കോവിഡ് വ്യാപനം പ്രതിരോധിക്കാൻ നിലവിലുള്ള മികച്ച മാർഗ്ഗമാണ് മാസ്ക്കും. ഈ മാസ്കിനൊപ്പം ഫേസ് ഷീൽഡ് കൂടി വച്ചാൽ കൊറോണ ബാധയെ കൃത്യമായി തടയാനാവുമെന്ന് പറയപ്പെടുന്നു. ലക്ഷണം കാണാത്ത എന്നാൽ കോവിഡ് സാധ്യതയുളള ആളുകളുമായി ഇടപഴകുന്ന ചെന്നൈയിലെ കമ്യൂണിറ്റി ഹെൽത്ത് വർക്കർമാരുടെയിടയിൽ ഫേസ് ഷീൽഡ് ഉപയോഗത്തിനു മുൻപും ശേഷവുമുള്ള രോഗവ്യാപനത്തിൻ്റെ അടിസ്ഥാനത്തിലാണ് തെളിയിക്കപ്പെട്ടത്. ഫേസ് ഷീൽഡ് ഉപയോഗിച്ചതിനെ തുടർന്ന് രോഗസാധ്യത വളരെ കുറഞ്ഞിരുന്നു. അതിനാൽ ഇനി ആരോഗ്യപ്രവർത്തകർ, ട്രാഫിക് പൊലീസുകാർ, എന്നിങ്ങനെയുള്ളവർ മാത്രമല്ല ശാരീരിക അകലം പാലിക്കുന്നതോടൊപ്പം എല്ലാവരും മാസ്കിനൊപ്പം ഫേസ് ഷീൽഡ് കൂടി ഉപയോഗിക്കുന്നതു ആവശ്യമാണ്. ആവശ്യമായ ജാഗ്രതയും കരുതലുമെടുത്താൽ രോഗത്തെ ചെറുത്തു നില്ക്കാനാകും. എന്നാൽ ഫേസ് ഷീൽഡിന് പണം ചിലവാക്കേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ നിർമ്മിക്കാനാകും. കൂടുതൽ ഫേസ് ഷീൽഡ് നിർമാണം ചെയ്യാവുന്നവർക്ക് ഇത് ഒരു വരുമാനവുമാക്കാം.
ഫേസ് ഷീൽഡ് തയാറാക്കുന്നതിനായി ഒരു കട്ടിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റ് എടുത്ത് 11 1/2 ഇഞ്ച് വീതിയിലും 10 ഇഞ്ച് നീളത്തിലും മുറിച്ചെടുക്കുക. ശേഷം ഈ ഷീറ്റ് നടുവിലൂടെ നേരെ മടക്കുക. ഇതിൻ്റെ താഴത്തെ വശങ്ങൾ വളച്ച് വെട്ടി കൊടുക്കുക. അതിന് ശേഷം മുകളിൽ വെക്കുന്നതിന് 13 1/ 2 ഇഞ്ച് വീതിയും 3 ഇഞ്ച് നീളവുമുള്ള ഒരു കഷ്ണം തുണിയെടുക്കുക. ഈ തുണിയുടെ നാല് വശങ്ങളും മടക്കി അടിക്കേണ്ടതുണ്ട്. തുണിയുടെ ഇരു വശങ്ങൾ അടിച്ച ശേഷം അതിൻ്റെ സെൻ്റർ മാർക്ക് ചെയ്യുക. ശേഷം പ്ലാസ്റ്റിക്ക് ഷീറ്റിൻ്റെയും സെൻ്റർ മാർക്ക് ചെയ്യുക. തുണിയുടെ ബാക്കി വശങ്ങൾ മടക്കി അടിച്ചതിന് ശേഷം തുണിയുടെ സെൻ്റർ പോയിൻറും പ്ലാസ്റ്റിക്ക് ഷീറ്റിൻ്റെ സെൻ്റർ പോയിൻറും ഒന്നിച്ച് വെച്ച് അരിക് മടക്കി അടിച്ചെടുക്കുക. ഏകദേശം 7- 9 ഇഞ്ച് ഇലാസ്റ്റിക്ക് ആവശ്യമായത്. നെറ്റിയിൽ വെച്ച് നോക്കി അതനുസരിച്ച് ഇലാസ്റ്റിക്ക് എടുക്കാവുന്നതാണ്. ഇലാസ്റ്റിക്ക് തുണിയുടെ രണ്ട് വശങ്ങളിലും ചേർത്ത് അടിച്ച് കൊടുക്കുക. ഇലാസ്റ്റിക്കിന് പകരം സാറ്റിൻ റിബണും ഉപയോഗിക്കാവുന്നതാണ്. ഫേസ് ഷീൽഡ് റെഡി.