നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പച്ചക്കറികൾ.ഇന്ന് കടയിൽനിന്നും വാങ്ങുന്ന പച്ചക്കറികൾ എല്ലാം തന്നെ വിഷാംശം കലർന്നതാണ്. അതുകൊണ്ട് തന്നെ നമുക്ക് ഒന്നും വിശ്വസിച്ചു വാങ്ങി കഴിക്കാനും സാധിക്കില്ല.അപ്പോൾ അതിന് ഏറ്റവും നല്ല പ്രതിവിധി എന്നുപറയുന്നത് സ്വയം വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുക എന്നതാണ്. എല്ലാവരുടെയും വീടുകളിൽ ഒരു അടുക്കളത്തോട്ടം ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ നമുക്ക് സ്വയം കൃഷി ചെയ്ത് എടുക്കാവുന്നതാണ്. ഓരോ പച്ചക്കറി വിളകൾക്കും ഓരോ അനുയോജ്യമായ കാലഘട്ടം ഉണ്ട്.വേനൽക്കാലത്ത് നടാവുന്നവ മഴക്കാലത്ത് നടാവുന്നവ എല്ലാ കാലാവസ്ഥയിലും അനുയോജ്യമായവ അങ്ങനെ പച്ചക്കറികളെ നമുക്ക് തരംതിരിക്കാൻ സാധിക്കും.ഇങ്ങനെ ജനുവരിയിലെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായതും നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കുന്നതുമായ പ്രധാനപ്പെട്ട പച്ചക്കറി ഇനങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.ജനുവരിയിലെ കാലാവസ്ഥയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് പാവൽ. ഇത് ചെടിച്ചട്ടിയിലോ ഗ്രോ ബാഗിലോ മണ്ണിലോ ഒക്കെ നടാവുന്നതാണ്.മണ്ണിലാണ് നടുന്നതെങ്കിൽ നന്നായി തടം എടുത്തു ചാണകപ്പൊടി ഒക്കെ ഇട്ട് നട്ടാൽ മതി.രാവിലെയും വൈകുന്നേരവും നന്നായി നനച്ചു കൊടുക്കണം. വള്ളി വീശി തുടങ്ങുമ്പോൾ തന്നെ ചെറിയൊരു പന്തലിട്ടു കൊടുക്കണം.നല്ല വെയിൽ ഉള്ള സ്ഥലത്താണ് പാവൽ നടേണ്ടത്.ജനുവരി മാസത്തെ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മറ്റൊരു പച്ചക്കറി ഇനമാണ് പടവലം.
പടവലം കൃഷി ചെയ്യാൻ അധികം ബുദ്ധിമുട്ട് ഒന്നുമില്ല.നല്ല കുറച്ച് സ്ഥലം ഉണ്ടെങ്കിലും നല്ല രീതിയിൽ പടവലം കൃഷി ചെയ്ത് വിളവെടുക്കാവുന്നതാണ്. ചെറിയ രീതിയിൽ വള്ളി വരുമ്പോൾ തന്നെ നല്ല ബലമുള്ള പന്തല് ഇട്ട് കൊടുക്കാൻ ശ്രദ്ധിക്കുക.അതുപോലെ രാവിലെയും വൈകുന്നേരവും നല്ല രീതിയിൽ നനച്ചു കൊടുക്കണം. ജനുവരി മാസത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ മറ്റൊരു പച്ചക്കറി ഇനമാണ് വെണ്ട.ടെറസിലോ മണ്ണിലോ വെണ്ട നടാവുന്നതാണ്.എവിടെ നട്ടാലും നല്ല ഇളക്കമുള്ള മണ്ണ് ആയിരിക്കണം നീർവാഴ്ച ഉണ്ടായിരിക്കണം.രാവിലെയും വൈകുന്നേരം നല്ലതുപോലെ നനക്കുകയും ചെയ്യണം.അതുപോലെതന്നെ അടിവളം ആയിട്ട് ചാണകപ്പൊടിയോ കമ്പോസ്റ്റോ ഒക്കെ ഉപയോഗിക്കാവുന്നതാണ്.നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഇഷ്ടം പോലെ വിളവ് തരുന്ന ഒരു പച്ചക്കറി ഇനമാണ് വെണ്ട. തക്കാളി കൃഷി ആണ് ജനുവരി മാസത്തിൽ ഏറ്റവും അനുയോജ്യമായ മറ്റൊരു പച്ചക്കറി ഇനം. വളരെ എളുപ്പത്തിൽ നമുക്ക് തക്കാളി കൃഷി ചെയ്യാവുന്നതാണ്.ജനുവരി മാസത്തിലെ തണുപ്പും ചൂടും എല്ലാം കൂടി കലർന്ന ഈ ഒരു അന്തരീക്ഷം തക്കാളി കൃഷിക്ക് വളരെ അനുയോജ്യമാണ്. തക്കാളി വെണ്ട പോലുള്ള പച്ചക്കറിയിനങ്ങൾ ജനുവരി ഫെബ്രുവരി മാസങ്ങളിൽ കൃഷി ചെയ്യുമ്പോൾ കീടശല്യം വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്.ചീര കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു കാലാവസ്ഥയാണ് ജനുവരി മാസത്തിലേത്.ചീര നടുമ്പോൾ ചുവപ്പു ചീരയുടെ ഇടയിൽ പച്ച ചീര നടുകയാണെങ്കിൽ ഇലപ്പുള്ളിരോഗം പോലുള്ള രോഗങ്ങൾ ഒന്നും വരില്ല. മണ്ണിൽ പടർന്നു വളരുന്ന പച്ചക്കറി ഇനങ്ങളിൽ ജനുവരി മാസത്തിൽ നടാൻ പറ്റിയ പച്ചക്കറിയിനങ്ങളാണ് വെള്ളരിയും മത്തനും.
മാത്രമല്ല തണ്ണിമത്തനും ഈയൊരു കാലാവസ്ഥയിൽ നടാൻ പറ്റിയ ഒരു വിളയാണ്.കുറച്ചു സ്ഥലം ഉള്ളവർക്ക് കൃഷി ചെയ്യാൻ പറ്റിയ ഒരു പച്ചക്കറി ഇനമാണിത്.ഇനി ടെറസിൽ ഗ്രോ ബാഗിൽ ഒക്കെ വെച്ച് കൃഷി ചെയ്യുന്നവരാണെങ്കിൽ സിമന്റ് തറയിൽ ഓല വിരിച്ചു കൊടുത്ത് ഇത് പടർത്തി കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ സിമന്റ് തറയിലെ ചൂട് ചെടിക്ക് ഏൽക്കാതെ സംരക്ഷിക്കാനാവും.കാരറ്റും ബീറ്റ്‌റൂട്ടും ഒക്കെ നടാൻ അനുയോജ്യമായ ഒരു കാലാവസ്ഥ തന്നെയാണ് ഈ ജനുവരി മാസത്തിലേത്.അത്യാവശ്യം നല്ല രീതിയിൽ തടമെടുത്ത് അടിവളമായി ചാണകപ്പൊടിയൊ കമ്പോസ്റ്റ് വളമോ ഒക്കെ ഇട്ട് നട്ടാൽ നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കും.കൂടാതെ നമ്മൾ സാധാരണ പച്ചക്കറികൾക്ക് ഉപയോഗിക്കുന്ന ജൈവവളം തന്നെ ഇതിന് ഉപയോഗിച്ചാൽ മതി.അപ്പോൾ ഇത്രയും പച്ചക്കറി ഇനങ്ങളാണ് ജനുവരി മാസത്തിലെ കാലാവസ്ഥയിൽ നടാൻ പറ്റിയവ.അതേസമയം എല്ലാ കാലാവസ്ഥയിലും നടാൻ പറ്റിയ ഒന്നാണ് മല്ലിയില. ഇതുപോലെ പയറും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണ്.ജനുവരി മാസത്തിലാണ് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായത് എങ്കിലും മറ്റു മാസങ്ങളിലും വെണ്ട ചെയ്യാവുന്നതാണ്.എല്ലാത്തരം മുളകിനങ്ങളും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായതാണ്. പച്ചമുളക് കാന്താരി മുളക് എല്ലാം എല്ലാ മാസങ്ങളിലും നട്ടു കഴിഞ്ഞാൽ നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കും അതെസമയം ഇഞ്ചി മഞ്ഞൾ തുടങ്ങിയവ ജനുവരി മാസത്തിലാണ് വിളവെടുക്കേണ്ടത്.ഇല്ലെങ്കിൽ അത് മണ്ണിൽ കിടന്ന് ചീത്തയാവാൻ സാധ്യതയുണ്ട്.സാധാരണ പച്ചക്കറികൾക്ക് ഉപയോഗിക്കുന്ന വളം പ്രയോഗം തന്നെ മതി ഇവയ്ക്കും.നല്ല രീതിയിൽ പരിപാലിക്കുക കൂടി ചെയ്താൽ നല്ല വിളവെടുപ്പു തന്നെ നടത്താൻ സാധിക്കും.