വിനാഗിരിയുടെ ഈ ഉപയോഗങ്ങൾ അറിയാതെ പോകരുത്

നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ എപ്പോഴും ഉണ്ടാക്കുന്ന ഒന്നാണ് വിനാഗിരി. വിനാഗിരി നമ്മളിൽ പലരും സ്ഥിരമായി ഉപയോഗിക്കാറുണ്ട്. കറികളിലും മറ്റും രുചി നല്കാൻ ഉപയോഗിക്കുന്നതാണ് ഇത്. എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല വിനാഗിരിയുടെ ഉപയോഗം. അടുക്കളയിലും അല്ലാതെയും പല കാര്യങ്ങൾക്കായി വിനാഗിരി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയും. വിനാഗിരിയുടെ ഇത്തരം ഉപയോഗങ്ങൾ നാം അറിഞ്ഞാൽ അതിനായി ചിലവഴിക്കുന്ന പണം ലാഭിക്കാനാകും.

നമ്മൾ സാധാരണ കുക്കറിൽ എന്തെങ്കിലും വേവിക്കുമ്പോൾ കുക്കറിലെ വെള്ളം തിളച്ച ഭാഗത്ത് കറ പിടിക്കാറുണ്ട്. ഇങ്ങനെ കുക്കറിൽ കറ വരാതിരിക്കാനായി വെള്ളം ഒഴിക്കുമ്പോൾ കുറച്ച് വിനാഗിരി ചേർത്ത് കൊടുക്കാം. ഇങ്ങനെ ചെയ്താൽ കറ വരില്ല. ചിലപ്പോഴെങ്കിലും നമുക്ക് ഗ്ലാസ്സ് ഗിഫ്റ്റ് കിട്ടാറുണ്ട്. കടകളിൽ നിന്നെങ്കിൽ അവരുടെ പേരും മറ്റും പ്രിൻ്റ് ചെയ്താകും ഇവ ലഭിക്കുക. ഈ പ്രിൻറ് എത്ര ഉരച്ച് കഴുകിയാലും പോകാൻ പ്രയാസമാണ്. എന്നാൽ കുറച്ച് വിനാഗിരി ഉപയോഗിച്ച് പ്രിൻ്റ് പൂർണ്ണമായും കളയാനാകും. അതിനായി ഒരു പാത്രത്തിൽ കുറച്ച് വിനാഗിരിയെടുത്ത് ഗ്ലാസ്സിൻ്റെ പ്രിൻ്റുള്ള ഭാഗം മുക്കി ഒരു മണിക്കൂർ വെക്കുക. ശേഷം ഒരു കോട്ടണോ തുണിയോ ഉപയോഗിച്ച് പ്രിൻറ് തുടച്ച് കളയാം.

നമ്മൾ മുട്ട പുഴുങ്ങുമ്പോൾ വെള്ളം ഒഴിക്കുന്നതോടൊപ്പം 1 – 2 ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുത്താൽ മുട്ട വേവുമ്പോൾ പൊട്ടി പോകുന്നത് ഒഴിവാക്കാം. ചിക്കൻ മാരിനേറ്റ് ചെയ്യുമ്പോൾ കുറച്ച് വിനാഗിരി ഒഴിച്ചാൽ ചിക്കൻ സോഫ്റ്റാകും. കോഫി കപ്പിലും ചായ കപ്പയും പെട്ടെന്നാണ് കറ പിടിക്കുന്നത്. ഈ കറ എളുപ്പത്തിൽ കളയാൻ വിനാഗിരി ഫലപ്രദമാണ്. ഒരു തുണിയിൽ വിനാഗിരി മുക്കി കപ്പിനുള്ളിൽ എല്ലായിടത്തും തുടച്ച് കുറച്ച് നേരം വെക്കുക .ശേഷം സാധാരണ കഴുകുന്നത് പോലെ കഴുകുമ്പോൾ കപ്പ് വൃത്തിയാകുന്നത് കാണാം.

നമ്മുടെ സ്റ്റീൽ ടാപ്പുകളിൽ വെള്ളത്തിൻ്റെ കറ പിടിച്ചിരിക്കുന്നത് കളയാനും വിനാഗിരി ഉപയോഗിക്കാം. വിനാഗിരി കൊണ്ട് തൂത്ത് കൊടുത്ത ശേഷം കഴുകാം. ഇവ വെട്ടിത്തിളങ്ങും. ഫ്രിഡ്ജിനുള്ളിലെ അഴുക്ക് കളയാനും വിനാഗിരി ഉത്തമമാണ്. വിനാഗിരിയും വെള്ളവും തുല്യ അളവിലെടുത്ത് ഫ്രിഡ്ജിന് ഉൾവശം നന്നായി തുടച്ച് കൊടുത്താൽ കറ മാറുകയും ഒപ്പം ദുർഗന്ധവും മാറും.

നമ്മൾ വീട്ടിൽ വേസ്റ്റ് വെച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ ധാരാളം അഴുക്കുകളും ദുർഗന്ധവും കാണും. വേസ്റ്റ് കളഞ്ഞ ശേഷം കുറച്ച് വിനാഗിരി ബിന്നിൻ്റെ എല്ലാ ഭാഗത്തും തേച്ച് ഒരു രാത്രി വെച്ച് രാവിലെ കഴുകിയെടുക്കുക. ആഴ്ചയിൽ ഒരു തവണ ചെയ്താൽ ദുർഗന്ധം മാറി ഇത് വൃത്തിയാകും. വീട്ടിലെ തെർമൽ ഫ്ലാസ്ക്കും, സ്റ്റീൽ ബോട്ടിലുകളും വൃത്തിയാക്കാൻ വെള്ളവും വിനാഗിരിയും തുല്യ അളവിലെടുത്ത് ഇവയിലേക്ക് ഒഴിച്ച് നന്നായി കുലുക്കി കഴുകുക. പുറം ഭാഗവും ഇത് പോലെ കഴുകിയെടുക്കാം.

പച്ചക്കറികളിലും പഴങ്ങളിലുമുള്ള കീടങ്ങളെ നശിപ്പിക്കാൻ ഒരു ലിറ്റർ വെള്ളത്തിൽ 1 – 2 ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് ഇതിൽ ഒരു മണിക്കൂർ വെക്കുക. കീടങ്ങളെ ഒരു പരിധി വരെ നശിപ്പിക്കാൻ കഴിയും. വെള്ളവും വിനാഗിരിയും തുല്യ അളവിലെടുത്ത് കണ്ണാടിയിൽ തളിച്ച് തുടച്ചാൽ അവ വെട്ടിത്തിളങ്ങും. ഇത് പോലെ, തടിയുടെ ഫർണിച്ചറുകൾ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം. അര ലിറ്റർ ചെറു ചൂട് വെള്ളത്തിൽ 1/4 കപ്പ് വിനാഗിരി, 2 ടേബിൾ സ്പുൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഫർണിച്ചറിൽ തിളച്ച് തുടച്ചാൽ അവ വെട്ടി തിളങ്ങും.

പ്ലാസ്റ്റിക്ക് കണ്ടെയ്നറുകളിൽ ചില ദുർഗന്ധങ്ങൾ തങ്ങി നില്ക്കാറുണ്ട്. ഇത് ഒഴിവാക്കാൻ ഒരു കഷ്ണം ബ്രഡിനുള്ളിൽ വിനാഗിരി ഒഴിച്ച് പ്ലാസ്റ്റിക്ക് കണ്ടെയ്നറിൽ ഒരു രാത്രി അടച്ച് വെക്കാം. രാവിലെ ഇതിലെ ദുർഗന്ധം പൂർണ്ണമായും മാറിയിട്ടുണ്ടാകും. ലെതറിൻ്റെ ബാഗ്, ബെൽറ്റ്, ഷൂസ് തുടങ്ങിയവ വെട്ടിത്തിളങ്ങാൻ വിനാഗിരി ഉപയോഗിച്ച് തുടച്ച് കൊടുത്താൽ മതി. വീട്ടിലെ സ്റ്റീൽ ഉപകരണങ്ങൾ തിളങ്ങാനും വിനാഗിരി ഉപയോഗിച്ച് തുടച്ച് കൊടുക്കാം. ഏറെ നാൾ ചായയെടുത്ത ഗ്ലാസ്സുകളുടെ നിറം മങ്ങുന്നതായി കാണാം. അര മണിക്കൂർ ഈ ഗ്ലാസ്സുകൾ വിനാഗിരിയിലിട്ട് വെച്ചാൽ ഗ്ലാസ്സിലെ എല്ലാ കറകളും പോയി പുതിയത് പോലെയാകും. ഇനി വിനാഗിരിയുടെ ഈ ഉപയോഗങ്ങൾ കൂടി പരീക്ഷിച്ച് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *