നമ്മളിൽ പലരുടെയും വീട്ടിലെ ഒരു പ്രധാന പ്രശ്നമാണ് പാറ്റ ശല്ല്യം. ഏകദേശം 320 ദശലക്ഷം വർഷം മുമ്പ് മുതൽ തന്നെ പാറ്റകൾ ഭൂമിയിലുണ്ടെന്ന് കരുതപ്പെടുന്നു. ആഫ്രിക്കയിൽ നിന്നും കപ്പൽ മാർഗ്ഗമാണ് ഇവ ഇന്ത്യയിലെത്തിയത്. നമ്മുടെ അടുക്കളയിലും ഷെൽഫുകളിലുമൊക്കെയായി ഓടി നടക്കുന്ന ഇവയെ തുരത്താൻ പല വഴികളും നമ്മൾ പരീക്ഷിക്കാറുണ്ട്. ഇതിനെ ഇല്ലാതാക്കാൻ വളരെ പ്രയാസവുമാണ്. അതിനായി നിരവധി പേരാണ് സ്പ്രേയും ഗുളികകളും ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇത്തരം കീടനാശിനികൾ ഉപയോഗിച്ച് ഇതിനോടകം പാറ്റകൾ ഇതിനെ പ്രതിരോധിക്കാനുള്ള ശേഷി കൈവരിച്ച് കഴിഞ്ഞു എന്നും പറയപ്പെടുന്നു.
വീടിനുള്ളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി പാറ്റ ശല്യം ഒരു പരിധി വരെ നമുക്ക് അകറ്റാനാകും. വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് പാറ്റകളുടെ താവളം. പാറ്റങ്ങൾക്ക് വെള്ളമില്ലാതെ ജീവിക്കാനാവില്ല. ആഹാരമില്ലാതെ ഒരു മാസം വരെ ജീവിക്കാവുന്ന ഇവയ്ക്ക് വെള്ളമില്ലാതെ ഒരു ആഴ്ച്ച തികക്കാൻ പറ്റില്ല. അതിനാൽ തന്നെ പാറ്റകൾക്ക് വെള്ളം ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. പുറത്ത് നിന്ന് വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിക്കുന്നതും അത് ശ്വസിക്കുന്നതും നമ്മളെയും ബാധിക്കാം. ഇവയെ തുരത്താൻ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഒരു വിദ്യ ചെയ്യാം.
ഒരു ചെറിയ ബൗളിൽ ഒരു ടീ സ്പൂൺ പഞ്ചസാരയും ഒരു ടീ സ്പൂൺ ബേക്കിംഗ് സോഡയും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇവ രണ്ടും തുല്യ അളവിൽ തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ മിക്സ് പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ വിതറുകയാണ് ചെയ്യേണ്ടത്. പഞ്ചസാരയുടെ മണം പാറ്റകളെ ആകർഷിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ പാറ്റകൾ ഇത് കഴിക്കാനിടയാകും. തയ്യാറാക്കിയ ഈ മിശ്രിതത്തിലെ ബേക്കിംഗ് സോഡ പാറ്റയുടെ ഉള്ളിൽ ചെല്ലുകയും പിന്നീട് അവ വെള്ളം കുടിക്കുമ്പോൾ ബേക്കിംഗ് സോഡ വെള്ളവുമായി ചേർന്ന് റിയാക്റ്റ് ചെയ്യുന്നതിൻ്റെ ഫലമായി പാറ്റയുടെ വയർ പൊട്ടും. പാറ്റ കാണാനിടയുള്ള സ്ഥലങ്ങളിൽ വേണം ഇത് വിതറി കൊടുക്കാൻ. കുട്ടികളുള്ള വീട്ടിൽ ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഷെൽഫിനുള്ളിലും, അടുക്കളയിലെ സിങ്കിനടിയിലും മറ്റുമാണ് പാറ്റകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ. അവിടെ ഇത് വിതറി കൊടുത്താൽ 2-3 ദിവസങ്ങൾക്കുള്ളിൽ തന്നെ റിസൾട്ട് കാണാം. ഇങ്ങനെ പ്രകൃതിദത്തമായ രീതിയിൽ വളരെ എളുപ്പത്തിൽ പാറ്റ ശല്ല്യം ഒഴിവാക്കാം.