നമ്മൾ സാധാരണ വസ്ത്രങ്ങൾ കഴുകുമ്പോൾ കഞ്ഞി പശയും മറ്റും ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് കോട്ടൺ വസ്ത്രങ്ങൾ. എത്ര വൃത്തിയായി അയേൺ ചെയ്താലും പശയില്ലെങ്കിൽ ചുളിവുകൾ മാറാൻ പ്രയാസമാണ്. എന്നാൽ തുണി കഴുകുമ്പോൾ പശ മുക്കി നടു ഒടിക്കാതെ വൃത്തിയായി ഒരു ചുളിവ് പോലുമില്ലാതെ അയേൺ ചെയ്തെടുക്കാൻ ഒരു എളുപ്പ വിദ്യയുണ്ട്.
നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു മിശ്രിതം തയ്യാറാക്കാം. വസ്ത്രങ്ങൾ അയേൺ ചെയ്യുന്നതിന് മുമ്പ് തയ്യാറാക്കിയ മിശ്രിതം തളിച്ച് കൊടുത്താൽ ഏത് തുണിയും വടി പോലെ നില്ക്കും. തുണികൾക്ക് സുഗന്ധവും നല്കും. ഒരു കപ്പിൽ 500 ml അളവിൽ ചെറുചൂടുവെള്ളമെടുക്കുക. ഇതിലേക്ക് 1 ½ ടേബിൾ സ്പൂൺ കോൺഫ്ലവർ അഥവ കോൺസ്റ്റാർച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യുക. പാലിൻ്റെ പരുവമാകുന്നത് വരെ ഇളക്കി കൊടുക്കാം. കുറുകിയ പശ ആവശ്യമുള്ളവർക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ ഇടാവുന്നതാണ്. ഇനി സുഗന്ധത്തിനായി ഇതിലേക്ക് 1 ½ ടേബിൾ സ്പൂൺ റോസ് വാട്ടർ അല്ലെങ്കിൽ ഏതെങ്കിലും എസ്സൻഷ്യൽ ഓയിൽ ചേർത്ത് കൊടുക്കാം. ഇവ രണ്ടുമല്ലെങ്കിൽ വീട്ടിലെ പെർഫ്യൂം മിശ്രിതത്തിലേക്ക് സ്പ്രേ ചെയ്താൽ മതിയാകും. വസ്ത്രത്തിൽ കറ വരാത്ത രീതിയിലുള്ള പെർഫ്യൂമുകൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം മിശ്രിതം നന്നായി മിക്സ് ചെയ്ത് ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റാം. ഇനി ഏത് വസ്ത്രവും അയേൺ ചെയുന്നതിന് മുൻപ് ആവശ്യാനുസരണം സ്പ്രേ ചെയ്ത് കൊടുക്കാം. ഓരോ ഉപയോഗത്തിന് മുമ്പ് മിശ്രിതം നന്നായി കുലുക്കി കൊടുക്കേണ്ടതുണ്ട്. കഞ്ഞി പശയുടെ അതേ ഗുണമുള്ളതാണ് ഈ സ്പ്രേ. വസ്ത്രങ്ങൾ വടി പോലെ സ്റ്റിഫായി നിൽക്കാനും, ചുളിയാതെയിരിക്കാനും , സുഗന്ധവും നല്കാനും ഇത് പോലെ എളുപ്പത്തിൽ ഇത് തയ്യാറാക്കി ഉപയോഗിക്കാം.