നമ്മളിൽ പലരും അടുക്കളയിൽ നേരിടുന്ന ഒരു പ്രശ്നമാണ് കുപ്പിയുടെ അടപ്പ് തുറന്ന് എന്തെങ്കിലും ഒഴിക്കുമ്പോൾ കൂടുതൽ ഒഴുകി വീഴുന്നത്. സാധാരണ വീട്ടിലെ എണ്ണയും, വിനാഗിരിയും, ഉപ്പ് നീരുമൊക്കെ സൂക്ഷിക്കുന്നത് പ്ലാസ്റ്റിക്ക് കുപ്പിയിലും മറ്റുമാകും. ഇവയൊക്കെ കറിയിൽ അധികമായാലുള്ള ‘അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ. ഇവയെല്ലാം സൂക്ഷിക്കുന്നതിന് പ്രത്യേകം കുപ്പികൾ ഇന്ന് വിപണിയിലാണ്. എന്നാൽ പ്ലാസ്റ്റിക്ക് കുപ്പിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇവയ്ക്ക് വിപണിയിലുള്ള വില കേട്ടാൽ ഞെട്ടും. എന്നാൽ വലിയ വില കൊടുത്ത് ഇത്തരം കുപ്പികൾ വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമില്ല. നമ്മൾ വീട്ടിൽ വാങ്ങുന്ന വെള്ളത്തിൻ്റെയോ ഡ്രിങ്ക്സിൻ്റെയോ കുപ്പി ഇവ സൂക്ഷിക്കാവുന്ന പാകത്തിന് ചെയ്തെടുക്കാവുന്നതാണ്.
പ്ലാസ്റ്റിക്ക് ബോട്ടിലിൽ ഇവയെല്ലാം ഒഴിച്ച് വെക്കുന്നതെങ്കിൽ എളുപ്പത്തിൽ ആവശ്യത്തിന് മാത്രം എടുക്കുന്നതിന് കുപ്പിയിൽ ഇങ്ങനെ ഒന്ന് ചെയ്താൽ മാത്രം മതി. ഇതിനായി ആവശ്യമായത് ഒരു കുപ്പിയും കട്ടിയുള്ള വടിയും മാത്രമാണ്. കുപ്പിയുടെ അടപ്പിൻ്റെ പുറം ഭാഗം തീയിൽ കാണിച്ച് ചൂടാക്കുക. ഉരുകി തുടങ്ങുമ്പോൾ കമ്പ് ഉപയോഗിച്ച് അടപ്പിൻ്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നന്നായി കുത്തി കൊടുക്കുക. കുത്തി കൊടുക്കുമ്പോൾ അടപ്പ് ഒരു കുഴലിൻ്റെ ആകൃതിയിൽ ലഭിക്കും. അതിൻ്റെ അറ്റം നന്നായി ലെവൽ ചെയ്യുന്നതിന് ആവശ്യമെങ്കിൽ കത്രിക ഉപയോഗിച്ച് തുമ്പ് മുറിച്ച് കൊടുക്കാം. ഈ കുപ്പികളിൽ എണ്ണയും വിനാഗിരിയും മറ്റും സൂക്ഷിച്ചാൽ അടപ്പ് തുറക്കാതെ തന്നെ നമ്മുടെ ആവശ്യത്തിന് ഒഴിക്കാം. നമുക്ക് കുപ്പിയിൽ അമർത്തി കൊടുത്ത് ആവശ്യാനുസരണം ഉപയോഗിക്കാം. വീട്ടിലെ സോസും കെച്ചപ്പും എന്നു വേണ്ട ഏത് ലിക്യുഡും ഇതുപോലെ സൂക്ഷിക്കാനാകും.