Women in Cinema Collective

പാർവ്വതിയിൽ നിന്നുമുണ്ടായ അപമാനം തുറന്ന് പറഞ്ഞ് വിധു വിൻസൻ്റ്.

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് വിധു വിൻസെന്റ് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടനയിൽ  നിന്നും  രാജിവെച്ചു. സിനിമാ രംഗത്തെ വനിതകളുടെ കൂട്ടായ്മയിൽ നിന്നും ദിവസങ്ങൾക്കു മുൻപാണ് സംവിധായിക വിധു വിൻസെന്റ് രാജി വെച്ചത്. ഫേസ്ബുക്കിലൂടെയാണ് തന്റെ ഡബ്ള്യു സി സി കൂട്ടായ്മയുമായിട്ടുള ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംവിധായിക പങ്കുവെച്ചത്.

രാഷ്ട്രിയവും വ്യക്തിപരവുമായ കാരണങ്ങളാലാണ്  സംഘടയോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതെന്നും മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിനുള്ള കരുത്ത് ഡബ്ള്യു സി സിക്കുണ്ടാകട്ടെ എന്നുമാണ് വിധു വിൻസെന്റ് പറഞ്ഞത്. ഇപ്പോൾ ഡബ്ള്യു സി സിയിൽ നിന്നും രാജിവെക്കാൻ ഇടയായ സാഹചര്യവും തന്റെ നീണ്ട രാജി കത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിധു വിശദമാക്കുന്നത്.  സ്റ്റാൻഡ് അപ്പ് എന്ന ചിത്രത്തിൻ്റെ നിർമാണം ബി. ഉണ്ണികൃഷ്ണൻ ഏറ്റെടുത്തതിൽ ഡബ്ള്യു സിസിയിൽ ചിലർക്ക് എതിർപ്പ് ഉണ്ടായെന്നും തുടർന്നുണ്ടായ ചില പ്രശ്നങ്ങളാണ് രാജിയിലേക്കു നയിച്ചതെന്നും വിധു പറയുന്നു .

ഡബ്ല്യൂസിസിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ സംവിധായക വിധു വിന്‍സെന്റിന്റെ തുറന്നു പറച്ചില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംഘടനയില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങളാണ് വിധു തുറന്നു പറഞ്ഞിരിക്കുന്നത്. നടി പാര്‍വതി, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ തുടങ്ങിയവരുടെ പേരുകള്‍ എടുത്തു പറഞ്ഞായിരുന്നു വിധുവിന്റെ വെളിപ്പെടുത്തല്‍.  നടി പാര്‍വതിയില്‍ നിന്നുമുണ്ടായ അനുഭവവും വ്യക്തമാക്കി.

വിധു സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തിനായി വിധു പാര്‍വതിയെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്. എന്നാല്‍ തന്റെ തിരക്കഥ നല്‍കി, ആറുമാസത്തോളം കാത്തിരുന്നിട്ടും പാര്‍വതിയില്‍ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെന്ന് വിധു പറയുന്നു. പാർവ്വതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കൂടി വലിയ ക്യാൻവാസിൽ ഈ സിനിമ നിർമ്മിക്കാം എന്ന് ചിലര്‍ അറിയിച്ചു.  ഇതേ തുടര്‍ന്ന് പാർവതിയ്ക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്തിരുന്നുവെന്ന് വിധു പറയുന്നു.

അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി ലഭിച്ചിരുന്നു. അതിൽ പ്രകാരം പാർവ്വതിയെ ഉയരെയുടെ സെറ്റിൽ പോയി കാണുകയും, സ്ക്രിപ്റ്റ് വായിച്ചിട്ട് മറുപടി അറിയിക്കാമെന്ന് പാർവതി പറഞ്ഞിരുന്നെങ്കിലും മറുപടി ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചു. ഒരു “നോ” പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല താൻ എന്ന് മനസിലാക്കിയപ്പോഴുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യെന്നും ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവൻ സംഭരിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ച് നിമിഷയേയും രജിഷയേയും സമീപിക്കുകയായിരുന്നു എന്ന് വിധു പറയുന്നു.

വിധു വിൻസെൻ്റിൻ്റെ കുറിപ്പ്:

സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങളും വിഷയങ്ങളുമൊക്കെ സംഘടനക്കുള്ളിലാണ് പറയേണ്ടതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അതു കൊണ്ട് തന്നെയാണ് WCC യുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ എനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും അത് സംഘടനക്കകത്തെ വിഷയം എന്ന നിലപാട് സ്വീകരിച്ചു കൊണ്ട് പൊതുവേദികളിലും മാധ്യമങ്ങളിലും സംഘടനയുടെ ശബ്ദമായി മാറിയത്. 

ആശയപരമായും പ്രവർത്തനപരമായും ചേർന്നു പോകാൻ കഴിയില്ല എന്നു തോന്നിയ സന്ദർഭങ്ങളിൽ പോലും വിശാലമായ ഒരു രാഷ്ട്രീയ അജണ്ടയുടെ അടിത്തറയിലാണ് ഞങ്ങൾ നില്ക്കുന്നതെന്ന വസ്തുതയാണ് മുന്നോട്ട് പോകാൻ എന്നെ സഹായിച്ചിരുന്നത്. സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടി കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഒരു താങ്ങായി നിന്ന കൊണ്ട് സ്ത്രീകൾക്ക് അന്തസ്സോടെ തൊഴിൽ ചെയ്യാൻ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു എൻ്റെ അറിവിൽ WCC യുടെ പ്രധാന താല്പര്യം. വിയോജിപ്പുകൾ ഉള്ളപ്പോഴും അത് പൊതുവിടത്തിൽ ചർച്ചക്ക് വക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും മേല്പറഞ്ഞ താല്പര്യത്തിന് അത് വിഘാതമായേക്കും എന്നോർത്തിട്ടാണ്.

പക്ഷേ പുതിയൊരു സാഹചര്യത്തിൽ ഞാൻ സംഘടനാ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു ശേഷവും അപവാദ പ്രചരണങ്ങൾ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ടും എന്നെ പരസ്യമായി വ്യക്തിഹത്യ നടത്താൻ ചിലർ മുതിർന്ന സാഹചര്യത്തിലാണ് ഞാൻ താഴെ കൊടുത്തിരിക്കുന്ന രാജിക്കത്ത് പരസ്യപ്പെടുത്താൻ തീരുമാനിച്ചത്. WCC യിലെ ചിലരെങ്കിലും നടത്തുന്ന ഈ നുണപ്രചരണങ്ങൾ കൂടുതൽ പേരെ ബാധിക്കാനിടയാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞതുകൊണ്ട് കൂടിയാണ് ഒരാഴ്ച മുമ്പ് WCC ക്ക് അയച്ച ഈ കത്ത് ഇവിടെ വെളിപ്പെടുത്തുന്നത്.

ഉയരെ എന്ന സിനിമയിൽ പാർവ്വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിൻ്റെ പേരിൽ WCC അംഗങ്ങൾക്കിടയിൽ ആശയകുഴപ്പമോ, അക്കാര്യത്തിൽ പാർവ്വതിയോട് WCC വിശദീകരണം ആവശ്യപ്പെട്ടുള്ള നടപടിയോ ഒന്നും തൻ്റെ അറിവിൽ ഇല്ലെന്നും വിധു വിശദീകരിച്ചു.  ദീദി ദാമോദരന്‍ തന്നോടുള്ള എതിര്‍പ്പ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിധു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *