വൺ പ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോൺ ഇറങ്ങിയിട്ട് കുറച്ചായെങ്കിലും അതിൻ്റെ അലകൾ ഇപ്പോഴും അടങ്ങിയിട്ടില്ല എന്ന് വേണം പറയാൻ. വൺ പ്ലസ് നോർഡിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ സ്മാർട്ട് ഫോൺ പ്രേമികൾ ഇതിനായി കാത്തിരിക്കുകയായിരുന്നു. വലിയ സ്വീകാര്യത തന്നെയാണ് ഫോണിന് ലഭിച്ചത്. ഇത്രയും സ്വീകാര്യത ഈ ഫോണിന് ലഭിക്കാനുണ്ടായ കാരണം എന്തെന്നാൽ മികച്ച സ്പെസിഫിക്കേഷനും മികച്ച പ്രൈസിംഗും വൺ പ്ലസ് പുറത്തിറക്കുന്ന നോർഡിനുണ്ട് എന്ന വാർത്ത വന്നതോടെയാണ്. എന്നാൽ ഇപ്പോൾ നോർഡിനെക്കാളും കുറഞ്ഞ വിലയിൽ വൺ പ്ലസിൻ്റെ ബഡ്ജറ്റ് ഫ്രണ്ട്ലിയായ ഫോൺ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് അറിയുന്നു.
വൺ പ്ലസ് എന്ന ബ്രാൻ്റ് വൺ പ്ലസ് 1 മുതൽ വൺ പ്ലസ് 8 എന്ന സീരീസ് വരെ പുറത്തിറക്കി. ഓരോ സീരീസും പരിശോധിക്കുമ്പോൾ വില കൂടി പോകുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. വൺ പ്ലസ് 8 എന്ന ഏറ്റവും വിലയേറിയ സീരീസിന് ശേഷമാണ് നോർഡ് ഇറക്കിയത്. എന്നാൽ നോർഡ് ഇറക്കിയപ്പോൾ വില കുറയുകയാണ് ചെയ്തത്. മികച്ച സ്പെസിഫിക്കേഷനോടെ സാധാരണക്കാർക്ക് വാങ്ങാവുന്ന തരത്തിൽ വില കുറച്ചാണ് നോർഡ് എത്തിയത്. എന്നാൽ ഇപ്പോൾ അറിയുന്നതനുസരിച്ച് 10000 മുതൽ 15000 രൂപ വില വരുന്ന വൺ പ്ലസ് ഫോൺ അണിയറയിൽ ഒരുക്കുന്നു എന്നതാണ്. ക്ലോവർ എന്ന കോഡാണ് ഈ ഫോണിന് നല്കിയിരിക്കുന്നത് എന്നാണ് അറിയുന്നത്.
ആദ്യമായാണ് വൺ പ്ലസ് ഇത്തരമൊരു എൻട്രി ലെവൽ ഫോൺ തയ്യാറാക്കുന്നത്. ഷവമിയും റിയൽമിയും അരങ്ങ് വാഴുന്നതാണ് എൻട്രി ലെവൽ ഫോണുകൾ. 8000 മുതൽ 20000 വരെ വരുന്ന റേഞ്ചാണ് എൻട്രി ലെവൽ എന്ന് പറയാം. വൺ പ്ലസ് ക്ലോവറിൻ്റെ ക്വാൽകോമിൻ്റെ എൻട്രി ലെവൽ പ്രോസസറായ സ്നാപ് ഡ്രാഗൺ 460 ആയിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സാധാരണ വൺ പ്ലസ് ഫോണുകളിൽ നിന്നും ഒഴിവാക്കപ്പെടുന്നവയാണ് 3.5 mm ഓഡിയോ ജാക്കും ഡെഡിക്കേറ്റഡ് മെമ്മറി സ്ലോട്ടും. എന്നാൽ ഈ രണ്ട് കാര്യങ്ങളും ക്ലോവറിലുണ്ടാകും എന്നും 4 ജിബി റാമും 64 ജിബി ഇൻ്റേണൽ മെമ്മറി വേരിയൻ്റുമാകും എന്ന് അറിയുന്നു.
ബഡ്ജറ്റ് ഫ്രണ്ട്ലിയായി വൺ പ്ലസ് ക്ലോവറിനെ ഒരുക്കുന്നതെങ്കിലും ബാറ്ററി പവറിൻ്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇതിനില്ല. 6000 എംഎഎച്ച് ബാറ്ററിയും ചാർജിംഗിന് 18 വാട്ടിൻ്റെ ഫാസ്റ്റ് ചാർജറുമാണ് ക്ലോവറിലുള്ളത്. വൺ പ്ലസിൻ്റെ മുഖമുദ്രയായ അവരുടെ സ്വന്തം യൂസർ ഇൻ്റർഫേസായ ഓക്സിജൻ ഒ എസ് 10 ആകും ഇതിലുണ്ടാകുക. 6.52 ഇഞ്ചിൻ്റെ ഐപിഎസ് എൽസിഡി ഡിസ്പ്ലേയും, ബാക്ക് സൈഡിൽ മൂന്ന് കാമറകളുമാകും ഉണ്ടാകുന്നത്. പ്രൈമറി കാമറ 13 എംപിയും ബാക്കി രണ്ട് കാമറകൾ 2 എംപി വീതമാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഫിംഗർ പ്രിൻ്റ് സെൻസർ ഫോണിന് പിറക് വശമാകും എന്നാണ് അറിയുന്നത്. 4 ജി സപ്പോർട്ട് മാത്രമാകും ക്ലോവറിനുണ്ടാകുക എന്ന സൂചന ലഭിക്കുന്നുണ്ട്. ഏകദേശം 200 ഡോളർ അതായത് 14600 രൂപ നിരക്കിൽ വൺ പ്ലസ് ക്ലോവർ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെ ഒരു പക്ഷെ ഇന്ത്യൻ വിപണിയിൽ വൺ പ്ലസ് ക്ലോവർ ഇടം പിടിച്ചേക്കാം.