മനുഷ്യർക്കിടയിൽ പോലും കാണാത്ത സഹജീവി സ്നേഹമാണ് ഈ ആനക്കൂട്ടത്തിന് . മാനിനെ രക്ഷിക്കാൻ ആനകളുടെ പ്രവർത്തി കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ. മനുഷ്യരെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള സഹജീവി സ്നേഹത്തിൻ്റെ നേർസാക്ഷ്യങ്ങൾ മൃഗങ്ങൾക്കിടയിൽ പ്രകടമാകുന്നുണ്ട്. സഹജീവികളെ രക്ഷിക്കാൻ എന്ത് സാഹസികത്തിനും മടിക്കാറില്ല ഈ മൃഗങ്ങൾ. ആർക്കെങ്കിലും എന്തെങ്കിലും ഒരപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിനായി മുന്നിൽ നില്ക്കും. ഇത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതും ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ്. ആഫ്രിക്കൻ മാനിനെ രക്ഷിക്കുന്ന ആനകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാട്ടിൽ തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്ന ആനക്കൂട്ടവും അവർക്ക് സമീപം ചതുപ്പിൽ പെട്ട് പോകുന്ന മാനുമാണ് വീഡിയോയിൽ കാണാവുന്നത്. തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ മാൻ്റെ കാൽ ചതുപ്പിൽ പെട്ട് പോകുന്നു. മറ്റൊന്നും നോക്കാതെ മാനിനെ രക്ഷിക്കാൻ ആനക്കൂട്ടം ചതുപ്പിലെത്തുകയും ചെയ്യുന്നുണ്ട്. അവസാനം രക്ഷപ്പെടുത്തിയ മാനിനെ വീണ്ടും അപകടത്തിൽ പെടാതെയിരിക്കാൻ ഓടിക്കുന്നതും കാണാം. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുഷാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. അവർക്ക് പരസ്പരം അറിയില്ല, ഇനിയൊരിക്കലും ചിലപ്പോഴവർ കണ്ടുമുട്ടിയെന്നു വരില്ല, പക്ഷേ അതൊന്നും ചതുപ്പിൽപ്പെട്ട മാനിനെ രക്ഷിക്കുന്നതിൽ നിന്ന് ആനയെ പിന്നോട്ട് വലിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചത്. വീഡിയോയ്ക്ക് നിരവധിപ്പേരാണ് പ്രതികരണവുമായെത്തിയത്. 8,000ലധികം പേരാണ് ഈ വീഡിയോ കണ്ടത്. മൃഗങ്ങളുടെ ഈ സഹജീവി സ്നേഹം സോഷ്യൽ മീഡിയ ഏറ്റെടുത്തു.