ചെറിയ കീടങ്ങൾ പച്ചക്കറികളെയും ചെടികളെയും നശിപ്പിക്കുന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ നമ്മുടെ ഏവരുടെയും വീട്ടിലുള്ള കഞ്ഞി വെള്ളം ഉപയോഗിച്ച് ഇവയുടെ ശല്യം ഒഴിവാക്കാവുന്ന ഒരു വിജയകരമായ പ്രയോഗമുണ്ട്. കീടങ്ങളെ ആകർഷിച്ച് പിടിക്കാനുള്ള കെണി. ചെടികളിൽ വരുന്ന ഉറുമ്പ്, കൊതുക്, വെള്ള ഈച്ച തുടങ്ങിയ പ്രാണികളുടെ ശല്യം ഒഴിവാക്കാൻ ഈ കെണി വളരെ നല്ലതാണ്. വളരെ സിംപിളായി ചെയ്യാവുന്ന ഈ കെണിയിലൂടെ ചെടികളിൽ വരുന്ന പ്രാണികളെ ആകർഷിച്ച് അതിലേക്ക് വീഴ്ത്താം.
അധികം ചിലവില്ലാതെ എല്ലാവർക്കു ചെയ്യാവുന്ന കെണിക്ക് ഒരു പ്ലാസ്റ്റിക്ക് ടിൻ, ചരട്, കഞ്ഞിവെള്ളം, കുറച്ച് ശർക്കര, പഴം, ബേക്കിംങ് സോഡ അല്ലെങ്കിൽ ബേക്കിംഗ് പൗഡർ എന്നിവ മാത്രം മതി. ഇത് തയ്യാറാക്കുന്നതിന് ആദ്യം പപ്പടക്കോൽ അല്ലെങ്കിൽ കമ്പി പഴുപ്പിച്ച് ടിന്നിൻ്റെ ഇരു വശങ്ങളിലും നടുവിലായി ദ്വാരമിടുക. ശേഷം അതിൻ്റെ അടപ്പിലായി ചരട് കേറ്റാൻ പാകത്തിന് മറ്റൊരു ദ്വാരമിടുക. അടപ്പിലെ ദ്വാരത്തിലേക്ക് ചരട് കേറ്റി ചരട് പുറത്തേക്ക് വരാത്ത വിധത്തിൽ 2-3 കെട്ട് ഇടുക. അതിന് ശേഷം കുറുകിയ കത്തിവെള്ളം കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഭാരം കൂടാതെയിരിക്കാൻ കുറച്ച് മാത്രം ഒഴിക്കാൻ ശ്രദ്ധിക്കുക. ഒരു നുള്ള് ബേക്കിംഗ് സോഡ അല്ലെങ്കിൽ ബേക്കിംഗ് പൊടി ഇടുക. ബേക്കിംഗ് സോഡ ഇല്ലാതെയും കെണി തയ്യാറാക്കാവുന്നതാണ്. ഇതിലേക്ക് കുറച്ച് ശർക്കര പൊടിച്ചതും പഴവും ഇടുക. ശേഷം ടിൻ അടച്ച് തോട്ടത്തിൽ കെട്ടിയിടുകയാണ് ചെയ്യുന്നത്. ഇത് കീടങ്ങളെ അകറ്റാൻ വലിയ തോതിൽ സഹായിക്കും. എല്ലാ ചെടികൾക്കും, പച്ചക്കറികൾക്കും ഈ കെണി വെക്കാം. കീടങ്ങളെ കൊല്ലാൻ വളരെ ലളിതമായ ചെയ്യാവുന്ന ഒന്നാണിത്. ഇതു പോലെ കത്തി വെള്ളം ഉപയോഗിച്ച് മറ്റ് പല ഉപയോഗങ്ങളുമുണ്ട്. കഞ്ഞി വെള്ളം നല്ല ഒരു ജൈവ വളമാണ്. കഞ്ഞി വെള്ളത്തിൽ ചാരം ചേർത്ത് തളിക്കുന്നത് കിടബാധ തടയാൻ സഹായിക്കും. കത്തി വെള്ളത്തിൽ ചാണകം കലക്കി ചുവട്ടിൽ ഒഴിക്കുന്നത് ചൂടുകാലത്ത് മണ്ണിൽ നനവ് നിലനിർത്താൻ സഹായിക്കും.