നമ്മൾ മലയാളികളുടെ കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ചെറിയഉള്ളി.സാധാരണ ഉള്ളി കടകളിൽ നിന്നും വാങ്ങുകയാണ് പതിവ്. എന്നാൽ ഇനിമുതൽ ഉള്ളി നമുക്ക് വീട്ടിലും കൃഷി ചെയ്യാവുന്നതാണ്. ഉള്ളിയുടെ കൃഷി രീതിയും പരിചരണവും വിളവെടുപ്പും എങ്ങനെയാണെന്ന് നോക്കാം. നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന കേടുപാടുകളൊന്നുമില്ലാത്ത ആരോഗ്യമുള്ള ഉള്ളി നടാൻ വേണ്ടി ഉപയോഗിക്കാം.വേപ്പിൻപിണ്ണാക്ക് എല്ലുപൊടി സ്യൂഡോമോണസ് ചാണക പൊടി മിക്സ് ചെയ്ത് വേണം മണ്ണ് ഒരുക്കാൻ.മണ്ണ് ഗ്രോബാഗിൽ നിറക്കും മുൻപ് കുമ്മായം മിക്സ് ചെയ്ത് ഒരാഴ്ച വെക്കണം. ഉള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യമായത് പൊടിമണ്ണ് ആണ്.ഉള്ളിയുടെ അഗ്രഭാഗം വേണം മണ്ണിൽ കുത്തി നിർത്താൻ. ഒരു ദിവസം ഒരു പ്രാവശ്യം മാത്രം വെള്ളം നനച്ചു കൊടുത്താൽ മതി. മണ്ണിൽ ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കാൻ പാടില്ല.ഉള്ളി കിളിർത്തു ഒരു പത്ത് ദിവസം ആകുമ്പോൾ സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യണം.രോഗപ്രതിരോധശേഷി ഉണ്ടാവുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ചാണകപ്പൊടി കടലപ്പിണ്ണാക്ക് എല്ലുപൊടി ഇതാണ് നമ്മൾ ആദ്യം വളപ്രയോഗം ആയി ഉപയോഗിക്കേണ്ടത്. ഇത് പ്രയോഗിക്കുമ്പോൾ ഉള്ളിയുടെ ചുവട്ടിൽ ഇടാതെ അല്പം മാറ്റി വേണം ഇടാൻ.ഇനി മുപ്പത്തഞ്ച് ദിവസം കഴിയുമ്പോൾ അടുത്ത വളപ്രയോഗം ചെയ്യാവുന്നതാണ്. കടലപ്പിണ്ണാക്ക് വേപ്പിൻപിണ്ണാക്ക് ചാണകപ്പൊടി ഇതാണ് അടുത്ത വളത്തിനായി ഉപയോഗിക്കേണ്ടത്. അടുത്ത വളപ്രയോഗം അമ്പത്തഞ്ചാം ദിവസം ആണ് ചെയ്യേണ്ടത്.ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കുമാണ് വളമായി കൊടുക്കേണ്ടത്. ഇനിയുള്ള ഓരോ 15 ദിവസം കൂടുമ്പോഴും ഈ വളപ്രയോഗം ആവർത്തിക്കാവുന്നതാണ്. കീട ശല്യം ഇല്ലാതാക്കാൻ ബിവേരിയ തെളിച്ചു കൊടുക്കുന്നതും അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് നല്ലതാണ്.
ഉള്ളി തണ്ടുകകൾ വാടി നിൽക്കുകയാണെങ്കിൽ അതു വിളവെടുപ്പിന് പാകമായി എന്നറിയാൻ സാധിക്കും.അപ്പോൾ വിള വെടുക്കാവുന്നതാണ്.ഉള്ളി നമ്മുടെ വീട്ടിൽ ഇടയ്ക്കിടെ ഉപയോഗിക്കുന്ന സാധനം ആയതുകൊണ്ട് വീട്ടിൽ തന്നെ ഈ രീതിയിൽ കൃഷി ചെയ്താൽ ഒരുപാട് നാൾ ഉപയോഗിക്കാനുള്ളത് ലഭിക്കും കുറച്ചു അംഗങ്ങൾ മാത്രമുള്ള വീടാണെങ്കിൽ മാർക്കറ്റിൽ വിൽക്കുകയും ചെയ്യാം.വീട്ടിൽ കൃഷി ചെയ്തു വിളവെടുക്കുന്ന ഈ ഉള്ളിക്ക് ഒരുപാട് ഗുണങ്ങളുണ്ട്.