ഇന്ന് കൈയിലൊരു ബാഗില്ലാതെ പുറത്തേക്കിറങ്ങുന്ന കാര്യം ചിന്തിക്കാനേ കഴിയില്ല.നമ്മൾ പുറത്തേക്കിറങ്ങുമ്പോൾ അവശ്യവസ്തുക്കൾ എല്ലാം കിറ്റിലിട്ടോണ്ട് പോകുന്നതിനെക്കാളും എന്തുകൊണ്ടും നല്ലത് കയ്യിൽ ഒരു ബാഗ് ഉള്ളതാണ്.പണ്ടുകാലങ്ങളിൽ ടീനേജ് കുട്ടികളും ജോലിക്കാരും മാത്രമായിരുന്നു ബാഗ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് പ്രായമുള്ളവരും ഹാൻഡ് ബാഗുകൾ ഉപയോഗിക്കുന്നുണ്ട്. പല മെറ്റീരിയൽ കൊണ്ട് തയ്യാറാക്കിയ ബാഗുകൾ ഉണ്ട്.ലെതർ സെമി ലതർ ജൂട്ട് തുണി വെൽവറ്റ് പോളിത്തീൻ തുടങ്ങി പല മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച ബാഗുകളാണ് ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ളത്.ബാഗുകൾ കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ സ്വാഭാവികമായും അത് അഴുക്കു പിടിക്കും.എന്നാൽ ബാഗ് വൃത്തിയാക്കുക എന്നു പറയുന്നത് ഒരു പണിപ്പെട്ട ജോലി തന്നെയാണ്.അതിലും കൂടുതൽ പാടാണ് സ്കൂൾ ബാഗുകൾ കഴുകി വൃത്തിയാക്കുന്നത്.കൊച്ച് കുട്ടികൾ ഒക്കെ ആകുമ്പോൾ ബാഗുകൾ പെട്ടന്ന് അഴുക്കാകാൻ സാധ്യത കൂടുതലാണ്.സാധാരണ നമ്മളെല്ലാവരും ബ്രഷും സോപ്പ് ഒക്കെ ഇട്ടാണ് വൃത്തിയാക്കാറുള്ളത്.അങ്ങനെ ഉപയോഗിക്കുമ്പോൾ ബാഗിന്‍റെ കളറും തുണിയുമൊക്കെ കേടാകാൻ ചാൻസുണ്ട്.അതുകൊണ്ട് തന്നെ ഇതൊന്നും ഇല്ലാതെ ഒരു എളുപ്പവഴിയുണ്ട്.
കുറച്ച് വെള്ളം അപ്പകാരം അഥവാ ബേക്കിംഗ് സോഡാ ഉപ്പ് ടൂത്ത് പേസ്റ്റ് ഇത് മാത്രം മതി അഴുക്കായ ബാഗുകൾ വൃത്തിയാക്കാൻ.അത് എങ്ങനെയാണെന്ന് നോക്കാം.അതിനുവേണ്ടി ആദ്യം തന്നെ നമ്മൾ ഒരു മിശ്രിതം ഉണ്ടാക്കണം.ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ അര ടീസ്പൂൺ ഉപ്പ് ടൂത്ത് പേസ്റ്റ് അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത്രയും ചെയ്തുകഴിഞ്ഞാൽ നമുക്ക് ആവശ്യമുള്ള മിശ്രിതം റെഡിയായിക്കഴിഞ്ഞു.ഇനി ഒരു ടൂത്ത് ബ്രഷോ ഒരു കോട്ടൺ തുണിയൊ ഉപയോഗിച്ച് ബാഗിൽ അഴുക്ക് ഉള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കുക. ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ച് കൊടുക്കുക.ശേഷം ഒരു ടിഷ്യൂപേപ്പറോ കോട്ടൺ തുണിയൊ ഉപയോഗിച്ച് ബാഗ് തുടച്ചെടുക്കുക. ഇത്രയും ചെയ്തു കഴിയുമ്പോൾ അഴുക്കൊക്കെ പോയി നല്ല പുത്തൻ ബാഗ് പോലെ ആയി കിട്ടും.തിരക്കിട്ട് എവിടെയെങ്കിലും പോകുമ്പോൾ ഒക്കെ പെട്ടെന്ന് ബാഗിലെ അഴുക്ക് ശ്രദ്ധയിൽപ്പെടുവാണെങ്കിൽ ഈ മാർഗം ആണ് നല്ലത്. ബാഗ് പിന്നീട് ഓണക്കാൻ എടുക്കുന്ന സമയം നമുക്ക് ലാഭിച്ച് എടുക്കാം.
സെമി ലെതർ ബാഗുകൾ പോളിത്തീൻ ബാഗുകള്‍ എന്നിവ ആഴ്ചയിലൊരിക്കൽ സോപ്പുവെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടച്ചെടുക്കാവുന്നതാണ്. എന്നാൽ അതുപോലെ എല്ലാ ബാഗുകളും കഴുകാൻ സാധ്യമല്ല. കളർ പോവുകയോ കല്ലും മുത്തും ഒക്കെ പിടിപ്പിച്ച ബാഗുകൾ ആണെങ്കിൽ അവ പോവുകയും ചെയ്യും.മുത്തും കല്ലും ഉപയോഗിച്ച് അലങ്കരിച്ച ബാഗുകൾ വൃത്തിയാക്കാൻ ടിഷ്യു പേപ്പറോ പഞ്ഞിയോ ഉപയോഗിക്കാവൂ. ബാഗുകളുടെ മെറ്റീരിയൽസ് നോക്കി വേണം അത് വൃത്തിയാക്കേണ്ടത്. ഇല്ലെങ്കിൽ ഇവ പെട്ടെന്ന് മോശമായി പോകും. ലെതർ ബാഗുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ബാഗിനുള്ളിലെ മണം. ഇതുമാറാന്‍ അൽപം ബേക്കിങ് സോഡ ഒരു ചെറിയ തുണിയിൽ കെട്ടി ബാഗിനുള്ളിൽ വയ്ക്കുക. ഇനി ബാഗിനെ ഒരു തലയണകവറിലാക്കി മാറ്റി വെക്കാം. പിറ്റേന്ന് പുറത്തെടുത്താൽ മണം പൂർണമായി മാറിക്കിട്ടും.