മഴക്കാലമെത്തിയാൽ വീടിന് പ്രത്യേക പരിചരണം ആവശ്യമാണ്. വൃത്തിയും വെടിപ്പുമുള്ള പരിസരങ്ങൾ മഴക്കാലത്ത് പെട്ടെന്നാണ് അലങ്കോലമാകുന്നത്. അവയിൽ എടുത്ത് പറയേണ്ട ഒന്നാണ് കാർപ്പെറ്റുകൾ. സാധാരണ കാർപ്പറ്റുകൾ ഉപയോഗിക്കുമ്പോൾ മഴയോ കാറ്റോ ഏറ്റാൽ അവ പെട്ടെന്ന് നനയും. ഉടൻ തന്നെ അത് മാറ്റി വേറെ ഇട്ടില്ലെങ്കിൽ തെന്നി വീഴാനുമിടയുണ്ട്. മഴക്കാലത്ത് എത്ര കാർപ്പറ്റുകളുണ്ടെങ്കിലും മതിയാകില്ല. വെയിലില്ലാത്തതിനാൽ കഴുകി ഉണക്കാനും പ്രയാസമാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഒരു എളുപ്പവഴിയുണ്ട്.
നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് അരി ചാക്ക്. അരി വാങ്ങുമ്പോൾ കിട്ടുന്ന ഈ ചാക്ക് സാധാരണ എന്തെങ്കിലും ഇട്ട് വെക്കാറാണ് പതിവ്. പലരും ഇത് കളയുകയും ചെയ്യും. ഇനി അരി ചാക്ക് കളയാതെ സൂക്ഷിക്കാം. അരിചാക്ക് വീട്ടിൽ ഇല്ലാത്തവർക്ക് കടയിൽ നിന്നും വെറും 10 രൂപയ്ക്ക് കിട്ടും. അരി ചാക്ക് കൊണ്ട് വളരെ എളുപ്പത്തിൽ മഴക്കാലത്ത് ഉപയോഗിക്കാവുന്ന കാർപെറ്റ് നിർമ്മിക്കാം. ഒരു അരിചാക്ക് എടുത്ത് രണ്ടായി മടക്കി മുറിച്ചെടുക്കുക. ഒരു പീസ് മാറ്റി വെക്കാം. പഴയ രണ്ട് പീസ് തുണികൾ ഇതിന് ആവശ്യമുണ്ട്. കട്ടിയുള്ള പഴയ അണ്ടർ സ്കർട്ട് എടുക്കാവുന്നതാണ്.
ഒരു അണ്ടർ സ്കർട്ട് വിരിച്ചിട്ട ശേഷം അതിന് മുകളിൽ അരിച്ചാക്ക് വെച്ച് അതിൻ്റെ ആകൃതിയിൽ മുറിച്ചെടുക്കുക. ഒരു ഇഞ്ച് തുണി കൂട്ടിയിട്ട് മുറിക്കുക. അടുത്ത പീസ് തുണിയെടുത്ത് രണ്ടായി മടക്കുക. ചാക്ക് കഷ്ണം മുകളിൽ വെച്ച് മുൻപ് ചെയ്തത് പോലെ മുറിച്ചെടുക്കുക. അണ്ടർ സ്കർട്ട് എടുക്കുന്നതെങ്കിൽ മുൻപ് ചെയ്ത പോലെ മുറിച്ചെടുക്കുക. പഴയ നൈറ്റിയും പകരമായി ഉപയോഗിക്കാവുന്നതാണ്. മുറിച്ചെടുത്ത ശേഷം രണ്ട് തുണികളുടെയും നല്ല വശം ഉള്ളിലും ചീത്ത വശം പുറമെയും വരുന്ന വിധത്തിൽ ഒന്നിച്ച് വെക്കുക. ശേഷം ഇതിൻ്റെ മൂന്ന് വശങ്ങൾ തയ്ച്ചെടുക്കുക. ഒരു വശം തയ്ക്കാതെ തുറന്നിടാം. തയ്ച്ച ശേഷം തുണി മറിച്ചിട്ട് അതിനകത്തേക്ക് ചാക്ക് കയറ്റുക. ശേഷം മൂന്ന് വശങ്ങളും ചാക്കും തുണിയും ചേർത്ത് വീണ്ടും തയ്ച്ചെടുക്കുക. തയ്ക്കാതെ വിട്ട വശം തുമ്പ് അകത്താക്കി നന്നായി തയ്ച്ചെടുക്കുക. ലേസോ, റിബണോ ഉപയോഗിച്ച് കൂടുതൽ ഭംഗിയാക്കി എടുക്കാം. കാർപെറ്റ് റെഡി. ഇത് നിർമ്മിച്ചെടുത്താൽ രണ്ട് വശവും കാർപ്പറ്റായി ഉപയോഗിക്കാം. നടുവിൽ ചാക്ക് ഉള്ളതിനാൽ ഒരു വശം നനഞ്ഞാലും മറ്റേ വശം നനയില്ല. എളുപ്പത്തിൽ അലക്കി ഉണക്കിയെടുക്കാനും സാധിക്കും.