നമ്മുടെ ദൈനംദിന ജീവിതത്തിൽ എണ്ണയുടെ പങ്ക് വളരെ വലുതാണ് . നമ്മളിൽ പലരും ധാരാളം എണ്ണ പലഹാരങ്ങൾ കഴിക്കുന്നവരാണ്. വീട്ടിൽ പലതരം എണ്ണ പലഹാരങ്ങൾ തയ്യാറാക്കാറുമുണ്ട്. ലോക് ഡൗൺ സമയങ്ങളിൽ എണ്ണ പലഹാരങ്ങൾ കച്ചവടം ചെയ്തും പലരും വരുമാനം കണ്ടെത്തി. എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യുന്നത് പൊതുവെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയുന്നതിനാൽ, വാഷ് ബേസിനിൽ ഒഴിച്ച് കളയാറാണ് പതിവ്. എന്നാൽ ഈ എണ്ണ വീണ്ടും ഉപയോഗപ്പെടുത്താം. ഇവയുടെ ഉപയോഗം അറിഞ്ഞാൽ ഇനി ഉപയോഗിച്ച എണ്ണ വെറുതെ കളയാൻ മുതിരില്ല.
വർഷം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് മെഴുകുതിരികൾ. പാരഫിൻ ഉപയോഗിച്ചാണ് സാധാരണ മെഴുകുതിരികൾ നിർമ്മിക്കുന്നത്. എന്നാൽ ഉപയോഗിച്ച പാചക എണ്ണയിൽ നിന്നും വെറും നിമിഷ നേരം കൊണ്ട് മെഴുകുതിരികൾ ഉണ്ടാക്കാം. അതിനായി ഉപയോഗ ശേഷം മാറ്റി വെച്ചിരിക്കുന്ന എണ്ണ എടുക്കുക. ഒരു ഗ്ലാസ് കണ്ടെയ്നറിൽ 3/4 അളവിൽ വെള്ളം എടുത്ത് അതിലേക് മാറ്റി വെച്ചിരിക്കുന്ന എണ്ണ 4 ടീസ്പൂൺ ഒഴിച്ച് കൊടുക്കുക. ശേഷം വീട്ടിലുള്ള പഞ്ഞി ഉപയോഗിച്ച് തിരി ഉണ്ടാക്കാം. ഒരു ട്രാന്സ്പരെന്റ് പ്ലാസ്റ്റിക് ഷീറ്റിൽ, കണ്ടെയ്നർ മൂടിയുടെ അളവ് കണക്കാക്കി വട്ടത്തിൽ മുറിച്ചെടുക്കുക. ഷിറ്റിൽ നടുവിലായി തിരിയിടാൻ ഒരു ദ്വാരമിട്ട് കൊടുക്കാം.
ഷീറ്റ് ഉപയോഗിച്ച് കണ്ടയ്നർ മൂടിയ ശേഷം ദ്വാരത്തിലൂടെ തിരിയിട്ട് കൊടുത്ത് ഈ മെഴുകുതിരി കത്തിക്കാം. കളയാൻ വെച്ച എണ്ണയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മെഴുകുതിരി എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്. ഇനി ബാക്കി വരുന്ന എണ്ണ കളയാതെ ഇതു പോലെ ഉപകാരപ്പെടുത്താം.