മലയാളികളുടെ പ്രിയ വിഭവമാണ് കപ്പ.പൂള മരച്ചീനി കൊള്ളിക്കിഴങ്ങ് മരക്കിഴങ്ങ് എന്നിങ്ങനെ പല പ്രദേശങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്ന ഏറെ പോഷകഗുണങ്ങൾ അടങ്ങിയതാണ്. കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും ഓർത്താൽ തന്നെ വായിൽ വെള്ളമൂറും. അത്രയ്ക്ക് രുചിയാണ്.കപ്പ പുഴുങ്ങൽ മാത്രമല്ല കപ്പ കറിയും കപ്പ ബിരിയാണിയും എല്ലാം നമ്മൾ മലയാളികളുടെ പ്രിയ വിഭവമാണ്.കപ്പയുടെ വേരാണ് കിഴങ്ങായി ഉപയോഗിക്കുന്നത്.കപ്പ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായത് നീർവാർച്ചയുള്ള മണ്ണാണ്.കപ്പ തണ്ട് ചെറുതായി മുറിച്ചെടുത്ത് മണ്ണിൽ കൂനകൾ കൂട്ടി കുഴിച്ചിട്ടാണ് കപ്പ കൃഷി ചെയ്യുന്നത്.കുറഞ്ഞ കാലദൈർഘ്യം കൊണ്ടുതന്നെ കപ്പ വിളവെടുപ്പിന് പര്യാപ്തം ആവും.കാർബോഹൈഡ്രേറ്റ്സ് വൈറ്റമിൻസ് മിനറൽസ് എന്നിവയാൽ സമ്പുഷ്ടമായ കപ്പയിൽ കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ.കപ്പയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ശരീരം പുഷ്ടിപ്പെടുത്താൻ ഏറെ സഹായിക്കും.
കൂടാതെ കപ്പയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ഇത് ദഹനത്തിന് ഉത്തമമാണ്.മാത്രമല്ല ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും ഈ നാരുകൾ സഹായിക്കും.കപ്പയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.ഇത് മസിലുകളുടെ വളർച്ചയ്ക്ക് നല്ലതാണ്.വൈറ്റമിൻ കെ കാൽസ്യം അയൺ എന്നിവ ധാരാളമായി കപ്പയിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു.കപ്പ് നമ്മൾ സാധാരണ പച്ചക്ക് ആണ് കറി വയ്ക്കാനും മറ്റും ഉപയോഗിക്കുന്നത്.എന്നാൽ കപ്പ പുഴുങ്ങി ഉണക്കി എടുക്കാറുമുണ്ട്. ഇതും മാർക്കറ്റിൽ ലഭ്യമാണ്.ഉണക്കക്കപ്പ എന്നാണ് ഇതിനെ സാധാരണ നമ്മുടെ നാടുകളിലൊക്കെ വിളിക്കുന്നത്. ഇടുക്കി പോലുള്ള പ്രദേശങ്ങളിൽ വാട്ട് കപ്പ എന്നാണ് പറയുന്നത്. ഇതു നമുക്കു പുഴുങ്ങിയും അതുപോലെ കറിവെച്ചു ഒക്കെ കഴിക്കാവുന്നതാണ്.എങ്ങനെയാണ് ഈ വാട്ടുകപ്പ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചെറിയ കനത്തിൽ വട്ടത്തിൽ അരിഞ്ഞ കപ്പ നന്നായി കഴുകി വാരി എടുക്കണം. ശേഷം ഒരു വലിയ ചെമ്പ് അടുപ്പത്തുവെച്ച് വെള്ളം തിളപ്പിക്കുക.വെള്ളം തിളച്ച് വരുമ്പോൾ കഴുകി വാരി വെച്ചിരിക്കുന്ന കപ്പ് അതിലേക്കിടുക. കുറച്ചുകഴിയുമ്പോൾ കപ്പ നന്നായി ഇളക്കി കൊടുക്കുക.ഇല്ലെങ്കിൽ അടിയിൽ കിടക്കുന്ന കപ്പ മാത്രമെ വെന്ത് വരു. മുകളിൽ കിടക്കുന്ന കപ്പ വേകില്ല. ഇതിനാണ് ഇളക്കി കൊടുക്കുന്നത്.കപ്പ വെന്തതിനു ശേഷം ഇത് കോരി ഒരു കുട്ടയിൽ ഇടുക.വെള്ളം ഊറി പോകുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.ഇനി ഇത് വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം.ഇങ്ങനെയാണ് വാട്ടു കപ്പ അല്ലെങ്കിൽ ഉണക്ക കപ്പ തയ്യാറാക്കി എടുക്കുന്നത്.