നമ്മൾ എല്ലാവരും അരി ഉപയോഗിക്കുന്നവരാണ്. എന്നാൽ വീട്ടിലെ അരി ചോറ് വെക്കാൻ മാത്രമല്ല, മറ്റ് പല കാര്യങ്ങൾക്കും കൂടി ഉപകാരപ്പെടുത്താമെന്ന് എത്ര പേർക്കറിയാം. നമ്മുടെ വീട്ടിലെ പല പ്രശ്നങ്ങളും ഒരു പിടി അരിയുണ്ടെങ്കിൽ പരിഹരിക്കാം. നമുക്ക് കഴുത്ത് വേദനയോ കൈ വേദനയോ അനുഭവപ്പെട്ടാൽ ചൂട് പിടിക്കാൻ നമ്മൾ വെള്ളം ഉപയോഗിക്കാറുണ്ട്. എന്നാൽ വെള്ളം ഉപയോഗിക്കുന്നതിനേക്കാൾ ഉത്തമമാണ് അരി ഉപയോഗിക്കുന്നത്. ഏത് അരി ഉപയോഗിച്ചും ചൂടു പിടിക്കാം. ഒരു പഴയ സോക്സ് എടുത്ത് അതിലേക്ക് സോക്സിൻ്റെ പകുതി അളവിൽ അരി നിറയ്ക്കുക. ശേഷം സോക്സ് ഒന്ന് കെട്ടി കൊടുത്ത് മൈക്രാേ വേവിൽ 30 സെക്കൻ്റ് വെച്ച് ചൂടാക്കാം. മൈക്രോ വേവ് ഇല്ലെങ്കിൽ ഗ്യാസ് സ്റ്റൗ ഉപയോഗിക്കാം. ഒരു പാത്രത്തിൽ വെള്ളം എടുത്ത് പാത്രത്തിൻ്റെ അടപ്പിന് മുകളിലായി സോക്സ് വെച്ച് ഇവ ചൂടാക്കാൻ വെക്കാം. ചൂടായ ശേഷം വേദനയുള്ള ഭാഗങ്ങളിൽ ഇത് വെച്ച് ചൂട് പിടിക്കുന്നത് വേദന അകറ്റി ആശ്വാസം നല്കും.
ചെറിയ വായുള്ള കുപ്പികളുടെയും ഫ്ലാസ്ക്കുകളുടെയും അകം വൃത്തിയാക്കാൻ പ്രയാസമാണ്. എന്നാൽ അരി ഉപയോഗിച്ച് ഇത്തരം ഫ്ലാസ്ക്കുകളും കുപ്പികളും മറ്റും വൃത്തിയാക്കുന്നത് എളുപ്പമാണ്. ഒരു ടേബിൾ സ്പൂൺ അരി വൃത്തിയാക്കേണ്ട കുപ്പിയിലേക്കിട്ട് അതിലേക്ക് ആവശ്യത്തിന് ഡിഷ് വാഷിംഗ് ലിക്യുഡും ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുക്കാം. ശേഷം ഈ കുപ്പി 30-40 സെക്കൻ്റ് നന്നായി കുലുക്കി കൊടുക്കാം. കഴുകി എടുക്കുമ്പോൾ കുപ്പിയുടെ ഓരോ കോണും നന്നായി വൃത്തിയായത് കാണാം. ആദ്യമായി പാചകം ചെയ്യാൻ തുടങ്ങുന്നവരുടെ ഒരു പ്രശ്നമാണ് വറക്കാനോ പൊരിക്കാനോ തുടങ്ങുമ്പോൾ എണ്ണ ചൂടായോ എന്ന് അറിയാത്തത്. ഇതറിയാൻ അരി ഉപയോഗിച്ച് ഒരു വിദ്യയുണ്ട്. ചൂടാകുന്ന എണ്ണയിലേക്ക് 4-5 അരിമണികൾ ഇട്ട് കൊടുക്കാം. എണ്ണ നന്നായി ചൂടായെങ്കിൽ അരി വറുത്ത് വെള്ള നിറത്തിൽ പൊരി പോലെയാകും. ചെറുതെങ്കിലും ഈ ഉപായം പലർക്കും ഉപകാരമാകും. നമ്മുടെ വീട്ടിലെ മിക്സി ജാറുകൾ എത്ര വൃത്തിയാക്കിയാലും അതിലെ ബ്ലേഡുകൾക്കിടയിലും സ്ക്രൂകളിലുമായി അരപ്പിൻ്റെ അംശങ്ങൾ കാണാനിടയുണ്ട്. ഇത് വൃത്തിയാക്കാൻ പ്രയാസവുമാണ്. ഈ പ്രശ്നം പരിഹരിക്കാനും, ബ്ലേഡുകളുടെ മൂർച്ച കൂട്ടാനുമായി ഒരു സൂത്രമുണ്ട്. മിക്സി ജാറിലേക്ക് കാൽ പിടി അരിയിട്ട് 30 സെക്കൻ്റ് പൊടിച്ചെടുത്ത്, ഈ പൊടി മാറ്റി ജാർ കഴുകിയെടുത്താൽ നന്നായി വൃത്തിയാകും. പൊടിച്ചെടുത്ത ഈ അരി പൊടി കളയാതെ സൂക്ഷിച്ച് ഇറച്ചിക്കറി വെക്കുമ്പോൾ മസാലക്കൊപ്പം ചേർക്കുന്നത് കറി കുറുകാനും സഹായിക്കും.
ഒരു നിമിഷത്തെ അശ്രദ്ധമൂലം ചിലപ്പോൾ നമ്മുടെ ഫോൺ വെള്ളത്തിൽ വീഴാറുണ്ട്. അത്തരം സാഹചര്യത്തിൽ ഫോൺ നന്നായി തുടച്ച് വൃത്തിയാക്കി ബാറ്ററിയും സിമ്മുകളും മാറ്റിയെടുക്കാം. ഒരു ചെറിയ പാത്രത്തിൽ അരി നിറച്ച് അതിലേക്ക് ഈ ഫോൺ വെച്ച ശേഷം ഫോണിന് മുകളിലായി വീണ്ടും അരി നിറച്ച് 2-3 മണിക്കൂർ നേരം വെക്കാം. അതിന് ശേഷം ഫോൺ ബാറ്ററിയിട്ട് ഓൺ ആക്കിയാൽ ഫോൺ പഴയത് പോലെ വർക്ക് ചെയ്യാൻ തുടങ്ങും. ഇനി കടയിൽ കൊടുക്കുന്നതിന് മുൻപ് ഇതൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. നമ്മൾ ചിലപ്പോൾ കടയിൽ നിന്നും വാങ്ങുന്ന പഴങ്ങൾ, മാങ്ങകൾ തുടങ്ങിയവ നന്നായി പഴുക്കാത്തവയാകും. വിളഞ്ഞ പഴങ്ങൾ പെട്ടെന്ന് പഴുക്കാനായി അരിയിൽ പൂഴ്ത്തി വെക്കുന്നത് പെട്ടെന്ന് പഴുക്കാൻ സഹായിക്കും. പഴങ്ങളൾക്കുള്ളിൽ കാണപ്പെടുന്ന എത്ലീൻ ഗാസാണ് ഇവയെ പഴുക്കാൻ സഹായിക്കുന്നത്. ഇങ്ങനെ വെക്കുന്നത് എത്ലീൻ ഗാസ് പുറത്തേക്ക് പോകാതെ ചുറ്റുമുള്ള അരി തങ്ങി നിർത്തി പഴങ്ങൾ പെട്ടെന്ന് പഴുക്കാനിടയാകും. നമ്മൾ ഡൈനിംഗ് ടേബിളിൽ ഉപ്പ് വെക്കാനുപയോഗിക്കുന്ന ചെറിയ സ്പ്രിങ്ക്ളറുകൾ വൃത്തിയാക്കുന്നത് പ്രയാസമാണ്. ഇതിൻ്റെ വിടവുകളിൽ ഉപ്പ് കട്ടപിടിച്ചിരിക്കാറുണ്ട്. ഇത് പരിഹരിക്കാൻ അതിലേക്ക് 1 ടേബിൾ സ്പൂൺ അരിയിട്ട് കൊടുക്കാം. ശേഷം ഓരോ തവണ ഉപയോഗിക്കുമ്പോഴും ഇതൊന്ന് കുലുക്കി കൊടുത്ത ശേഷം സ്പ്രിങ്കിൾ ചെയ്താൽ ഉപ്പ് കട്ടയാകുകയില്ല.
വീട്ടിലെ തുരുമ്പ് പിടിക്കാൻ സാധ്യതയുള്ള കത്തി, കത്രിക, സ്ക്രൂ ഡ്രൈവർ തുടങ്ങിയ ടൂളുകൾ തുരുമ്പ് പിടിക്കാതെ സൂക്ഷിക്കാനും അരി ഉപയോഗിക്കാം. ഒരു പാത്രത്തിൽ അരിയെടുത്ത് അതിൽ ഈ ടൂളുകൾ കുത്തി വെക്കുന്നത് തുരുമ്പ് പിടിക്കാതെയിരിക്കാനും എളുപ്പത്തിൽ എടുക്കാനും സഹായിക്കും. അത് പോലെ അരി ഉപയോഗിച്ച് ഒരു എയർ ഫ്രഷ്നറും ഉണ്ടാക്കാം. അടുക്കളയിലെ മണങ്ങൾ മാറി സുഗന്ധം നിറയാൻ ഒരു ചെറിയ പാത്രത്തിലോ ജാറിലോ കാൽ ഭാഗത്തോളം ബസ്മതി അരി നിറച്ച് അതിലേക്ക് 10-15 തുള്ളി എസ്സൻഷ്യൽ ഓയിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ശേഷം ഈ ജാർ കപ്പ് കേക്ക് ലൈനറോ പേപ്പറോ പോളിതീനോ ഉപയോഗിച്ച് മൂടി കെട്ടി പേപ്പറിൽ 4-5 ചെറിയ ദ്വാരങ്ങൾ ഇടുന്നത് മുറി നിറയയെ സുഗന്ധം നിറയാൻ സഹായിക്കും. 2 ആഴ്ച്ച കൂടുമ്പോൾ എസ്സൻഷ്യൽ ഓയിൽ വീണ്ടും ഒഴിച്ച് കൊടുക്കാം. അരി ഉപയോഗിക്കുന്നവർക്ക് അവയുടെ ഇത്തരം ഉപയോഗങ്ങൾ കൂടി പരീക്ഷിച്ച് നോക്കാം.