ഓർഡർ ചെയ്തത് പവർ ബാങ്ക്, കിട്ടിയത് ഒരു സ്മാർട്ട് ഫോൺ

ഓൺലൈനായി സാധനങ്ങൾ വാങ്ങി പറ്റിക്കപ്പെടുന്ന സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ഓർഡർ ചെയ്ത സാധനത്തിന് പകരം കല്ലും സോപ്പുമൊക്കെ ലഭിച്ചവരുമുണ്ട്. എന്നാൽ ഓർഡർ ചെയ്ത വസ്തുവിനെക്കാൾ വിലയേറിയതും മൂല്യവുമുള്ള സാധനം ലഭിച്ചാലോ? വളരെ അപൂർവ്വമായ ഉത്തരം ഒരു അനുഭവമാണ് ഒരു മലപ്പുറംകാരന് പറയാനുള്ളത്.

കോട്ടക്കൽ ഏരിക്കാട് സ്വദേശി നബീൽ നാഷിദ് പവർ ബാങ്ക് ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് ഒരു സ്മാർട്ട് ഫോൺ. തിരിച്ച് അയക്കാൻ ശ്രമിച്ചപ്പോൾ ആമസോൺ നല്കിയ മറുപടി ഞെട്ടിക്കുന്നതാണ്. നാഷിദിൻ്റെ സഹോദരിയായ നാസ്മിൻ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തിരുന്നത് നാഷിദിൻ്റെ ഫോൺ ഉപയോഗിച്ചായിരുന്നു. ഫോണിൽ ചാർജ് പെട്ടെന്ന് തീരുന്നതിനാലാണ് പവർ ബാങ്ക് വാങ്ങാൻ നാഷിദ് തീരുമാനിച്ചത്. ഓൺലൈനിൽ തന്നെ പണമടച്ച് ഓർഡറും ചെയ്തു. ഈ മാസം 10 ന് ഓർഡർ ചെയ്ത് വെറും 5 ദിവസത്തിനുള്ളിൽ തന്നെ പാർസൽ വീട്ടിലെത്തി. തുറന്ന് നോക്കിയപ്പോൾ 1400 രൂപയുടെ പവർ ബാക്ക് ഓർഡർ ചെയ്ത നാഷിദിന് ലഭിച്ചത് 8000 രൂപ വില വരുന്ന സ്മാർട്ട് ഫോൺ. തുടർന്ന് പവർ ബാങ്കിന് പകരം ഫോൺ ലഭിച്ച വിവരം ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണിനെ അറിയിച്ചു. ലഭിച്ച ഫോണിൻ്റെ ഫോട്ടോ എടുത്ത് ആമസോണിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തെറ്റ് പറ്റിയതിന് ആമസോണിൻ്റെ ക്ഷമാപണമാണ് ആദ്യം വന്നത്. തിരിച്ചയക്കുന്ന കാര്യം പറഞ്ഞപ്പോൾ സത്യസന്ധതയ്ക്കുള്ള സമ്മാനമായി എടുത്തുകൊള്ളാനാണ് ആമസോണിൻ്റെ മറുപടി. നാഷിദിൻ്റെ സത്യസന്ധത മാനിച്ച് ആ ഫോൺ തിരിച്ച് നല്കേണ്ടതില്ല താങ്കള്‍ തന്നെ ഉപയോഗിച്ചോളൂ എന്ന് ആമസോൺ കുറിച്ചു. ഷവോമി റെഡ് മി എട്ട് എ ഡ്യുവല്‍ ഫോണായിരുന്നു നാഷിദിന് ലഭിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം അനിയത്തി നാസ്മിന് ഓൺലൈൻ പഠനത്തിനായി നല്കാനാണ് നിഷിദിൻ്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *