വര്‍ഷം മുഴുവന്‍ മാങ്ങ കേടാകാതെ സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്‌താല്‍ മതി

പഴങ്ങളുടെ രാജാവായ മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.പഴമാങ്ങയോട് മാത്രമല്ല പച്ചമാങ്ങയോടും എല്ലാവർക്കും പ്രിയം തന്നെയാണ്.പച്ചമാങ്ങ ഉപ്പും മുളകും കൂട്ടി കഴിക്കുന്നത് തന്നെ ഓർക്കുമ്പോൾ വായിൽ വെള്ളമൂറും.മാർച്ച് ഏപ്രിൽ മാസം ആണ് മാമ്പഴക്കാലം. സീസൺ കഴിഞ്ഞാൽ പിന്നെ മാങ്ങ കിട്ടില്ല.അതുകൊണ്ട് എല്ലാവരും മാങ്ങ ഉപ്പിലിട്ട് വെക്കുന്നത് ഒരു പതിവാണ്. മാങ്ങ മാത്രമല്ല കേട്ടോ നെല്ലിക്കാ പുളി നാരങ്ങ തുടങ്ങി ഒരുപാട് സാധനങ്ങൾ നമ്മൾ ഉപ്പിലി ടാറുണ്ട്.അതിൽ ആളുകൾക്ക് ഏറ്റവും പ്രിയം മാങ്ങ ഉപ്പിലിട്ടത് ആണ്. ഉപ്പിലിട്ട വെക്കുന്ന മാങ്ങ പിന്നീട് മഴക്കാലത്ത് കറിക്ക് മറ്റു വിഭവങ്ങൾ ഒന്നും കിട്ടാതെ വരുമ്പോൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപ്പിലിട്ട് വെക്കുന്നതിന്‍റെ ഉദ്ദേശവും ഇതുതന്നെയാണ്.

ഉപ്പുമാങ്ങ കൊണ്ട് ചമ്മന്തിയും അച്ചാറും ഉപ്പു മാങ്ങ കറിയും ഒക്കെ നമ്മൾ മഴക്കാലമാകുമ്പോൾ ഉണ്ടാകാറുണ്ട്.മഴക്കാലമാകുമ്പോൾ ഉപ്പു മാങ്ങ കറി തന്നെയായിരിക്കും മിക്ക വീടുകളിൽ ഉണ്ടാകുന്നത്. മാങ്ങ ഉപ്പിലിട്ട് വെക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ കൂടുതൽ കാലം നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും.ഉപ്പിലിടാൻ എടുക്കുന്ന മാങ്ങ എപ്പോഴും നല്ല മൂത്ത മാങ്ങയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.മാങ്ങ എല്ലാം നന്നായി കഴുകി വൃത്തിയാക്കി എടുക്കണം. ഇനി ഇത് ഒന്ന് വാട്ടി എടുക്കണം.

ഇതിനുവേണ്ടി ഒരു പാത്രത്തിൽ വെള്ളമെടുത്ത് നന്നായി ചൂടാക്കണം.നന്നായി വെള്ളം ചൂടായി വരുമ്പോൾ ഇതിലേക്ക് നമ്മൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മാങ്ങ ഇട്ട് കൊടുക്കണം.ഇനി ഈ മാങ്ങ ഒന്ന് വാടി കിട്ടുന്നത് വരെ ഇളക്കിക്കൊടുക്കണം.ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം മാങ്ങ ഒരിക്കലും നന്നായി വെന്തു പോകരുത്.മാങ്ങയുടെ കളർ ഒന്നും മാറി ചെറുതായിട്ട് വാടി വന്നുകഴിഞ്ഞാൽ ഇത് വെള്ളത്തിൽ നിന്നും എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാവുന്നതാണ്.ഇനി ഇതൊരു മുറത്തിലേക്കോ മറ്റോ നിരത്തി വെച്ച് തണുപ്പിച്ച് എടുക്കണം.നിരത്തി വെക്കുന്നതിനു മുൻപ് ഓരോ മാങ്ങയും നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ച് വേണം വെക്കാൻ. ഇനി മാങ്ങ വാട്ടിയ വെള്ളത്തിൽ നിന്നും അല്പം വെള്ളം എടുത്ത് അതിൽ ഒന്നര കപ്പ് കല്ലുപ്പ് ഇടണം.

ഇനി ഫ്ലെയിം ഓൺ ചെയ്ത് ഈ വെള്ളം നന്നായെന്നു തിളച്ചു ഈ കല്ലുപ്പ് എല്ലാം വെള്ളത്തിൽ നന്നായി അലിഞ്ഞു ചേരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക.ഇനി നന്നായി കഴുകി വൃത്തിയാക്കി ഉണക്കി ഒട്ടും ഈർപ്പമില്ലാത്ത പാത്രത്തിലേക്ക് തണുത്ത മാങ്ങ ഇടണം. മാങ്ങ പാത്രത്തിലേക്ക് ഇടുന്നതിനു മുൻപ് മാങ്ങയുടെ ഞെട്ട് ഭാഗം അല്പം നല്ലെണ്ണയിൽ മുക്കി വേണം ഇടാൻ.ഇങ്ങനെ ഓരോ മാങ്ങയും നല്ലെണ്ണയിൽ മുക്കി പാത്രത്തിലേക്ക് ഇടുക.ഇനി ഉപ്പിട്ട് തിളപ്പിച്ച വെള്ളം നന്നായി തണുത്തതിനുശേഷം ഈ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക.മാങ്ങ നന്നായി മുങ്ങിക്കിടക്കുന്ന പരുവത്തിൽ വെള്ളമൊഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ശേഷം അൽപം നല്ലെണ്ണ കൂടി ഒഴിച്ചു കൊടുക്കുക.ഒട്ടുംതന്നെ വായു കയറാത്ത രീതിയിൽ വേണം ജാർ അടച്ചു വെക്കാൻ.അതിനായി ആദ്യം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ജാറിന്‍റെ വായ്ഭാഗം ഒന്നു മൂടുക.എന്നിട്ട് വേണം ജാറിന്‍റെ മൂടി ഉപയോഗിച്ച് അടച്ചു വെക്കാൻ. ഇങ്ങനെ ഉപ്പുമാങ്ങ ഇട്ടു വെച്ചാൽ ഒട്ടുംതന്നെ കേടുകൂടാതെ ഒരു വർഷത്തോളം ഇരിക്കും യാതൊരു സംശയവും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *