്യമാണ് വിജയലക്ഷ്മി എന്ന പാട്ടുകാരിയുടെ ഏറ്റവും വലിയ പ്രത്യേകതയും അനുഗ്രഹവും.സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയ ലക്ഷ്മി നമ്മുടെയെല്ലാം പ്രിയ ഗായികയായി മാറുന്നത്. ഈ പാട്ടിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.ഇത് പിന്നീട് വിജയലക്ഷ്മിയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് തന്നെയാണ് സൃഷ്ടിച്ചത്. തുടർന്നുള്ള വർഷം പുറത്തിറങ്ങിയ ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും ലഭിച്ചു. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി കൈനിറയെ അവസരങ്ങളാണ് വിജയലക്ഷ്മിയെ തേടിയെത്തിയത്. മാത്രമല്ല 2017 ൽ അമേരിക്കയിലെ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി വൈക്കം വിജയലക്ഷ്മിയെ ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു. ഗായത്രി വീണ വായിക്കുന്നതിലെ പ്രാവീണ്യമടക്കം പരിഗണിച്ച് സംഗീത മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് വൈക്കം വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് നല്കി ആദരിച്ചത്.സംഗീതത്തെ ഇത്രത്തോളം പ്രണയിക്കുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട പാട്ടുകാരിയുടെ വിശേഷങ്ങൾ കൂടുതൽ അറിയാം.
വിജയലക്ഷ്മിയുടെ ലോക് ഡൗൺ കാല വിശേഷങ്ങൾ പാട്ടും ഗായത്രി വീണയും കസു ഒക്കെ ഉപയോഗിച്ച് ചെയ്യുന്ന പരിപാടികൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുക ലൈവ് പരിപാടി അവതരിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് വിജയലക്ഷ്മിയുടെ ലോക് ഡൗൺ വിശേഷങ്ങൾ. ചെറിയ രീതിയിലുള്ള പാചക പരീക്ഷണങ്ങളും ചെയ്യുന്നുണ്ട്.എന്താണ് കസു വിജയലക്ഷ്മിയുടെ വാക്കുകൾ റഷ്യൻ ഉപകരണമാണ് കസു. ആലപ്പുഴയിലെ ജോസി ചേട്ടൻ ബെർത്ത്ഡേ ഗിഫ്റ്റായി തന്നതാണ് കസു. ഇപ്പോൾ ഉപയോഗിക്കുന്നത് അമേരിക്കയിൽ നിന്ന് വാങ്ങിയതാണ്.ഇതിൽ പാട്ട് മൂളിയാൽ മാത്രം മതി. പാട്ടുപാടുന്നത് ഡയഫ്രമിൽ കൂടി വരുന്നേയുള്ളൂ. ഊതുക ഒന്നും വേണ്ട.സംഗീത ജീവിതത്തിന്‍റെ തുടക്കം 1981 ഒക്ടോബർ 7 വിജയദശമി ദിനത്തിലായിരുന്നു ഞാൻ ജനിച്ചത്. ചെന്നൈയിലായിരുന്നു താമസം. അച്ഛൻ അവിടെ ഇലക്ട്രീഷൻ ആയിരുന്നു. ഒന്നര വയസ്സുമുതൽ ഞാൻ പാട്ടുപാടുമായിരുന്നു. എം എസ് വിശ്വനാഥൻ സാറിന്റെയും ഇളയരാജ സാറിന്റെയും പാട്ടുകൾ എല്ലാം പാടുമായിരുന്നു.അങ്ങനെ സംഗീതത്തോട് എനിക്കുള്ള അഭിരുചി അച്ഛനും അമ്മയ്ക്കും മനസ്സിലായി. അഞ്ചു വയസ്സിൽ ആണ് ഞാൻ കേരളത്തിലേക്ക് വരുന്നത്. അന്ന് ക്ലാസിക്കൽ പാട്ടുകളുടെ ക്ലസ്റ്ററുകൾ കേൾക്കുമായിരുന്നു. ദാസേട്ടന്‍റെയും എംഎസ് അമ്മയുടെയും പാട്ടുകളാണ് അക്കാലത്ത് കൂടുതലും കേട്ടിരുന്നത്.
ആറാം വയസിൽ ദാസേട്ടന് ഗുരുദക്ഷിണ സമർപ്പിച്ച ശേഷമാണ് ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ എന്റെ സംഗീത ജീവിതത്തിന്‍റെ അരങ്ങേറ്റം കുറിക്കുന്നത്. 32 വർഷമായി സംഗീത യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.സിനിമയിലേക്കുള്ള വഴിത്തിരിവ് ആത്മീയ യാത്ര എന്ന ചാനലിൽ അമൃതവർഷിണി രാഗം ഞാൻ ആലപിക്കുന്നത് എം ജയചന്ദ്രൻ സാർ കേൾക്കാനിടയായി. അതുകേട്ടപ്പോൾ എനിക്ക് എംഎസ് സുബലക്ഷ്മിയമ്മയുടെ ശബ്ദം ഉണ്ടെന്ന് പറഞ്ഞു. സാർ എന്നെക്കുറിച്ച് കമൽസാറിനോട് പറയുകയുണ്ടായി. അങ്ങനെ കമൽ സാറും ജയചന്ദ്രൻ സാറും കൂടിയാണ് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. അങ്ങനെ അതൊരു വഴിത്തിരിവാകുകയായിരുന്നു. ആ പാട്ടിന് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു.ഇങ്ങനെ തന്‍റെ വ്യത്യസ്തമാർന്ന സ്വരമാധുര്യവും കഴിവും കൊണ്ട് പാട്ടിന്‍റെ ലോകത്ത് വലിയ സംഭാവനയാണ് വിജയലക്ഷ്മി സമ്മാനിക്കുന്നത്. ഈ കോവിഡ് കാലത്തും തന്റെതായ ശൈലിയിൽ മ്യൂസിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പാട്ടുകൾ പാടി വിജയലക്ഷ്മി തന്റെ ആരാധകരെ സന്തോഷിപ്പിക്കുകയാണ്.