നിറങ്ങൾ മങ്ങിയതും പുതുമ നഷ്ടപ്പെട്ടതുമായ വസ്ത്രങ്ങൾ ധരിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. ദിവസേനയുള്ള വൃത്തിയാക്കലും പരിചരണവും വസ്ത്രങ്ങളെ കൂടുതൽ കാലം നിലനിർത്തും. വസ്ത്രധാരണം കൊണ്ട് വിലയിരുത്തുന്ന കാലഘട്ടത്തിൽ വസ്ത്രങ്ങളുടെ പരിചരണം വളരെ പ്രധാനമാണ്. അതിനാൽ വസ്ത്രങ്ങൾക്ക് പ്രത്യേകമായി തയ്യാറാക്കിയ സുഗന്ധവും മറ്റ് സവിശേഷതകളുമുള്ള പലതരം ഉൽപ്പന്നം വിപണിയിലുണ്ട്.
സ്റ്റോറുകളിൽ നിന്ന് കെമിക്കലുകളും ആർട്ടിഫിഷ്യൽ സുഗന്ധവുമുള്ള ഫാബ്രിക്ക് പശകൾ ലഭ്യമാണ്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിനുപകരം
ഫാബ്രിക് പശകൾ വീട്ടിൽ നിർമ്മിക്കുന്നത് വളരെ എളുപ്പമാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് വീടിലിരുന്ന് തയ്യാറാക്കാവുന്ന ഈ പശ വസ്ത്രങ്ങളിൽ സ്റ്റിഫ്‌നെസ്സ് നിലനിർത്തും എന്നതിൽ തർക്കമില്ല . ഇത് നിങ്ങളുടെ വസ്ത്രങ്ങളിലെ ചുളിവുകൾ ഇല്ലാതാക്കാനും കറകളെ ഒരു പരിധിവരെ പ്രതിരോധിക്കുകയും ചെയ്യുന്നു. കോട്ടൺ വസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. വസ്ത്രങ്ങൾ കഴുകിയതിനു ശേഷം ഫാബ്രിക് സ്റ്റാർച്ച് ഉപയോഗിക്കുന്നതിനാൽ, പശയുടെ പാടുകൾ വസ്ത്രങ്ങളിൽ പിടിച്ചിരിക്കുന്നത് ഒരു പ്രശ്നമാണ്. കോട്ടൺ വസ്ത്രങ്ങൾ സ്റ്റാർച്ച് ചെയ്യുന്നത് അത്ര എളുപ്പമല്ല. ഇതിന് ശരിയായ അളവിൽ പശയും വെള്ളവും ആവശ്യമാണ്, അല്ലാത്തപക്ഷം നിറമുള്ള വസ്ത്രങ്ങൾക്ക് വെളുത്ത പാടുകൾ ഉണ്ടാകാം . എന്നാൽ അത്തരം പാടുകളൊന്നുമില്ലാതെ അതേ ഗുണം ചെയ്യുന്ന മിശ്രിതം തയ്യാറാക്കാം. ടെറി-കോട്ടണുകളിൽ പോലും ഇത് ഉപയോഗിക്കാൻ കഴിയും. അതിനായി ഒരു പാനിലേക്ക് 100 ഗ്രാം ചൗവ്വരിയും ½ ലിറ്റർ വെള്ളവും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. കൈ വിടാതെ ഇളക്കി, കഞ്ഞിവെള്ളത്തിൻ്റെ പരുവത്തിൽ ഇറക്കി വെക്കുക. ചൂടാറിയതിന് ശേഷം ¼ അളവ് വെള്ളത്തിലേക്ക് ഈ മിശ്രിതം അരിച്ച് ഒഴിക്കാം. കോട്ടൺ വസ്ത്രങ്ങൾ ഇതിൽ മുക്കി മൃദുവായി പിഴിഞ്ഞ് വിരിക്കാവുന്നതാണ്. ഉണങ്ങുമ്പോൾ വസ്ത്രങ്ങൾ വടി പോലെ സ്റ്റഫായി കാണാം . വെളുത്തതും നിറമുള്ളതുമായ ഏത് തുണിത്തരങ്ങളിലും ഇത് ഉപയോഗിക്കാം. വസ്ത്രങ്ങളുടെ ശോഭയും സ്റ്റിഫ്‌നെസ്സും നിലനിർത്തുന്നതിന് പ്രകൃതിദത്തമായ ഈ ടിപ്പ് പരീക്ഷിക്കാം.