നമ്മളിൽ അധികം പേരും സ്വർണ്ണാഭരണങ്ങളിടാൻ ഇടാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ അവ തിളക്കമില്ലാത്തതും അഴുക്ക് പിടിച്ചതുമാണെങ്കിൽ ഇടാൻ മടിയാണ്. എവിടെയെങ്കിലും പോകാൻ ഒരുങ്ങുമ്പോഴാകും പലപ്പോഴും ആഭരണങ്ങൾ വൃത്തിയാക്കുന്നതിനെ പറ്റി ചിന്തിക്കുന്നത്. അന്തരീക്ഷത്തിലെ പൊടി പിടിക്കുന്നതാണ് പലപ്പോഴും ആഭരണങ്ങളുടെ തിളക്കം നഷ്ടപ്പെടാൻ കാരണമാകുന്നത്. എന്നാൽ അഴുക്ക് പിടിച്ചതും നിറം മങ്ങിയതുമായ ആഭരണങ്ങൾ ജ്വല്ലറിയിൽ കൊടുത്ത് പോളീഷ് ചെയ്തത് പോലെ തിളങ്ങാൻ നിമിഷ നേരം മതി.
നമ്മളിൽ പലരും സ്വർണാഭരണം വൃത്തിയാക്കുന്നതിന് സാധാരണ ചെയ്യുന്നത് തണുത്ത വെള്ളത്തിൽ സോപ്പ് പൊടിയിട്ട് അതിൽ 10 മിനിറ്റ് ആഭരണങ്ങൾ മുക്കി വെക്കുകയാണ്. എന്നാൽ അത് അഴുക്ക് പോകില്ലെന്ന് മാത്രമല്ല സ്വർണത്തിന് നല്ലതല്ല. ചിലർ സ്റ്റവ്വിൽ വെച്ച് സ്വർണ്ണം തിളപ്പിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് സ്വർണ്ണത്തിൻ്റെ തൂക്കം കുറയാൻ കാരണമാകും. സ്വർണാഭരണങ്ങൾ വൃത്തിയാക്കുന്നതിന് എളുപ്പ വഴിയുണ്ട്. അതിനായി ഒരു പാത്രത്തിൽ തിളച്ച വെള്ളമെടുത്ത് അതിലേക്ക് 1 ടീസ്പൂൺ ഷാംപൂ, 1 ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് പത വരുന്നത് വരെ നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ശേഷം സ്വർണ്ണാരണങ്ങൾ ഈ മിശ്രിതത്തിൽ ഇട്ട് വെക്കാം. വെള്ളത്തിൻ്റെ ചൂടാറുന്നത് വരെ ആഭരണങ്ങൾ ഇട്ട് വക്കേണ്ടതുണ്ട്. ആഭരണത്തിന്‍റെ ചെറിയ സുഷിരങ്ങളിലായി പിടിച്ചിരുന്ന ചെളി ഇളകി വരുന്നത് കാണാം. അതിന് ശേഷം എടുക്കുമ്പോൾ ആഭരണങ്ങൾ അഴുക്ക് മാറി നന്നായി തിളങ്ങുന്നത് കാണാം. കൂടുതൽ അഴുക്കുണ്ടെങ്കിൽ ചെറിയ ബ്രഷ് ഉപയോഗിച്ച് പതുക്കെ തേച്ച് കൊടുക്കാവുന്നതാണ്. എന്നാൽ കൂടുതൽ ശക്തിയായി ചെയ്യാൻ പാടില്ല. അതിന് ശേഷം മറ്റൊരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ബ്രഷ് ചെയ്ത ആഭരണങ്ങൾ ഇട്ട് കഴുകിയെടുത്ത് മൃദുവും വൃത്തിയുള്ളതുമായ തുണി വച്ച് തുടച്ചെടുക്കാം. സ്വര്‍ണ്ണാഭരണങ്ങള്‍ വൃത്തിയാക്കാനുള്ള ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗമാണിത്. അഴുക്ക് പോകുമെന്ന് മാത്രമല്ല, സ്വർണാഭരണങ്ങളുടെ തിളക്കം വീണ്ടെടുത്ത് പുതിയത് പോലെയാകാനും ഇത് സഹായിക്കും.