നമ്മൾ എല്ലാവരും കുളിക്കാൻ സോപ്പ് ഉപയോഗിക്കുന്നവരാണ്. പലപ്പോഴും ഇവ ഉപയോഗിച്ച് തീരാറാകുമ്പോൾ തന്നെ നമ്മൾ പുതിയത് വാങ്ങി വെക്കുകയാണ് പതിവ്. ബാക്കി വരുന്ന സോപ്പിൻ്റെ ചെറിയ കഷ്ണങ്ങൾ കളയുകയും ചെയ്യും. എന്നാൽ ഇത് കളയാതെ സൂഴിച്ചാൽ ഇവയിൽ നിന്നും സുഗന്ധമുള്ള ഇഷ്ടമുള്ള ഡിസൈനിൽ പുതിയ സോപ്പ് ഉണ്ടാക്കിയെടുക്കാം. ഇനി സ്വയം നിർമ്മിച്ച സോപ്പ് നിങ്ങൾക്കും ഉപയോഗിച്ച് തുടങ്ങാം. ചെറുതെങ്കിൽ ബാഗിൽ കൊണ്ട് നടക്കാനും പറ്റും. ചിലവ് കുറക്കാൻ വീട്ടിലെ ഹാൻഡ് വാഷുകൾക്ക് പകരം ഈ ചെറിയ ഭംഗിയുള്ള സോപ്പുകൾ വെക്കാം.
ബാക്കി വന്ന സോപ്പുകൾ കളയാതെ കൂട്ടിവെച്ച് 5-6 എണ്ണമാകുമ്പോൾ സോപ്പുകൾ ഉണ്ടാക്കാം. ബാക്കി വന്ന സോപ്പ് വലുതാണെങ്കിൽ ഗ്രേറ്റ് ചെയ്തെടുക്കേണ്ടതുണ്ട്. സോപ്പ് തയ്യാറാക്കാൻ ഉപയോഗിക്കാത്ത പത്രങ്ങളെടുക്കുക. ആവശ്യമെങ്കിൽ നിറങ്ങളനുസരിച്ച് സോപ്പുകൾ വേർതിരിച്ചെടുത്ത് ഉണ്ടാക്കാം. ഉപയോഗിക്കാത്ത പഴയ പാത്രത്തിൽ വെള്ളമെടുത്ത് ചൂടാകുമ്പോൾ സോപ്പ് കഷ്ണങ്ങൾ ഇട്ട് ലോ ഫ്ലെയിമിൽ വീണ്ടും തിളപ്പിക്കുക. സോപ്പ് കഷ്ണങ്ങൾ നന്നായി അലിയിക്കുക. ഇതിലേക്ക് സുഗന്ധത്തിനായി 1 ടേബിൾ സ്പൂൺ റോസ് വാട്ടർ ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കി കൊടുക്കുക. സോപ്പ് ഒരു വിധം അലിഞ്ഞ് കഴിയുമ്പോൾ 5-6 മിനിറ്റ് ചൂടാറാൻ വെക്കാം. പാത്രത്തിൻ്റെ വശങ്ങളിൽ പറ്റിപ്പിടിച്ച സോപ്പും വടിച്ചിടാൻ ശ്രദ്ധിക്കുക. സോപ്പ് സെറ്റാക്കുന്നതിന് ഐസ് ട്രേ, മഫിൻ ട്രേ തുടങ്ങിയവ ഉപയോഗിക്കാം. നിങ്ങളുടെ ഇഷ്ടമനുസരിച്ച് എത് മോൾഡ് വേണമെങ്കിലും എടുക്കാം. മോൾഡ് പാത്രങ്ങളിൽ എണ്ണയോ വാസ്ലിനോ തൂത്ത ശേഷം സോപ്പ് ഉരുക്കിയത് ഒഴിച്ച് കൊടുക്കുക. വേറെ നിറം ആവശ്യമെങ്കിൽ ഇതിൽ ഫുഡ് കളർ ചേർക്കാവുന്നതാണ്. ഒരു രാത്രി മുഴുവൻ സോപ്പ് ഉണങ്ങാൻ വെക്കേണ്ടതുണ്ട്. പിറ്റേന്ന് സെറ്റായ സോപ്പുകൾ മോൾഡിൽ നിന്നും മാറ്റി സൂക്ഷിക്കാം. ഇനി പഴയ സോപ്പ് കളയാതെ ഇത് പോലെ അടിപൊളി സോപ്പുണ്ടാക്കി വാഷ് ബേസിനിലും വാഷ് റൂമിലുമായി വെക്കാം.