നയന്‍താരയുടെ ആത്മവിശ്വാസത്തെ പുകഴ്ത്തി മുകേഷ്, പങ്ക് വച്ച് നയന്‍സ്

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നയന്‍താരയും ഒന്നിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കി നടന്‍ മുകേഷ്. ഫ്‌ളവേഴ്‌സ് ചാനലിന്റെ റിയാലിറ്റി ഷോയ്ക്ക് ഇടയിലാണ് മുകേഷ് നയന്‍താരയുമൊത്തുള്ള സിനിമാ സെറ്റിലെ ഓര്‍മ്മകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആത്മവിശ്വാസത്തിലൂടെയാണ് നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയില്‍ എത്തിയതെന്നായിരുന്നു മുകേഷിന്റെ കമന്റ്.

ഫാസില്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറക്കിയ വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ വിശേഷങ്ങളാണ് മുകേഷ് പരിപാടിയില്‍ പങ്ക് വച്ചത്. മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ..

ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നയന്‍താര. മോഹന്‍ലാലും നയന്‍താരും താനും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് വിസ്മയ തുമ്പത്ത്. സിനിമയുടെ ചിത്രീകരണ വേളയില്‍ പലപ്പോഴും നയന്‍താര എപ്പോഴും മൂഡ് ഓഫ് ആയിരുന്നു. നൃത്തം ചെയ്യുമ്പോള്‍ ഉദ്ദേശിക്കുന്ന പോലെ വരുന്നില്ല എന്നതായിരുന്നു പ്രധാന വിഷമം. സിനിമയുടെ സംവിധായകനായ ഫാസില്‍ ഒരു പെര്‍ഫക്ഷനിസ്റ്റാണ്. ഒരു കാര്യം കിട്ടണമെന്ന് കരുതിയാല്‍ അത് തന്നെ കിട്ടണം. അത് കിട്ടുന്നവരെ താരങ്ങള്‍ക്ക് അത് പാച്ചിക്ക പറഞ്ഞ് കൊടുക്കും. നയന്‍താരയ്ക്ക് അത് ഒരു വിഷമമായി. അങ്ങനെ ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ നേരത്ത് നയന്‍താര എന്നോട് പറഞ്ഞു. ഇനി മിക്കവാറും എനിക്ക് ഒരു സിനിമ കിട്ടില്ല, പ്രയാസമായിരിക്കും. അങ്ങനെ പറയരുതെന്നും, ആരും അങ്ങനെ പറയാന്‍ പാടില്ലെന്നും ഞാന്‍ പറഞ്ഞു. നിന്റെ കണ്ണില്‍ ആത്മവിശ്വാസത്തിന്റെ ഒരു കണിക ഉണ്ടെന്നും അത് നിനക്കൊരു വഴി ഒരുക്കി തരുമെന്നും ഞാന്‍ പറഞ്ഞു. പിന്നെ നയന്‍താര ഒന്ന് രണ്ട് തമിഴ് ചിത്രങ്ങളിലൊക്കെ അഭിനയിച്ചു. ഞാന്‍ നയന്‍താരയെ നേരില്‍ കാണുന്ന സാഹചര്യം വന്നില്ല. അതിനിടെ ഒരു ഗള്‍ഫ് ഷോ വന്നു. അത് നടത്തുന്ന ആള്‍ക്ക് ആ ട്രൂപ്പില്‍ നയന്‍താര വേണമെന്ന് ഒരേ നിര്‍ബന്ധം. അയാള്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചെങ്കിലും നയന്‍താര സമ്മതിച്ചില്ല. അയാള്‍ എന്നെ നയന്‍താരെയെ ക്ഷണിക്കാന്‍ ഏല്‍പിച്ചു. ഞാന്‍ ഫോണില്‍ നയന്‍താരയെ വിളിച്ചു. നയന്‍താര അന്ന് എന്നോട് പറഞ്ഞത് ഗള്‍ഫ് ട്രിപ്പിലെ ലിസ്റ്റിലുള്ള മറ്റ് നടിമാര്‍ വലിയ നര്‍ത്തകരാണെന്നാണ്. ഞാന്‍ വന്നാല്‍ ഞാനും ഡാന്‍സ് ചെയ്യണം, ഇപ്പോള്‍ എനിക്കതിന് പറ്റുന്നില്ല. അന്ന് ഞാന്‍ നയന്‍താരയോട് പറഞ്ഞു, നിന്റെ ബുദ്ധിയാണ് ബുദ്ധി, അത് ഒരു ആക്ടറുടെ ബുദ്ധിയാണ്. നിനക്ക് ഒരു വലിയ ഭാവിയുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. ഇന്ന് ആ ആത്മവിശ്വാസം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി നയന്‍താര മാറി- മുകേഷ് പറയുന്നു.

ഈ വീഡിയോ നയന്‍താര സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തു.ഈ വാക്കുകള്‍ക്ക് നന്ദി. താങ്ങളെ പോലുള്ള ഒരു പ്രഗത്ഭന്‍ ഇത്തരം അഭിപ്രായം വ്യക്തമാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന ക്യാപ്ഷനോടെയാണ് നയന്‍താര ഈ വീഡിയോ ഷെയര്‍ ചെയ്തത്.

2003ല്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര സിനിമാ രംഗത്തേക്ക് വന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. മൂക്കുത്തി അമ്മന്‍, നെട്രികാന്‍, അണ്ണാത്തെ, നിഴല്‍, കാതുവാക്കുളെ രണ്ട് കഥൈ എന്നീ ചിത്രങ്ങളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ഇതില്‍ നിഴല്‍ മലയാള സിനിമയാണ്. അപ്പുഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍

 

Leave a Reply

Your email address will not be published. Required fields are marked *