മുട്ട ഒരു സമ്പൂർണ്ണ ഭക്ഷണമാണ്. കാടമുട്ടയോ കോഴിമുട്ടയോ താറാമുട്ടയോ അങ്ങനെ ഏതാണെങ്കിലും വളരെയേറെ ഗുണങ്ങളടങ്ങിയതാണിവ. ശരീരത്തിൻ്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ട. എന്നാൽ കേടായ മുട്ടയെങ്കിൽ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. കടയിൽ നിന്നു വാങ്ങി വെച്ചിരിക്കുന്ന മുട്ടയുടെ പഴക്കം അധികമാരും ശ്രദ്ധിക്കാറില്ല. അവ തിരിച്ചറിയാൻ അല്പം പ്രയാസമാണ്. മുട്ട പൊട്ടിച്ച് പാകം ചെയ്യുമ്പോൾ ദുർഗന്ധം വരുമ്പോഴാകും പലരും ഇത് ശ്രദ്ധിക്കുന്നത്.
നമ്മൾ കടയിൽ നിന്നും വാങ്ങുന്ന മുട്ട എത്രത്തോളം പഴക്കമുള്ളതാണെന്ന് കണ്ട് പിടിക്കാൻ എളുപ്പ വിദ്യകളുണ്ട്. കോഴി മുട്ടയിട്ട ശേഷം 7 ദിവസം വരെ ആ മുട്ട പൂർണ്ണമായും ഫ്രഷോടെയിരിക്കും. എന്നാൽ പലരും മുട്ട ഒരു മാസത്തോളം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ മുട്ടയ്ക്ക് രൂപത്തിൽ വലിയ വ്യത്യസമുണ്ടാകില്ല. എന്നിരുന്നാലും മുട്ട ഒരു മാസത്തിലധികം നാൾ വെക്കുമ്പോൾ അവയിൽ സാൽമൊണല്ല എന്ന ബാക്ടീരിയ ഉണ്ടാകും. അത് ശരീരത്തിനുള്ളിൽ ചെന്നാൽ പനി, ഛർദ്ദി, എന്നിവയ്ക്ക് കാരണമാകും. അതിനാൽ ഒരു മാസം പഴക്കമുള്ള മുട്ടയിലെ ബാക്ടീരിയയെ നശിപ്പിക്കാൻ മുട്ട നന്നായി പുഴുങ്ങേണ്ടി വരും. ചിലർ മുട്ട നന്നായി വേവിക്കാതെ കഴിക്കാനിഷ്ടപ്പെടാറുണ്ട്. പഴകിയ മുട്ട ഇങ്ങനെ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. മുട്ടയുടെ പഴക്കം ടെസ്റ്റ് ചെയ്യാൻ പല മാർഗ്ഗങ്ങളുണ്ട്. കടയിൽ നിന്നും വാങ്ങിയ മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. മഞ്ഞയ്ക്ക് ചുറ്റും നില്ക്കുന്ന വെള്ളയുടെ എത്രത്തോളം ഭാഗം കട്ടിയായതാണെന്ന് നോക്കുക. കുറച്ച് ഭാഗം വെള്ളം പോലെയും കുറച്ച് ഭാഗം കുറുകിയത് പോലെയുമാണെങ്കിൽ ഒരാഴ്ചയോളം പഴക്കമാണെന്ന് മനസ്സിലാക്കാം. പഴക്കം ചെല്ലുന്തോറും മുട്ട കട്ടിയില്ലാതെ വെള്ളം പോലെയുള്ള പരുവമാകും.
മുട്ട പൊട്ടിച്ച് നോക്കാതെയും പഴക്കം കണ്ട് പിടിക്കാനാകും. ഒരു പാത്രത്തിൽ നിറയെ വെള്ളമെടുത്ത് മുട്ടകൾ അതിലേക്ക് ഇട്ട് കൊടുക്കുക. ഈ മുട്ടകൾ പലതും പല ഉയരത്തിലാകും പൊങ്ങി കിടക്കുന്നത്. ചിലത് ഏറ്റവും താഴെയും ചിലത് പൊങ്ങിയുമാകും കിടക്കുന്നത്. ഇത് നോക്കി മുട്ടയുടെ പഴക്കം മനസ്സിലാക്കാം. മുട്ടയുടെ തോട് വായു അകത്തേക്ക് കടത്തി വിടും. എത്ര നാൾ ഇത് സൂക്ഷിച്ച് വെക്കുന്നോ അത്രത്തോളം വായു മുട്ടയ്ക്കുള്ളിൽ കയറും. ഫ്രഷ് മുട്ടയെങ്കിൽ പാത്രത്തിൻ്റെ താഴെയാകും കിടക്കുന്നത്. പലപ്പോഴും മുട്ട പുഴുങ്ങുമ്പോൾ മുകൾ ഭാഗം വെട്ടിയ പോലെ കാണപ്പെടാറുണ്ട്. വായു തങ്ങി നിന്നതിനാലാണ് അങ്ങനെ വരുന്നത്. പാത്രത്തിൻ്റെ താഴെ നിന്നാൽ മുട്ടയ്ക്ക് 3-4 ദിവസം പഴക്കമുണ്ടെന്ന് മനസ്സിലാക്കാം. കുറച്ച് പൊങ്ങി നിന്നാൽ 7-9 ദിവസം വരെ പഴക്കം കരുതാം. വെള്ളത്തിനടിയിൽ പൊങ്ങി നിന്നാൽ 15 ദിവസമോ അതിലധികമോ പഴക്കം ഉണ്ടെന്ന് മനസില്ലാക്കാം. ചില മുട്ടകൾ വെള്ളത്തിന് മുകളിൽ തന്നെ പൊങ്ങി കിടക്കും. അത് ഒരു മാസമോ അതിൽ കൂടുതലോ പഴക്കമുള്ളതാണ്. ഇത്തരം മുട്ടകളുണ്ടെങ്കിൽ പൊട്ടിച്ച് മണത്ത് നോക്കി ദുർഗന്ധമുണ്ടെങ്കിൽ ഉപയോഗിക്കരുത്. മുടിയിൽ തേക്കാനോ മറ്റോ ഈ മുട്ട ഉപയോഗിക്കാം. ദുർഗന്ധമില്ലെങ്കിൽ നല്ലത് പോലെ വേവിച്ച് കഴിക്കാവുന്നതാണ്. ഫ്രീസറിൽ വെച്ച് സൂക്ഷിക്കുന്ന മുട്ടയിൽ വായു കയറാൻ സാധ്യത കുറവാണ്. ഇനി വീട്ടിൽ വാങ്ങുന്ന മുട്ടകൾ ഇത് പോലെ പരിശോധിച്ച ശേഷം ഉപയോഗിക്കാം.